Saturday, May 28, 2016

കേരളത്തിലെ മ്യൂസിയങ്ങൾ

പുതിയ സർക്കാരിന് എന്തൊക്കെ ചെയ്യാം.
ഭാഗം രണ്ടു.

 കേരളത്തിൽ എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെ എല്ലാം ഒരു മ്യൂസിയം കാണും. എന്റെ നാടിനു തൊട്ടടുത്തു മണ്ണാടിയിലും ഒരു വേലിതമ്പി ദളവ മ്യൂസിയം ഉണ്ട്. കഴിഞ്ഞ രണ്ടു മൂന്ന് വര്ഷം ആയി എല്ലാ ജില്ല ആസ്ഥാനത്തും മ്യൂസിയം ഉണ്ടടക്കുവാനായി കോടി കണക്കിന് നികുതി പണം ചിലവാക്കി. എങ്ങനെ സ്ഥാപങ്ങൾ ഉണ്ടാക്കരുത് എന്നതിന്റെ കേസ് സ്റ്റഡി ആണ് കേരളത്തിൽ ഇന്നുള്ള നാല്പത്തിൽ അധികം വരുന്ന ആരും കയറാത്ത കാണാത്ത ഈ കെട്ടു കാഴ്ചകൾ. ജില്ല മ്യൂസിയങ്ങൾക്കായി 14 കോടി രൂപ യായിരുന്നു നേരത്തെ വകായിരുത്തിയതു. ഖജനാവിൽ കാശു കുറഞ്ഞേപ്പോൾ അത് 7 കോടി രൂപയാക്കി.
എന്താണ് പ്രശ്നം? കേരളത്തിൽ മനം മര്യാദക്ക് ഉണ്ടാക്കിയ ഒരേ ഒരു മ്യൂസിയം പണ്ട് സായിപ്പു ഉണ്ടാക്കിയ തിരുവനന്തപുരം നേപ്പിയർ മ്യൂസിയം ആണ്. അത് സ്ഥിതി ചെയ്യുന്ന മനോഹര കെട്ടിടാമോ മ്യൂസിയമോ ഇപ്പോൾ അങ്ങനെയും ഇങ്ങനേയും ഒക്കെ ഒരു അഴ കോഴമ്പൻ മട്ടിൽ നടത്തി കൊണ്ടുപോകുന്നു എന്ന് മാത്രം. ഇത് അല്ലാതെ തിരുവനന്തപുരം നഗരത്തിൽ മാത്രം വേറെ ഒരു അഞ്ചു മ്യൂസിയം എങ്കിൽ ഉണ്ട്. 

പ്രധാന പ്രശ്നം ഒരു ഫീസിബിലിറ്റി സ്റ്റഡി പോലും നടത്താതെ അപ്പോൾ മന്ത്രിക്കോ വേറെ ഏതെങ്കിലും തൽപ്പര കക്ഷികൾക്കോ ഉദ്യോഗസ്ഥൻ മാർക്കോ തോന്നിയ പോലെ തോന്നിയടത്തു ഒരു മ്യൂസിയം തട്ടി കൂട്ടി ഉൽഘാടന മഹാമഹം നടത്തും. സ്ഥലം എം.ൽ.എ സ്വായം ഒരു ഫ്ളക്സ് ബോർഡ് വച്ച് വേറെ വല്ല പോക്കറ്റ് സംഘട്ടനെയും കൊണ്ട് അങ്ങേരെ അഭിനന്ദിക്കും. പിന്നെ മ്യൂസിയതിനാടുത്തു വീടുള്ള ഏതെങ്കിലും സർക്കാർ സർവീസിൽ പിടി പാടുള്ള യു.ഡി ക്ലാർക്കോ അത് പോലെ ആരെയെങ്കിലും ആരെയെങ്കിലും അതിന്റെ ഓഫീസർ ഇൻ ചാർജായി നിയമിക്കും. അതോടെ കാര്യങ്ങൾ ശുഭം. പിന്നെ ഭരിക്കുന്ന പാർട്ടിയുടേയോ എം.ൽ.എ യുടെയോ സില്ബന്ധികളെ ഡെയിലി വേജസ്സിന് കോൺട്രാക്ട് പണിക്കാരയി നിയമിക്കും. കാര്യം അതോടെ വീണ്ടും ശുഭം. 

പല മ്യൂസിയത്തിലെ രാവിലെ ചെന്നാൽ അവിടെ ഒരു ഉദ്യോഗസ്ഥരും കാണില്ല. ഉച്ചക്ക് അബദ്ധ വശാൽ ചെന്നാൽ കൂർക്കം വലിയല്ലാതെ ഒരു ശബ്ദവും ഉണ്ടാകില്ല. വാവിനും സംക്രാന്തിക്കും ഏതേലും സ്‌കൂളിൽ നിന്ന് കുട്ടികൾ വന്നാൽ ഭാഗ്യം. ഇവിടെ ഉള്ള പ്രധാന പ്രശ്നം ഓരോ മ്യൂസിയത്തിലും ഉള്ള മാന്യ ജോലിക്കാർക്ക് മ്യൂസിയോളജി എന്നാൽ ചുക്കോ ചുണ്ണാമ്പോ എന്നാണ് അറിയില്ല. നമ്മുടെ നാട്ടിൽ മലയാളം അധ്യാപകർക്ക് ചരിത്രകാരൻ മാരായി വിലസാമെങ്കിൽ ഇവിടെ എം.എ ചരിത്രം പഠിച്ചവർക്ക് എന്ത്കൊണ്ട് കൺസർവേഷൻ സ്പെഷ്യല്സ്റ്റും ആർക്കിയലോജിസ്റ്റും മ്യൂസിയോലോജിസ്റ്റും ഒക്കെയായി അഭിനയിച്ചു കൂടാ.
' അഞ്ജനെമെന്നാൽ എനിക്കറിയാം മഞ്ഞള് പോലെ വെളുത്തിരിക്കും ' എന്ന രീതിയിൽ ആണ് കേരളത്തിലെ പല 'വിദഗ്ധ ശിരോമണികലൂടേയും' അവസ്‌ഥ. എങ്ങനെ എങ്കിലും ഒരു മ്യൂസിയം തട്ടി കൂട്ടി വേണ്ടപ്പെട്ടവരെ നിയമിച്ചാൽ മന്ത്രിയുടെയും അതിനു താഴെയുള്ള ഉദ്യോഗസ്ഥ തന്ത്രിയുടെയും താല്പര്യം പമ്പ കടക്കും. പിന്നെ ഈ മുസ്യങ്ങൾ വെറുതെ പൊടി പിടിച്ചു നശിച്ചു പോകും. 

ആദ്യത്തെ പ്രശനം ഈ മ്യൂസിയങ്ങൾ എല്ലാ വിവിധ വകുപ്പുകളുടെ കീഴിൽ ആണ്. രണ്ടാമത്തെ പ്രശനം ഇവിടെ എല്ലാം പ്രദർശിപ്പിക്കാനുള്ള ചരിത്ര പുരാവസ്തു ശേഖരങ്ങൾ ഇല്ല. മൂന്നാമത്തെ പ്രശ്നം ഈ സ്ഥാപങ്ങൾ നടത്തി കൊണ്ട് പോകുന്നവർക്ക് ചരിത്ര- പൈതൃകത്തിലോ നരവംശ ശാസ്ത്രത്തിലോ പുരാവസ്തു ഗവേഷനത്തിലോ മുസ്‌യോലോജിയിലോ പരിചയമോ, താൽപര്യമോ ഇല്ല. നാലാമത്തെ പ്രശ്നം തട്ടികൂട്ടാൻ സർക്കർ പൈസ ചെലവഴിക്കുമെങ്കിലും ഈ സ്ഥാപനങ്ങൾ നടത്തിക്കൊണ്ടു പോകുവാൻ പൈസ ഇല്ല. പിന്നെ മിക്ക മ്യൂസിയങ്ങളെ കുറിച്ചും നാട്ടുളർക്കും വരുന്നവർക്കും അറിയില്ല. ഏറ്റവും പ്രധാനമായത് ഇങ്ങനെ ആരാലും ശ്രദ്ദിക്ക പെടാതെ കിടക്കുന്ന സ്ഥാപങ്ങൾക്കു പുബ്ലിക് അകകൗണ്ടബിലിറ്റി വട്ട പൂജ്യമാണു.
എങ്ങനെ നന്നാക്കാം.
1) ആദ്യം കേരളത്തിലെ മ്യൂസിയങ്ങളുടെ ഒരു വിശദ ഡയറക്ടറി ഉണ്ടാക്കുക.
2) കേരള സാംസ്ക്കാരിക വകുപ്പും, ട്യൂറിസം വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്നൊരു ഏകോപന സംവിധാനം ഉണ്ടാക്കുക.
3) കേരളത്തിലെ മ്യൂസിയങ്ങളെ കുറിച്ച് ഒരു വിശദ അസ്സസ്മെന്റു നടത്തി കൂടുതൽ കാര്യക്ഷമമാക്കൻ ഡൽഹിയിലെ നാഷണൽ മ്യൂസിയത്തിലെ വിദഗ്ധ സമിതിയെ ഏർപ്പെടുത്തി മൂന്നു മാസങ്ങൾക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുവാൻ മുഖ്യ മന്ത്രി ആവശ്യപ്പെടുക.
4) കാര്യങ്ങൾ വിശദമായി പഠിച്ച ശേഷം കഴിയും എങ്കിൽ ഒരു മ്യൂസിങ്ങളെ എല്ലാം കൂടി ഒരു പ്രത്യേക വകുപ്പിൽ കൊണ്ട് വരിക.
5) അതിലേക്കുള്ള നിയമങ്ങൾ പി.എസ്.സി മിഖേന മ്യൂസിയലോജിയിലോ ആർക്കിയലോജിയിലോ പ്രൊഫഷണൽ പരിശീലനം ഉള്ളവരെ മാത്രം നിയമിക്കുക.
6) എല്ലാ മ്യൂസിയത്തിനും ഒരു വാർഷിക മാർക്കറ്റിങ് പ്ലാനും പെർഫോമൻസ് പ്ലാനും നിർബന്ധമാക്കുക.
7) ആള് കയറാത്ത ,മാറാൻ കഴിവില്ലാത്ത മ്യൂസിയങ്ങൾ അടക്കുകയോ അല്ലെങ്കിൽ മറ്റു മ്യൂസിയങ്ങളും ആയി കൂട്ടി ചേർക്കുക.

സർക്കാർ ഗവേഷണ നിഷ്ഫല സംരംഭങ്ങൾ

പുതിയ സർക്കാരിന് ചെയ്യാവുന്ന നല്ല കാര്യങ്ങൾ. 

ഭാഗം ഒന്ന്. 

ഇന്നത്തെ ചർച്ച സർക്കാർ ഗവേഷണ സ്ഥാപനങ്ങളെ കുറിച്ചാണ്. കേരളത്തിൽ പല രൂപത്തിലും പത്തു നാൽപ്പതു ഗവേഷണ പരിശീലന സ്ഥാപങ്ങൾ കേരള സർക്കാർ നമ്മുടെ നികുതി പണം ഉപയോഗിച്ച് ചിലവിനു കൊടുത്തു നടത്തി പോകുന്നുണ്ട്. ഇവയിൽ ഒന്നോ രണ്ടോ ഒഴിച്ച് മറ്റുള്ളവയെല്ലാം എന്തെങ്കിലും ഗവേഷണമോ പരിശീലനമോ ഒന്ന് ചെയ്യാതെ വെറുതെ ഖജനാവ് മുടിച്ചു ആർക്കാനും വേണ്ടി ഒക്കാനിച്ചു വെറുതെ ശമ്പളം കൊടുത്തു ജീവിക്കുന്ന നിഷ്ഫല സംരംഭങ്ങൾ ആണ്.
എന്താണ് പ്രശ്നം? അതാതു കാലത്തേ സർക്കാരിൽ ഉള്ളവരുടെയോ സർക്കാരിന്റെ കൂടെയുള്ളവരോടെയോ ശ്രമ ഫലമായി 5 തൊട്ട് 10 കോടി അടങ്കൾ തുകയിൽ ഓരോ വകുപ്പിന്റെ കീഴിലും ഒന്നോ രണ്ടോ ഗവേഷണ പരിശീലന കേന്ദ്രങ്ങൾ തുടങ്ങും. ചിലതു ആദ്യത്തെ രണ്ടു കൊല്ലം എന്തെങ്കിലും സെമിനാറും മറ്റു ചെപ്പടി വിദ്യ ഒക്കെ കാണിച്ചു വകുപ്പ് മന്ത്രിയെയും പത്രക്കാരെയും ഒക്കെ സുഖിപ്പിച്ചി സുഖമായി കഴിഞ്ഞു കൂടും. ഗവേഷണം ചെയ്യാൻ കഴിവുള്ളവരോ അതിനുള്ള ഫണ്ടോ ഇങ്ങയുള്ള സ്ഥാപങ്ങൾക്കു ഇല്ല. ഇതിൽ ഒട്ടുമിക്ക സ്ഥാപങ്ങളും മന്ത്രിയുടെയോ പാർട്ടിയുടേയോ സിൽബന്ധികളെ കൊണ്ട് നിറയ്ക്കും. മിക്കവാറും സർക്കാർ സർവീസിൽ നിന്ന് പെൻഷൻ പറ്റിയവരോ അല്ലെങ്കിൽ അട്ടിത്തൂൺ പറ്റിയ കോളജ് അധ്യാപകരോ ഒക്കെ ഈ സ്ഥാപങ്ങളെ അവരുടെ പോസ്റ്റ്- റിട്ടയർമെന്റ് സുഖ വാസ കേന്ദ്രങ്ങൾ ആക്കിയിരിക്കുക ആണ്. അവയിൽ പലതിൽ നിന്നും വരുന്ന ഗവേഷണം വട്ട പൂജ്യമാണു. സർക്കാർ ഏതാണ്ട് 70 കോടിയോളം രൂപ ഇങ്ങനെയുള്ള കലാ പരിപാടികൾക്ക് പ്രതി വര്ഷം പല തരത്തിൽ ചിലവാക്കുന്നുണ്ടെന്നു വേണം കരുതുവാൻ.
ഒരു ഉദാഹരണം. കേരളത്തിൽ സെന്റർ ഫോർ പാർലമെൻററി സ്റ്റഡീസ് എന്ന ഒരു സർക്കാർ ഏർപ്പാടുണ്ട്. കഴിഞ്ഞ വര്ഷം ഞാൻ കേരളത്തിലെ അസെംബ്ലിയുടെ പ്രവർത്തങ്ങൾ വിലയിരുത്തുവാൻ ഒരു ചെറിയ പഠനം നടത്തി. അസംബ്ലി ലൈബ്രറിയിൽ നിന്നും സ്പീക്കറുടെ ഓഫീസിൽ നിന്നും എം.ൽ.എ മാരിൽ നിന്നും വിവരങ്ങൾ ശേഖരിച്ച കൂട്ടത്തിൽ ആണ് ഇങ്ങനെ ഒരു ഗവേഷണ സ്ഥാപനം ഉണ്ടെന്നു അറിയുന്നത്. അതിനു ഒരു വെബ് സൈറ്റ് പോലും ഇല്ല. പക്ഷെ ഡിറക്ടറും കാറും സന്നാഹങ്ങൾ എല്ലാംമുണ്ട്. പണി പൂജ്യമാണു. അവർ പ്രസിദ്ധീകരിച്ച ഒരു 'ജേണൽ' അതി വിചിത്രം. അതിൽ ഒരൊറ്റ ലേഖനം കേരള അസ്സെംബ്ലിയുടെ പ്രവർത്തനത്തെ കുറിച്ചില്ല. പക്ഷെ തെങ്ങു കൃഷിയെകുറിച്ചും കുടുംബശ്രീയെ പറ്റിയും കൈത ചക്ക കൃഷിയെ കുറിച്ചും ഉണ്ട്. കാരണം ഡിറക്ടർക്കു പാർലിമെന്ററി ഗവേഷണത്തിൽ യാതൊരു വിവരവും ഇല്ല. ഭരിച്ചിരുന്ന പാർട്ടിയുടെ കോളേജ് അധ്യാപക സംഘടനയുടെ ഭാരവാഹി എന്നതായിരുന്നു യോഗ്യത. പാർലമെന്ററി ഗവേഷണം ഇല്ലാത്തതിനാൽ അയാളുടെ പരിചയാക്കാരായ മറ്റു കോളേജ് അദ്ധ്യാപകരുടെ കുറെ ലേഖനം ഒക്കെ അച്ചടിച്ചു കഴിഞ്ഞു കൂടി. ഇത് ഒരു സാമ്പിൾ മാത്രമാണ്.
ഈ സ്ഥാപനങ്ങൾ നിലനിൽക്കുന്നത് തന്നെ രാഷ്ട്രീയ പാർട്ടികളുടെ ശിങ്കിടികളെയും വകുപ്പ് മന്ത്രിമാരുടെ സിൽബന്ധികളെയും തിരുകി കയറ്റി നമ്മുടേ കാശു മുടിക്കാനാണ്.
സാമാന്യം നല്ലതു പോലെ നാലഞ്ചു സ്ഥാപങ്ങൾ ഉണ്ട്. പക്ഷെ അവ പോലും മീഡിയോക്കർ നിലവരത്തിന് അപ്പുറം പോകുമൊന്നു സംശയം ആണ്. കേരളത്തിൽ നിന്ന് ലോക നിലവാരത്തിൽ ഉയരാൻ പൊട്ടൻഷ്യൽ ഉള്ള ഒരു സ്ഥാപനം ആണ് സി.ഡി.ഇറ്റ് ( CDIT). വലിയ സാധ്യതകൾ ഉള്ള ആ സ്ഥാപനത്തിന് നേരെ ചൊവ്വേ ഒരു ഗവേണിങ് ബോർഡു പോലുമില്ല. അവിടെയുണ്ടായിരുന്ന പല നല്ല പ്രൊഫഷണൽ ജീവനക്കാർ സ്ഥലം വിട്ട്. ഇപ്പോൾ അത് തിരുവന്തപുരത് സർക്കാർ കരാർ പണി ഏറ്റെടുത്തു നടത്തുന്ന ഒരു ചിന്ന സ്ഥാപനം എന്നതിൽ കവിഞ്ഞ പ്രസക്തി ഒന്നും ഇല്ല. ഇനിയും ഇത് പോലെ ഒരു പാട് കഥയുണ്ട്. കേരള ആർക്കിയലോജി വകുപ്പിൽ മഷിയിട്ടു നോക്കിയാൽ ഒരു നല്ല പ്രൊഫഷണൽ ആർക്കിയലോജിസ്റ്റിനെ കിട്ടില്ല. അവർ ഏതാണ്ട് ഒക്കെ കാട്ടി കൂട്ടി ശമ്പളം വാങ്ങി കഴിഞ്ഞു പോകുന്നു. അങ്ങനെ നമ്മുടെ നികുതി പണം തിന്നു മുടിച്ചു കഴിയുന്ന സ്ഥാപങ്ങൾ കുറെ ഏറെ ഉണ്ട് ഈ നാട്ടിൽ.ഇതെല്ലാം എഴുത്തണമെങ്കിൽ ഒരു രണ്ടു പുസ്തകം എഴുതണം.
എന്റെ നിർദേശങ്ങൾ.
1) ഈ സ്ഥാപനങ്ങളെ വിലയിരുത്തി അവയുടെ പ്രസക്തി പഠിക്കുവാൻ ദേശീയ അന്തർ ദേശീയ രംഗത്തെ പ്രഗത്ഭർ ആയ ഒരു സമിതിയെ നിയമിച്ചു വിശദമായ ഒരു വിലയിരുത്തൽ നടത്തുക.
2) ആവശ്യം അല്ലാത്തവ അടക്കുക.
3) ചില സ്ഥാപങ്ങൾ കൂട്ടി യോജിപ്പിക്കുക.
5) പ്രൊഫഷണൽ സ്ഥാപങ്ങളിൽ അതാതു രംഗങ്ങളിൽ പ്രാഗൽഭ്യം ഉള്ള വിദഗ്ദ്ധരെ അഡ്വേർട്ടീസ് ചെയ്തു ദേശീയ തലത്തിൽ ഉള്ള എക്‌സ്‌പേർട് സെലക്ഷൻ കമ്മറ്റി വഴി തിരഞ്ഞെടുക്കുക. വെറും പാർട്ടി സിൽബന്ധികളെ തിരുകി കയറ്റാതിരിക്കുക.
6) എല്ലാ ഗവേഷണ സ്ഥാപങ്ങൾക്കും പെർഫോമൻസ് ഇൻഡക്സ് നിർബന്ധമാക്കുക. പെർഫോം ചെയ്യാത്ത ഡയരക്ടറെ തൽ സ്ഥാനം ഒഴിയാനുള്ള വകുപ്പ് അപ്പോയിന്റിമെന്റ് കോൺട്രാക്ടിൽ ഉൾപ്പെടുത്തുക
7). ഈ സ്ഥാപനങ്ങൾ വർഷവും അക്കറെഡിറ്ഷൻ നടത്താൻ ഉന്നത വിദ്യഭ്യാസ കൗൺസിലിൽ ഒരു അക്രെഡിഷൻ വിഭാഗം ഉണ്ടാക്കുക.
8)ഈ സ്ഥാപങ്ങൾ ഇന്ത്യ സർക്കാരിൽ നിന്നും മറ്റു സ്രോതസ്സിൽ നിന്നും ഫണ്ട് റൈസ് ചെയ്യാൻ ഉള്ള വ്യവസ്ഥ ഉണ്ടാക്കുക. 

കേരളത്തിലെ വായന ശാലകൾ മരിച്ചു കൊണ്ടിരിക്കുന്നു

ഇന്നത്തെ ചിന്താ വിഷയം കേരളത്തിലെ വായന ശാലകൾ എന്നതിനെ കുറിച്ചാണ്. കേരളത്തെ ഒരു ആധുനിക രാഷ്‌ടീയ-സാംസ്കാരിക സമൂഹമാക്കുന്നതിൽ ഏറ്റവും വലിയ പങ്കു വഹിച്ചത് വായനശാല എന്ന പൊതു സാമൂഹിക സാംസ്കാരിക ഇടങ്ങളാണ്. നമ്മൾ ഇന്ന് കാണുന്ന കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക ഭരണ പ്രക്രിയ വളർച്ച വികാസങ്ങളുടെ തുടക്കം 1950 കൾ തൊട്ടു 1970കളുടെ അവസാനം വരെ രൂപപെട്ടുവന്ന ഒരു സാംസ്കാരിക-സാമൂഹിക ചുറ്റുപാട് ആണ്. ഇന്ന് കേരളത്തിൽ കാണുന്ന പല സ്ഥാപനങ്ങളും രാഷ്ട്രീയ നേതാക്കളും എഴുത്തുകാരും സിനിമാക്കാരും ഒക്കെ വളർന്നു വന്നത് 1960കൾ മുതൽ 1985 വരെയുള്ള കാലയളവിൽ ആണ്. ഇവരിൽ ഭൂരിഭാഗം ആൾക്കാരെയും ഒരു നാട്ടു വായന ശാല ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ സ്വാധീനിച്ചുണ്ടാകും.
എന്റെ ഗ്രാമത്തിലും ഉണ്ടായിരുന്നു ഒരു സജീവമായ വായനശാല: സത്യവാൻ സ്മാരക വായനശാല. 1946 ഇൽ വായന ശാല സ്ഥാപിച്ചത് അന്ന് നാട്ടിലുണ്ടായിരുന്ന പ്രബുദ്ധരായ ചെറുപ്പക്കാർ ആണ്. ഞങ്ങളുടെ നാട്ടിലുണ്ടായിരുന്ന ഏറ്റവും വലിയ പോലീസ് ഉദ്യോഗസ്ഥനും വേണു നഗവള്ളിയുടെ അപ്പൂപ്പനും ഒക്കെ ആയിരുന്ന ഗോപാല പിള്ള സത്യവാൻ ആയതിന്റെ ഓർമ്മക്കായി ആണ് സത്യവാൻ സ്മാരക വായന ശാല ഉണ്ടാകുന്നത്. ഞാൻ നാലാം കളാസ്സിൽ പഠിക്കുമ്പോൾ വീടിനു അടുത്തുള്ള വായന ശാലയിൽ വെറുതെ നാട്ടിൽ കറങ്ങി തിരിഞ്ഞു നടന്ന കാലത്തു വെറുതെ ഒന്ന് കയറി. കയറിയപ്പോൾ ഒരു നാല് പത്രങ്ങൾ അവിടെ കിടക്കുന്നത് കണ്ടു. മനോരമ, മാതൃഭൂമി, കൗമുദി, പിന്നെ ജനയുഗം. പത്ര വായന നാലു വയസ്സുള്ളപ്പോൾ മുതൽ എന്റെ അമ്മയുടെ അപ്പച്ചൻ എന്ന പരിശീലിപ്പിച്ചതിനാൽ രാവിലത്തെ കാപ്പിയെക്കാൾ ജോറായ കാര്യമായി. മനോരമയും, ബാലരമായും, ബോബനും മോളിയും പിന്നെ ഭാഷ പോഷിണിയുടെ അവിടെം ഇവിടെം ഒക്കെ വായിച്ചു എന്റെ അമ്മ വീടായ ഇലവുംതിട്ട ഗ്രാമത്തിൽ സുഖമായി കഴിയുമ്പോൾ ആണ് സ്ഥാന ചലനം സംഭവിച്ചത്.
അപ്പന്റെ നാടായ അടൂരിനടുത്തുള്ള തുവയൂരിൽ ഒരു പുതിയ ടെറസ്സ് വീടൊക്കെ അപ്പൻ തയ്യാറാക്കിയപ്പോൾ അമ്മ വീട്ടിലെ പൊറുതി ഒക്കെ അവസാനിച്ചു ട്രാൻസ്‌പോർട്ട് വണ്ടിയിൽ പന്തളം അടൂർ വഴി പുതിയ നാട് പിടിച്ചു. അപ്പനും അമ്മയ്ക്കും സർക്കാർ ജോലി ആയിരുന്നതിനാൽ ഞാൻ സ്വതന്ത്രമായി ആരും ചോദിക്കാനും പറയാനുമില്ലാതെ തോന്നിയ പോലെ കറങ്ങി തിരിഞ്ഞു സ്‌കൂളിൽ ഒക്കെ പോയി ജാതി മത ഭേദമെന്യേ നാട്ടിലെ കുട്ടികളുമായി തോട്ടിൽ മീൻ പിടിച്ചും നാട്ടു മാവിൽ കയറി പഴുത്ത മാങ്ങാ തിന്നും, പറങ്കി അണ്ടി ചുട്ടു തിന്നും വട്ടു കളിച്ചും കുറ്റീം കോന്തുമൊക്കെ കളിച്ചു നാട്ടിൽ കറങ്ങി വായിനോക്കി നടക്കുന്ന കാലത്താണ് വായന ശാലയിലും കയറി ഒരു കൈ നോക്കമെന്നു തോന്നിയത്. അതിന്റർ പ്രധാന കാരണം എന്റെ അപ്പന്റെ വീട്ടിൽ അവരു ഒരുപാട് കൃഷി ഒക്കെ ചെയ്യുന്നതിനാൽ വായനക്ക് സമയമില്ല. കാശു ലാഭിക്കാൻ പത്രവും ഇല്ല വീട്ടിൽ. അവിടെ വായിക്കുന്ന ഒരു പുസ്തകം വേദ പുസ്തകം മാത്രം. പിന്നെ ക്രിസ്തീയ ഗീതാവലിയും മാരാമൺ കൺവെൻഷൻ ഗാനങ്ങളും. എനിക്കാണെകിൽ മനോരമേം, ബോബനും മോളിയും ബാലരാമയുമൊന്നു മില്ലാതെ ജീവിതം ബോറടിക്കുവാൻ തുടങ്ങി. അങ്ങനെയാണ് ഞാൻ അടിയന്തരാവസ്ഥക്ക് മുമ്പേ ഞങ്ങളുടെ വായന ശാലയിൽ കയറി ഇറങ്ങാൻ തുടങ്ങിയത് .
അവിടെ എല്ലാ ദിവസവും രാവിലെ സ്‌കൂളിൽ പോകുന്നതിനു മുമ്പേ നാല് പത്രം വായിച്ചു. പയ്യനായ ഞാൻ വായന ശാലയിൽ വരുന്ന കോളജിൽ ഒക്കെ പഠിക്കുന്ന ചേട്ടന്മാരുമായി കൂട്ടായി പിന്നെ പത്രവാർത്തകളും പുസ്തകങ്ങളും വായിച്ചു. അവിടുത്തെ ലൈബ്രേറിയൻ ങ്ങളുടെ നാട്ടിൽ ഉള്ള ഉണ്ണി ആയിരുന്നു. ഉണ്ണി പിന്നെ വേദപുസ്തകം ഒക്കെ വായിച്ചു ഒരു പാസ്റ്റർ ആയി പരിണമിച്ചു. വളരെ നാള് കഴിഞ്ഞാണ് ഉണ്ണി ദളിത് വിഭാഗത്തിൽ നിന്നആണെന്ന് അറിഞ്ഞത്. കാരണം അന്ന് ആരും ജാതി ചോദിച്ചില്ല പറഞ്ഞില്ല.
എല്ലാവര്ക്കും കൂടെയുള്ള ഒരു പൊതു ഇടമായിരുന്നു വായന ശാല. അവിടുത്തെ കൊച്ചു വർത്തമങ്ങളിൽ കൂടെയാണ് ഞാൻ രാഷ്ട്രീയത്തിന്റെയും സമൂഹത്തിന്റെയും സാഹിത്യത്തിന്റെയും ബാല പാഠങ്ങൾ പഠിച്ചത്. ആറാം കളാസ്സിൽ പഠിക്കുമ്പോൾ മാതൃഭൂമി പത്രത്തിൽ പത്രാധിപർക്ക് ജെ.എസ്. തുവയൂർ എന്ന പേരിൽ ആദ്യമായി കത്ത് എഴുതി ഞാൻ ഒരു സാമൂഹിക പ്രവർത്തനം നടത്തി. കത്ത് പ്രസിദ്ധികരിച്ചതോടെ എല്ലാവരും എന്നെ കാര്യമായി പരിഗണിക്കുവാൻ തുടങ്ങി. അങ്ങനെ ഒക്കെയാണ് ഞാൻ അടിയന്തരാവസ്ഥ അറബി കടലിൽ എന്ന് ഞങ്ങളുടെ റോഡാരികിലുള്ള കൈയാലായിൽ ചുവരെഴുതി രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയതും എഴുപത്തി ഏഴിലെ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥിക്ക് വേണ്ടി നാട് നെടുകെ പ്രസംഗിച്ചു തുടങ്ങിയതും. ആ തിരഞ്ഞെടുപ്പിൽ ഞങ്ങളുടെഎതിർ സ്ഥാനാർഥി തെന്നല ബാല കൃഷ്ണ പിള്ള ജയിച്ചെങ്കിലും തിരഞ്ഞെടുപ്പ് ഒരു ഹരമായി തുടങ്ങിയതു അന്ന് മുതലാണ്. ഏതാണ്ട് പത്തു വര്ഷംകൊണ്ട് ഞാൻ സത്യവാൻ ഗ്രന്ഥ ശാലയിൽ മുക്കാലും മുച്ചൂടും പുസ്തങ്ങൾ വായിച്ചു. അവിടെ വച്ച് എസ്. കെ. പൊറ്റക്കാടിന്റെ പുസ്തങ്ങൾ മുഴുവൻ വായിച്ചിട്ട് ലോകം മുഴുവൻ സഞ്ചരിക്കണമെന്നു മോഹമുദിച്ചത് അവിടെ തന്നെ.
സ്വപനം കാണാനും കഥ എഴുതാനും ചിന്തിക്കാനും വിവരവും വിവേകവുമുള്ളവരോട് കൂട് കൂടാൻ പഠിച്ചതും ആ ചെറിയ പൊതു ഇടമായ വായന ശാലയിൽ നിന്നാണ്. അത് കൊണ്ടാണ് ആ വായന ശാലയേ എന്റെ ആദ്യത്തെ സർവകലാശാല എന്ന് ഞാൻ വിളിക്കുന്നത്. അടൂർ ഗോപാലകൃഷ്ണൻ സാറും ആ വയനാശാലയിലൂടെ വായിച്ചു വളർന്നതാണ്. ഇത് കേരളത്തിൽ രണ്ടു മൂന്ന് തലമുറകളുടെ കഥയാണ്. നമുക്ക് ഈ കഥ കൈമോശം വന്നു തുടങ്ങിയിരിംകുന്നു.
വായന ശാലകൾ മരിച്ചു കൊണ്ടിരിക്കുന്നു . പൊതു വിദ്യാഭ്യാസവും പൊതു ഇടങ്ങളും നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്നു. കവിത അന്യം നിന്നു പോകുന്നു. കഥ കാലം മാറി പോകുന്നു. പണ്ട് നമ്മൾ ജാതി ചോദിക്കാതെ പറയാതെ പോയെങ്കിൽ ഇന്ന് നമുക്ക് മുന്നേ ജാതിയും മതവും നടക്കുന്നു. ഇന്ന് സ്വകാര്യതയിൽ ഇരുന്നു ഐ പാഡിൽ നാം പുസ്തകം വായിക്കുന്നു.
നമ്മുടെ സാമൂഹിക സാസ്‌കാരിക പൊതു ഇടങ്ങൾ മരവിച്ചു മരിക്കുമ്പോൾ നാം ഒഴുക്ക് നിലച്ച ഒരു സമൂഹമാകും. ഒഴുക്കുള്ള വെള്ളത്തിൽ അഴുക്കില്ല. ഒഴുക്ക് നിലച്ച വറ്റി വരണ്ട ഒരു ജലാശായ്മയിരിക്കുന്നു കേരളം. അവിടെ മലിന ജലവും അഴുക്കും കൂത്താടികളും കൂടി നമ്മുടെ സമൂഹത്തയും സംസ്കാരത്തെയും രാഷ്ട്രര്യത്തെയും മലിനമാക്കുന്നു. കേരളത്തിന് വഴി ഇനിയും മുട്ടിയിട്ടില്ല.. കേരളം ഇങ്ങനെ അല്ല വളരേണ്ടത്. കേരളം രാഷ്ട്രീയ മുദ്രാവാക്യങ്ങളിലൂടെ ശരിയാകില്ല. മാറ്റം ഉണ്ടാകേണ്ടത് നമുക്ക് ഉള്ളിൽ ആണ്. പുതിയ പൊതു ഇടങ്ങൾ - കൂട്ടായ്മയുടെ, മനുഷ്യന്റെ, സംസ്ക്കാരത്തിന്റെ , സാഹിത്യത്തിന്റെ , രാഷ്ട്രീയത്തിന്റെ ' പുതിയ പൊതു ഇടങ്ങൾ ഉണ്ടാക്കിയാൽ മാത്രമേ കേരളം വീണ്ടും ഒഴുക്കുള്ള ഒരു ആറായി മറുകയുള്ളൂ.

കേരളം അതി വീചിത്രമായ ഒരു സമൂഹമാണ്

കേരളം അതി വീചിത്രമായ ഒരു സമൂഹമാണ്. പിന്നെ മാധ്യമ സമൂഹത്തിന്റെ കാര്യമാണെങ്കിൽ പറയുകയും വേണ്ട. 

ഈ കഴിഞ്ഞ ദിവസം വരെ പിണറായി വിജയനെ ചിരിക്കാൻ അറിയാത്ത ഒരു കണ്ണൂർകാരൻ കാർക്കശക്കാരൻ ആക്കിയ അതെ മാധ്യമങ്ങൾ അദ്ദേഹത്തിന്റ കൂട്ടിക്കാലത് എത്ര ചിരിച്ചു എങ്ങനെ ചിരിച്ചു മുതൽ അദ്ദേഹം ഏതൊക്കെ മീൻ കഴിക്കുന്നു എന്ന് വരെ കണ്ടെത്തും. ഇതുവരെ ചിരിക്കാൻ അറിയില്ല എന്ന് പറഞ്ഞ അതെ മാധ്യമ ശിങ്കങ്ങൾ ഇപ്പോൾ വിജയേട്ടന്റെ ചിരി ഇന്നലെ കണ്ട് പിടിച്ചു. ഇനിയും അടുത്ത ഒരു മാസത്തേക്ക് മാധ്യങ്ങൾ മുഴുവൻ പുതിയ നേതാവിനെ കുറിച്ചുള്ള കൊച്ചു വർത്തമങ്ങളും പൈങ്കിളി കഥകളും ആയിരിക്കും. 'വനിത ' പുതിയ മന്ത്രിമാരുടെ ഭാര്യമാർ എങ്ങനെ ഏതു സാരി ഉടുക്കുമെന്നു കവർ സ്റ്റോറി എഴുതും. ലാവ്‌ലിൻ കേസിനെക്കുറിച്ചു വർഷങ്ങൾ ആയി ഉള്ളതും ഇല്ലാത്തതും എഴുതിയ മാന്യന്മാർ ഇനിയും.ചോദിക്കും 'എന്ത് ലാവലിൻ, ഏതു ലാവലിൻ". അത് കഴിഞ്ഞു ഓണത്തിന് അദ്ദേഹവും കുടുംബവും ഏതൊക്കെ പായസം കഴിക്കുന്നു എന്ന് ഒരു ഫീച്ചറും പിന്നെ ടി.വി സ്പെഷ്യൽ പരിപാടിയും പ്രതീക്ഷിക്കാം.

 അഞ്ചു വർഷങ്ങൾക്കു മുമ്പേ ഇതേ മാധ്യമങ്ങൾ ഉമ്മൻ ചാണ്ടിയുടെ മഹത്വങ്ങൾ വാരി വിളമ്പി. കുഞ്ഞൂഞ്ഞു കഥകൾ കേരളത്തിൽ സുപരിചിതം. ഒന്നാം വര്ഷം ഉമ്മൻ ചാണ്ടിയുടെ അഭിമുഖത്തിന് വേണ്ടി മണിക്കൂറുകൾ കാത്തു നിന്ന.മഹാൻ മാർ അഞ്ചാം വര്ഷം അദ്ദേഹത്തെ ചീത്ത വിളിക്കുന്നത് ഒരു ഹോബി ആക്കി. മുൻപ് അദ്ദേഹത്തെ ഇന്ത്യയിലെ തന്നെ ഏറ്റവും നല്ല മുഖ്യ മന്ത്രി ആയി വാഴ്ത്തി കവർ സ്റ്റോറി എഴുതിയവർ അഞ്ചാം വര്ഷം ആരോപണങ്ങൾ കോണ്ട് മൂടി, പറയാവുന്ന തെറി എല്ലാം പറഞ്ഞു.കേരളത്തിലെ മാധ്യമങ്ങളും മധ്യ വർഗ്ഗവും ഇപ്പോഴും വിജയിക്കുന്നവരുടെ പക്ഷത്തു നിന്ന് അപദാനം ചെയ്യുന്ന കൊട്ടാരം സേവകരാണ് .ടി.വി അന്തി ചർച്ചയിൽ ഉമ്മൻ ചാണ്ടിയെ വിമർശിച്ചിട്ടു കാര്യം കാണാന് രാത്രിയിൽ ക്ലിഫ് ഹൌസിൽ പോകുന്ന മാധ്യമ മഹാത്മാകളിൽ പലരും ഇപ്പോൾ പിണറായി വിജയൻ സാറിന്റെ അപദാനങ്ങൾ പാടും. 

കാരണം കേരളത്തിലെ മാധ്യമങ്ങളുടെ പ്രധാന അന്ന ദാതാവാണ് സർക്കാർ. നമ്മുടെ നികുതി പണത്തിന്റെ നല്ലൊരു പങ്കു പത്ര ടി.വി പരസ്യങ്ങൾക്ക് ആണ് സർക്കാർ ചെലവാക്കുന്നത്. കല്യാൺ ജുവിലേഴ്‌സിനെ കുറിച്ചോ അല്ലെങ്കിൽ ബോബി ചെമ്മണ്ണൂരിന്റെ തരികിട തമാശകളെ കുറിച്ചോ പത്രങ്ങൾ നല്ല വാർത്ത മാത്രം എഴുതുന്നത് അവർ കോടി കണക്കിന് രൂപ പത്ര-ടി.വി മുതലാളി മാർക്ക് പരസ്യ കൈക്കൂലി നല്കുന്നതിനാലാണ്. സർക്കാരിന്റെ കാര്യവും ഇതിൽ നിന്ന് വ്യത്യസ്തമല്ല. സർക്കാര് പരസ്യം കിട്ടിയില്ലെങ്കിൽ പല മാധ്യമങ്ങളും കഷ്ടപ്പെടും.

 നാലു കൊല്ലം മുഖ്യ മന്ത്രിയുടെ അപദാനം പാടുന്നവർ അവസാനം പാട്ടു മാറ്റി പാടുന്നത് ആകസ്മികം അല്ല. അത് പുതിയ അധികാര സമ വാക്യങ്ങളുട്ര ഭാഗമായ പുതിയ നമ്പറുകൾ മാത്രം. ഇനിയും നാലു കൊല്ലം പല മാന്യന്മാരും പിണറായി സ്തുതി പാടും. ഒരു അഞ്ചു കൊല്ലം കഴിഞ്ഞാൽ ഇപ്പോൾ സ്തുതി പാടുന്നവർ പലരും പാട്ടു മാറ്റി പാടും. സാധാരണ പത്ര പ്രവർത്തകരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കാരണം മാധ്യമ മുതലാളിയുടെ ശമ്പളം പറ്റി ജീവിക്കുന്നവരണധികം പത്ര പ്രവർത്തകരും. ആയതിനാൽ മിക്ക പ്രമുഖ പത്രക്കാരും മുതലാളിയുടെ ശമ്പളം പറ്റുന്ന പ്രൊഫഷണൽ മാനേജർ മാരായി കാറ്റിനനുസരിച്ചു തൂറ്റാനും ഓടുന്ന പട്ടിക്ക് ഒരു മുഴം മുമ്പിൽ കല്ലെറിയാനും പഠിക്കുന്നു. ദീപ സ്‌തമ്പം മഹാച്യര്യം........എന്നതാണ് കേരളത്തിൽ മിക്ക മധ്യവർഗ മാധ്യമ വർഗ സ്തുതി സ്തുതി സ്തോത്രങ്ങൾ. കാരണം ഒരു മലയാളി മധ്യ വർഗ മനസ്സ് മിക്കപ്പോഴും വിജയിക്കുന്നവരുടെ കൂടെയാണ്. അത് വള്ളിക്കവിലമ്മയാലും കൊള്ളാം തങ്കു ബ്രോസ് ആയാലും കൊള്ളാം. There is nothing that suceed like sucess in Kerala .

എന്ത്കൊണ്ടാണ് ശ്രി. പിണറായി വിജയൻ എന്റെ മുഖ്യമന്ത്രി ആകുന്നതു?

എന്ത്കൊണ്ടാണ് ശ്രി. പിണറായി വിജയൻ എന്റെ മുഖ്യമന്ത്രി ആകുന്നതു?. കാരണം അദ്ദേഹം കേരളത്തിലെ ഓരൊ പൗരന്റെയും മുഖ്യ മന്ത്രി ആണെന്ന വസ്തുത ആണ്. അദ്ദേഹം ഒരു പാർട്ടിയുടെ മുഖ്യ മന്ത്രി അല്ലെന്നുള്ള വസ്തുത അദ്ദേഹത്തിനും പാർട്ടി അംഗങ്ങൾക്കും അറിയാം എന്ന് കരുതുന്നു.
അതുകൊണ്ട് കേരളത്തിൽ എന്തൊക്കെ നല്ല കാര്യങ്ങൾ എന്റെ പുതിയ മുഖ്യ മന്ത്രിക്കും മന്ത്രി സഭക്കും കഴിയും എന്ന വിഷയത്തെ ആസ്പദമാക്കി അടുത്ത രണ്ടു ആഴ്ചക്കുള്ളിൽ ഞാൻ പത്തു കോളം മുഖ പുസ്തകത്തിൽ കുറിച്ച് സുഹൃത്തുക്കളുടെ മുന്നിൽ ചർച്ചക്ക് വെക്കും. ചർച്ചകളുടെയും നിർദേശങ്ങളുടെയും അടിസ്ഥാനത്തിൽ പുതിയ മുഖ്യ മന്ത്രിക്കും മന്ത്രി സഭക്കും ഒരു പൊതു കത്ത് എഴുതുന്നതായിരിക്കും. ഇത് ഗൗരവ പ്രക്രീയ ആയതിനാൽ മുഖ പുസ്തകത്തിലെ എല്ലാ കൂട്ടുകാരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.
ഇന്നത്തെ എഴുത്തു പാർലമെന്ററി ജനായത്ത വ്യവസ്ഥയെ കുറിച്ചു ചെറിയ ഒരു ചിന്താ വിഷയം ആണ്.
തിരെഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാൽ എല്ലാ എം.ൽ.എ മാരും നമ്മുടെ എം.ൽ.എ മാരാണ്. ഓ. രാജഗോപാലിന്റെ പാർട്ടി രാഷ്ട്രര്യത്തോട് എനിക്ക് എതിർപ്പ് ഉണ്ടെങ്കിലും അദ്ദേഹം ഇപ്പോൾ എന്റെ കുടെ നിയമ സഭ സമാജികനാണ്. പിണറായി വിജയൻ ധർമ്മത്ത് മത്സരിച്ചത് സിപിഎം ന്റെ പ്രതിനിധി ആയാണ്. പക്ഷെ എം.ൽ.എ യും മുഖ്യ മന്ത്രിയും ആയാൽ കേരളത്തിലെ ആബാലവൃദ്ധം മുഴുവൻ ജങ്ങളുടെയും മുഖ്യ പ്രതിനിധി ആണ്.
അതുകൊണ്ടാണ് അവർ ഇന്ത്യൻ ഭരണഘടനയെ അടിസ്ഥാനമാക്കി എല്ലാ ജങ്ങളോടും സത്യ പ്രതിജ്ഞ ചെയ്‌യുന്നത്. ആയതിനാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ 140 നിയമ സഭ സാമാജികരും ആദ്യമായി കേരളത്തിലെ മുഴുവൻ ജങ്ങളുടെയും ജനപ്രതിനിഥികൾ ആണ്. നിയമസഭയിൽ ഭരണ പക്ഷവും ( political executive) , പ്രതിപക്ഷവും കേരളത്തിലെ എല്ലാ ജങ്ങളോടും കൂട്ട് ഉത്തരവാദിത്തം ഉള്ള രണ്ടു പാർലമെന്ററി ജനായത്ത സംവിധാനം ആണ്.
ഒരു പാർലമെന്ററി ജനായത്ത ( ജന 'ആധിപത്യം' എന്ന ജനാധിപത്യം തെറ്റായ പ്രയോഗം ആണ്) വ്യവസ്ഥയിൽ പ്രധാന കാര്യം രാഷ്ട്രീയ ഭരണ നിർവഹണ വ്യവസ്ഥ (political executive) തിരഞ്ഞെടുക്കപ്പെട്ട നിയമ സഭ സമാജികരിൽ നിന്ന് രൂപം കൊള്ളുന്ന ഒരു വ്യവസ്ഥ ആണ്.
ആയതിനാൽ രാഷ്ട്രീയ ഭരണ നിർവഹണ വ്യവസ്ഥ ( ക്യാബിനറ്റ്) യും ഭരണ പക്ഷ വിഭാഗവും പ്രതിപക്ഷ വിഭാഗവും രണ്ടു പ്രധാന രാഷ്ട്രീയ വ്യവസ്ഥാ സംവിധാനങ്ങൾ ആണ്. നിയമ സഭയിൽ ഈ മൂന്ന് വ്യവസ്ഥകളെ ( three sub institutions of legislative assembly) പ്രതിനിധാനം ചെയ്യുന്നവർക്ക് കാബിനറ്റ് പദവി കിട്ടുന്നത് പാർലമെന്ററി രാഷ്ട്രീയ സംവിധാനത്തിൽ ഇത് മൂന്നും പ്രധാന സ്ഥാപങ്ങൾ ആണ് എന്നത് കൊണ്ടാണ്. അത് കൊണ്ടാണ് മുഖ്യമന്ത്രിയും ( leader of the executive), പ്രതിപക്ഷ നേതാവും ( parlimentary party leader of opposition party or alliance) , ചീഫ് വിപ്പ് ( Leader of legislators of ruling party) എന്നിവർ പാർലമെന്ററി വ്യവസ്ഥയിൽ പ്രധാന്യം അർഹിക്കുന്നത്. അതുകൊണ്ടാണ് മന്ത്രി സഭക്കും പ്രതിപക്ഷ നേതാവിനും ചീഫ് വിപ്പിനും തതുല്യ കാബിനെറ്റു റാങ്ക് കൊടുക്കുന്നത്. പിന്നെ നിയമ സഭയിൽ സാധുത ഉള്ളത് പാർലമെന്ററി പാർട്ടി എന്ന സംവിധാനത്തിന് ആണ്.
അത് സാധാരണ രാഷ്ട്രീയ പാർട്ടിയിൽ നിന്ന് വ്യത്യസ്‌മാണ്. അങ്ങനെയുള്ള വ്യവസ്ഥയിൽ യഥാർത്ഥത്തിൽ സിപിഎം ജനറൽ സെക്രട്ടറിക്കോ എ.കെ.ജി ഭവനോ കെ.പി.സി.സി പ്രസിഡന്റിനോ സാധാരണ ഒരു പൗരനായ എന്നേകാട്ടിൽ കൂടുതൽ പ്രമുഖ്യമോ പദവിയോ യഥാർത്തിൽ പാടില്ലാത്തതാണ്. പാർട്ടി വേറെ സർക്കാർ വേറെ എന്ന തിരിച്ചറിവ് കുറയുമ്പോൾ ആണ് പാർട്ടി നേതാക്കൾ മേലിൽ തൊട്ടു താഴെ വരെ ഒരു സമാന്തര അധികാര ശ്രേണി ഉണ്ടാക്കുന്നത്. ഈ അമിത പാർട്ടി മേധാവിത്വത്തിൽ നിന്നാണ് പലപ്പോഴും ഭരണ ദുർമേദസ്സും അധികാര മേദസ്സും ചേർന്ന് അഹങ്കാര അധികാര മേല്കൊയ്മകൾ ഉണ്ടാകുന്നത്.
പാർട്ടി നേതാക്കൾ ഭരണ നിർവഹണത്തിൽ അധികാര ഗർവോട് ഇടപെട്ടാൽ പലപ്പോഴും നയ രൂപീകണത്തിൽ വിപരീത ഫലങ്ങൾ ഉണ്ടാക്കും.
ഇതിനു ഏറ്റവും നല്ല ഉദാഹരണം കഴിഞ്ഞ സർക്കാരിന്റെ മാറിയ മദ്യ നയം ആണ്.. കേരളത്തിലെ മദ്യ നയം മാറിയത് ഇവിടുത്തെ ആരുടെയും ഒരു ആദർശ ശുദ്ധി കൊണ്ടല്ലെന്നു എല്ലാവര്ക്കും അറിയാം. അത് ഒരു രാഷ്ട്രീയ മൂല്യ സംഹിതയെ അസ്പദമാക്കി ചർച്ചകളിൽ കൂടെ ഉരുത്തിരിഞ്ഞ ഒരു നയം അല്ലാത്തതിനാൽ ആണ് ജനം സിനിക്കൽ ആയതു. പരസ്പരം വിഴുപ്പ് അലക്കിയും താൻ പൊരിമ കാണിച്ചും പരസ്പരം അലമ്പു ഉണ്ടാക്കിയും അല്ല ഒരു നയ രൂപീകരണവും തീരുമാനവും എടുക്കേണ്ടത്. ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാവ് ഭരണ നയതീരുമങ്ങളിൽ എങ്ങനെ പങ്കെടുക്കണം എന്നതിനെ കുറിച്ച് കൂടുതൽ ചർച്ച ആവശ്യം ആണ്. എന്നാൽ ഭരിക്കുന്ന സർക്കാരുമായി കൂടുതൽ ബന്ധമുള്ള പാർട്ടിയുടെ നേതാക്കളുടെ തൊഴിൽ ഭരണത്തിന് അലമ്പു ഉണ്ടാക്കുക എന്നതല്ല. അങ്ങനെ അലമ്പുണ്ടാക്കിയാൽ ജനം വോട്ടു മാറി ചെയ്യുമെന്നും നാം കണ്ടറിഞ്ഞു.

പക്വമായ ഒരു പൗര സമൂഹ കാഴ്ചപ്പാട് നയ രൂപീകരണത്തിലും രാഷ്ട്രീയ കാഴ്ചപ്പാട്ടിലും ഇല്ലാതെ പോകുമ്പോൾ ആണ് തരം താണ വ്യക്തി കേന്ദ്രീകൃത അധികാര വടം വലികളിലേക്ക് നയ തീരുമാന രാഷ്ട്രീയം കൂപ്പു കുത്തുന്നത്.
ഒരു സർക്കാർ ഭരണം ഏറ്റെടുത്താൽ അവർ പ്രതിനിധീകരിക്കുന്നത് കേരളത്തിൽ ജാതി മത പാർട്ടി സ്വതങ്ങൾക്കുപരി കേരളത്തിലെ എല്ലാ ജനങ്ങളേയും ആണ്.
സത്യ പ്രതിജ്ഞ ചൊല്ലി സർക്കാർ അധികാരം ഏറ്റെടുത്ത നിമിഷം ശ്രി. പിണറായി വിജയൻ കേരളത്തിലെ എല്ലാ ജനങ്ങളുടെയും മുഖ്യ മന്ത്രി ആണ്. തിരെഞ്ഞെടിപ്പിന് മുൻപ് അദ്ദഹം ഒരു പാർട്ടിയുടെ നേതാവ് മാത്രം ആയിരുന്നെങ്കിൽ കേരള മുഖ്യ മന്ത്രി കേരളത്തിലെ മുഴുവൻ ജനങ്ങളുടെ മുഖ്യ മന്ത്രി ആണ്. കേരളത്തിലെ മുഴുവൻ മന്ത്രമാരും നമ്മുടെ ഓരോരുത്തരുടെയും മന്ത്രമാർ ആണ്. 140 എം.ൽ.എ മാരും നമ്മുടെ ഓരോരുത്തരുടെയും എം.ൽ.എ മാർ ആണ്.
ഈ തിരിച്ചറിവ് തിരഞ്ഞെടുക്കപ്പെട്ട നിയമ സഭ സമാജികർക്കും തിരഞ്ഞെടുക്കപ്പെട്ട മന്ത്രിമാർക്കും ഉണ്ടാകുമ്പോൾ ആണ് രാഷ്ട്രീയ പക്വത ഉള്ള ഒരു ജനായത്ത നിയമ നിർമാണ വ്യവസ്ഥയും ഭരണ നിർവഹണ വ്യവസ്ഥയും ഉണ്ടാകുന്നത്.

ഈ കോൺഗ്രസിന് ഇത് എന്ത് പറ്റി?

ഈ കോൺഗ്രസിന് ഇത് എന്ത് പറ്റി? എന്താണ് കൊണ്ഗ്രെസ്സ് എല്ലാ സംസ്ഥാനത്തും പുറകോട്ട് പോകുന്നത്?
ആദ്യമായി കേരളത്തെ കുറിച്ച് ഒരു കാര്യം പറഞ്ഞിട്ട് ബാക്കി. ഇടത് പക്ഷ പാർട്ടികൾ കേരളത്തിൽ നന്നായി നില നിൽക്കേണ്ടത് കോൺഗ്രസിന്റെ നില നിൽപ്പിന് ആവശ്യമാണ്. കൊണ്ഗ്രെസ്സ് പാർട്ടി കേരളത്തിൽ വീഴാതെ നന്നായി പോകേണ്ടത് ഇവിടുത്തെ സിപിഎം ന്റെ ആവശ്യമാണ്. കാരണം ഈ രണ്ടു പാർട്ടികളെയും നശിപ്പിക്കുക എന്നതാണ് സംഘപരിവാറിന്റെ വലിയ ആസൂത്രണ പദ്ധതികളിൽ ഒന്ന്. കൊണ്ഗ്രെസ്സ് മുക്ത ഭാരതം എന്ന് 80 കൊല്ലങ്ങൾ ആയി ആർ.എസ്.എസ് കൊണ്ട് നടക്കുന്ന സ്വപ്ന പദ്ധതി ആണ്. അതുകൊണ്ട് തന്നെയാണ് ഗോഡ്‌സെ എന്ന പൂണെ ബ്രാംമണ യുവാവ് ഗാന്ധിജിയെ വെടി വച്ചുകൊന്നത്. കാരണം കോൺഗ്രസിന്റെ മൂല്യ ബോധവും രാഷ്ട്രീയ നൈതീകതയും ഗാന്ധിജിയിൽ കൂടെ ആണ് ലോകം അറിഞ്ഞത്. അന്ന് തുടങ്ങിയ കൊണ്ഗ്രെസ്സ് മുക്ത ഭാരത പദ്ധതി ഇന്ന് വീണ്ടും ആവേശ പൂർവം മുന്നോട്ട് പോകുമ്പോൾ ഇടതു പക്ഷം തിരിച്ചറിയേണ്ടത് കൊണ്ഗ്രെസ്സ് മുക്ത ഭാരതത്തിൽ ഇടതു പക്ഷവും ശോഷിച്ചു ശോഷിച്ചു ഇപ്പോൾ ഉള്ള അവസ്ഥയെക്കാളും കഷ്ട്ടം ആകുമെന്നുള്ളതാണ്.
തിരഞ്ഞെടുപ്പിൽ ജയിക്കും തോൽക്കും. പക്ഷെ ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഭാവി നിർണയിക്കുന്നത് അവർക്കു അടുത്ത അമ്പത് വർഷത്തേക്കുള്ള ഒരു മുൻ വീക്ഷണവും കാഴ്ചപ്പാടുമാണ്. ഇത് സംഘ പരിവാറിന് കൃത്യമായും ഉണ്ട്. മറ്റ് രണ്ടു കൂട്ടർക്കും അതില്ല. അവിടെയാണ് പ്രധാന പ്രശ്നം.
ഇതിൽ ഏറ്റവും അപകടകരമായ അവസ്ഥയിലേക്ക് പോയ് കൊണ്ടിരിക്കുന്നത് കൊണ്ഗ്രെസ്സ് പാർട്ടി ആണ്. എന്താ പ്രശനം ? ഒന്നാമതായി ഒരു കൃത്യമായ മൂല്യബോധമോ രാഷ്ട്രീയ ദര്ശനമോ ഇല്ലന്നതാണ്. പണ്ട് ഉണ്ടായിരുന്നു. ഇപ്പോൾ ഒട്ടുമിക്ക നേതാക്കളും ചോട്ടാ നേതാക്കളക്കും അറിയുന്ന ഒരേ ഒരിസം 'അവനവനിസം ' ആണ്. തിരഞ്ഞെടുപ്പ് ജയിക്കുന്നതിനും ആരുമായും എങ്ങനെയും നീക്ക് പോക്കോ കൂട്ട് കെട്ടോ ഉണ്ടാക്കാൻ ഒരു മടിയും ഇല്ല.ഒരു പാർട്ടി എല്ലാവര്ക്കും എല്ലാം ആയി അവസര വാദ നിലപാടുകൾ എടുത്താൽ ജനത്തിന് വിശ്വാസം പോകും. അഴ കോഴമ്പൻ രാഷ്ട്രീയ നിലപാടുകളിൽ ചെറുപ്പക്കാർക്ക് ആവേശം ഉണ്ടാകില്ല. കാര്യം കാണാനും കാശുണ്ടാക്കാനും എന്ത് കുറുക്കു വഴിയും തേടുന്നവർ ആണ് നേതാക്കൾ എന്ന പൊതു ധാരണ മാറ്റിയില്ലെങ്കിൽ പച്ച പിടിക്കില്ല.
കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് ചിഹ്നം കൈപ്പത്തി ആണെങ്കിലും പാർട്ടി ചിഹ്നം 'പാര' ആണ്. ഒരാൾ കോൺഗ്രസിൽ കയറി ഒരു സ്ഥാനത്തു എത്തിയാൽ ആദ്യം പഠിക്കേണ്ടത് ആരെയൊക്കെ എങ്ങനെ ഒക്കെ 'പാര' പണിതു തനിക്കു ലാഭം ഉണ്ടാക്കാമെന്ന ഏക തത്വ ശാസ്ത്രം ആണ്. ജവഹർ ലാൽ നെഹ്‌റുവിന്റെ കാലത്ത് 'ഹൈ കമാൻഡ്' ഇല്ലായിരുന്നു. കൊണ്ഗ്രെസ്സ് നല്ല വേരോട്ടം ഉള്ള പാർട്ടിയായിരുന്നു. പതിയെ ഹൈകമാൻഡ് ഉണ്ടായി. പിന്നെ എഴുപതുകളിൽ എല്ലാ സംസ്ഥാനത്തു ഗ്രൂപ്പുകൾ ഉണ്ടാക്കി തമ്മിൽ അടിപ്പിച്ചു പ്രശനം ഉണ്ടാക്കി പിന്നെ ഡൽഹിയിൽ വിളിച്ചു പരിഹരിച്ചു ഹൈ കമാൻഡ് ശക്തം ആയി. ഗ്രൂപ്പ് വഴക്കും തമ്മിൽ അടിയും ആയി കൊണ്ഗ്രെസ്സ് താഴെ തലത്തിൽ ശോഷിച്ചു കൊണ്ടേയിരുന്നു. അങ്ങനെ അധികാരം ഹൈ കമാന്റിൽ കേന്ദ്രീകരിച്ചപ്പോൾ കൂടെ നാലു ആളുള്ള നേതാക്കൾ പ്രശ്നക്കാരയി. അതോടെ ഡൽഹിയിൽ ശിങ്കിടി രാഷ്ട്രീയം വളർന്നു വലുതായി കോൺഗ്രസിനെ തിന്നാൻ തുടങ്ങി.അങ്ങനെ യു.പി യും എം.പിയും ഗുജറാത്തും മഹാരാഷ്ട്രയും എല്ലാം കൈവിട്ടു പോയി. 2009 ഇൽ YSRഉം ആന്ത്രാ പ്രദേശും ഉണ്ടായിരുന്നു. അത് കൊണ്ട് UPA ഭരണം പിടിച്ചു. ഇപ്പോൾ കോൺഗ്രസ്സിന്റെ പൊടി പോലും അവിടില്ല. ഒരു നാട്ടിലും സ്വന്തമായി പഞ്ചായത്ത് ഇലക്ഷനിൽ പോലും ജയിക്കാത്ത കൊട്ടാരം സേവകാരും ശിങ്കിടികളും കോൺഗ്രസിന്റെ കാര്യക്കാരയി. അങ്ങനെ മമതയും പവാറും ജഗനും എല്ലാം പാര വച്ച് പുകച്ചു പുറത്തു ചാടിച്ചു. ഒരു ഗ്രാമത്തിൽ പോലും പ്രവർത്തിക്കാത്ത കൊട്ടാരം മാന്യന്മാർ തിഞ്ഞെടുപ്പു തന്ത്രങ്ങൾ ഡൽഹിയിൽ ഇരുന്നു മിനഞ്ഞു. കാശും തന്ത്രവും മന്ത്രവും മേളിൽ നിന്നു താഴോട്ട് വന്നു. അങ്ങനെ താഴെ തട്ടിലുള്ള പ്രവർത്തനത്തിന് വല്യ വിലയില്ലാത്തയായി.
ഗ്രൂപ്പ് കളിച്ചവരും ഡൽഹിയിൽ ശിങ്കിടി രാഷ്ട്രീയം കളിച്ചവരും പിന്നെ നേതാക്കളുടെ മക്കളും തിരഞ്ഞെടുപ്പിൽ സീറ്റു അടിച്ചുമാറ്റി കൊണ്ട് പോകുമ്പോഴും കൊണ്ഗ്രെസ്സ് തളരുകയായിരുന്നു .അധികാരത്തിന്റെ സുഖവും ലഹരിയും പല നേതാക്കളെയും അഹങ്കാരത്തിന്റെ ആൾ രൂപങ്ങൾ ആക്കി. അവർക്കു നാട്ടിൽ ഇറങ്ങി പ്രവർത്തിക്കുവാൻ സമയമില്ലാതായി. പരസ്പരം പാര വച്ചും തമ്മിൽ തല്ലിയും താൻ പൊരിമ കാണിച്ചു വളർന്ന ഒരു ജീർണ്ണ രാഷ്ട്രീയ സംസ്കാരമാണ് കോൺഗ്രസിനെ ഈ വിധത്തിൽ ആക്കിയത്.
ഇനിയും ഒരേ ഒരു വഴി ആദർശവും മൂല്യവും ആർജ്ജവുമുള്ള യുവ കൊണ്ഗ്രെസ്സ് നേതാക്കൾ ഈ പാർട്ടിയെ ഏറ്റെടുത്തു എഴുപതു വയസ് കഴിഞ്ഞ നേതാക്കളോട് അൽപ്പം മാറി നിന്ന് മാർഗനിർദേശം തന്നു ജീവിക്കാൻ പറയുക. അധികാരത്തിനു വേണ്ടി തമ്മിൽ തല്ലിയും പരസ്പരം പാര വച്ച് 'അവനവനിസം ' മാത്രം നോക്കി നടന്നാൽ കോൺഗ്രസിൽ ചേരാൻ ആളെ കിട്ടില്ലന്നു തിരിച്ചറിയുക.
കോൺഗ്രസിൽ ഇപ്പോളും നല്ല ഒന്നാന്തരം പ്രവർത്തകരും യുവ നേതാക്കളും ഉണ്ട്. സത്യസന്ധമായി പ്രവർത്തിക്കുന്നവർ ശിങ്കിടി രാഷ്ട്രറിയം കളഞ്ഞു ജനങ്ങളുടെ ഇടയിൽ അവരിൽ ഒരാളായി പ്രവത്തിച്ചാൽ കൊണ്ഗ്രെസ്സ് രക്ഷപെടും. അല്ലെങ്കിൽ കാറ്റ് പോകും. ഇനി പറഞ്ഞില്ല എന്ന് മാത്രം പറയരുത്

സത്യ പ്രതിജ്ഞ കല്യാണം

വീണ്ടും ഒരു സത്യ പ്രതിജ്ഞ കല്യാണം അടിച്ചു പൊളിച്ചു. എല്ലാ കല്യാണങ്ങളെയും പോലെ കാര്യങ്ങൾ പൊടി പൊടിച്ചു. എല്ലാവര്ക്കും ഭയങ്കര സന്തോഷം. പിന്നെ കാര്യങ്ങൾ എല്ലാം ഇനിയിപ്പോൾ ശരി ആകുമെന്ന വിശ്വാസവും. വിശ്വാസം അതാണല്ലോ എല്ലാം. അങ്ങനെ കേരളത്തിന് ഒരു പുതു പുത്തൻ മുഖ്യമന്ത്രിയും പിന്നെ 18 മന്ത്രി മാരും ഉണ്ടായി. നല്ല കാര്യം.
കല്യാണ ദിവസം വരെന്റെയും വധുവിന്റെയും മുഖത്ത് കാണുന്ന ആ ഒരു തിളക്കവും സന്തോഷവും എല്ലാ മന്ത്രി മാന്യരുടെയും മുഖത്ത് ഉണ്ടായിരുന്നു. നല്ല സഖാക്കൾ ആയതിനാൽ ചില പഴയ മന്ത്രി മാന്യരെപ്പോലെ ഫേഷ്യൽ ചെയ്‌ത് പെഇന്റടിച്ചു് കൂട്ടപ്പൻമാരായി പുതിയ മന്ത്രിമാർ കടുംകൈ ചെയ്യില്ല എന്ന് ആശിക്കാം. ആർക്കാണ് അധികാരം ഒക്കെ കിട്ടിയാൽ അല്പം തിളക്കം ഒക്കെ കിട്ടാത്തത്?
സത്യപ്രതിജ്ഞ കല്യാണത്തിന് ഇന്ത്യ മഹാരാജ്യത്തുള്ള എല്ലാവരെയും വിളിക്കുന്നതിനും അല്പ സ്വല്പപ്പം കാശൊക്കെ മുടക്കി . അസ്സൂയയും കുശുമ്പും കുന്നായ്മയും ഉള്ള ദോഷൈകദൃക്കുകൾ പറയുന്നത് പരസ്യത്തിന് കോടികൾ വാരി എറിഞ്ഞു എന്നാണു. പിന്നെ ഒരു നല്ലകാര്യം തുടങ്ങി എല്ലാ ശരിയായി വരണെമെന്നുണ്ടങ്കിൽ പത്രക്കാരെ ആദ്യം കയ്യിൽ എടുക്കണമെന്ന ഗുട്ടൻസ് വിവരം ഉള്ളവർക്കെല്ലാം അറിയാം. കാശു ഇറക്കി കളിച്ചാൽ പാട്ടു മാറ്റാത്ത ഏതു മീഡിയ സിന്ഡികേറ്റാണ് ഈ ദുനിയാവിൽ ഉള്ളത്? . കാശു ഖജനാവിൽ ഉള്ളത് ചിലവാക്കാനാണ്. അപ്പോൾ പിന്നെ ഒരു നല്ല ദിവസത്തിൽ പത്രക്കാർക്ക് നല്ല നാല് കാശുകൊടുത്തു നമ്മുടെ 'ദൈവത്തിന്റെ സ്വന്തം നാടിനെ' പരസ്യം ചെയ്‌താൽ ഈ നാട്ടിലെ വലതുപക്ഷ മൂരാച്ചികൾക്കു കണ്ണുകടിയുള്ളത് അവർക്കു ഈ പാർട്ടിയെ കുറിച്ചോ വിപ്ലവത്തെകുറിച്ചോ ഫിദൽ കാസ്‌ട്രോയെ കുറിച്ചോ ഒരു ചുക്കും അറിയാത്തതു കൊണ്ടാണ്. കല്യാണം നടത്താൻ കല്യാൺ ജ്യുവലേഴ്‌സ് ഇല്ലെങ്കിലും കാര്യങ്ങൾക്കു ഒന്നും കുറവ് വരരുത് എന്നാണ് എന്റെ ഒരു ഇത്.
കാര്യം എന്തായാലും കാര്യമായി തന്നെയാണ് മന്ത്രി സഭ തുടക്കം. എണ്ണത്തിൽ കുറവ്. വണ്ണത്തിൽ കൂടുതൽ. ഗുണമേന്മക്കു ഗ്യാരന്റി. കൊട്ടും കുരവയും താലപ്പൊലിയും കുട്ടികളും മന്ത്രി മഹാത്മാക്കളെ സ്വീകരിക്കരുത് എന്ന ഫ്യൂടൽ കാലത്തേ മണ്ടത്തരം വേണ്ടയെന്ന മണ്ടയാണ് കാര്യം. അഞ്ചു ദിവസവും മാനം മര്യാദക്ക് സെക്രെറ്ററിയേറ്റിൽ ഇരുന്നു കിട്ടുന്ന ശമ്പളത്തിന് പണിചെയ്യണം എന്ന് നമ്മുടെ പുതിയ മുഖ്യമന്ത്രി നേരെ ചൊവ്വേ നല്ല ചൊല്ല് പറഞ്ഞത് നല്ല കാര്യം. പിന്നെ മന്ത്രി അനുചരന്മാരുടെ എണ്ണം അഞ്ചു കുറച്ചു. അറുപതു കഴിഞ്ഞ അണ്ണമാർക്കൊക്കെ മന്ത്രി ആകാമെങ്കിലും കൂടെ പണി എടുക്കാൻ അറുപതിൽ താഴെയുള്ള തടിയും തന്റേടവും അല്പ സ്വല്പ വിവരവും വിദ്യാഭാസവും ഉള്ളവർ മതി എന്ന് പുതിയ മുഖ്യമന്ത്രി പറഞ്ഞത് വിവരം ഉള്ളത് കൊണ്ടാണ്. മന്ത്രിമാരും അവരെ ഏൽപ്പിച്ച പണി മാനം മര്യാദക്ക് ചെയ്യുമെന്നും ശമ്പളം അല്ലാതെ കിമ്പളം പറ്റില്ലെന്നും സ്ഥലം മാറ്റത്തിനു ചിന്ന കൈക്കൂലികൾ ദല്ലാള് മുഖേന പിരിക്കില്ലന്നും ഉറപ്പു തന്നാൽ തന്നെ ഈ വന്ന കലി കാലത്തു അതിനെയും വിപ്ലവം എന്ന് വിളിക്കാം.
പിന്നെ പുതിയ മുഖ്യമന്ത്രി ഒരു നല്ല കാര്യം കൂടി നേരത്തെ പറഞ്ഞു. കണ്ട അണ്ടനും അടകോടാനും മണ്ടന്മാരും പിന്നെ സുന്ദര വിഡ്ഢികളും തട്ടിപ്പും കാരും/കാരികളും മുഖ്യമന്ത്രിയുടെ പേര് പറഞ്ഞു കാര്യം കാണാൻ വന്നാൽ മൈൻഡ് ചെയ്യരുത് എന്ന്. അപ്പോൾ ഇനി ഈ നാട്ടിലെ ടോട്ടൽ കള്ളന്മാർക്കും സാന്റിയാഗോ ഭാഗ്യക്കാർക്കും സർവോപരി സരിതമാർക്കും വിജയൻ അങ്കിൾ എന്ന് പറഞ്ഞു നാട്ടുകാർക്ക് പണികൊടുക്കാൻ പറ്റില്ല എന്ന് നേരത്തെ പറഞ്ഞത് നന്നായി. കാര്യം ഇതൊക്കെ ആണെങ്കിലും സരിതക്ക് 'പിതൃ തുല്യൻ'ആകാൻ ഒരു സാറിനെ കൂടെ കിട്ടിയതിൽ സന്തോഷം ഉണ്ടാകും. പിന്നെ ഇനി എവിടാ ഏതാ സരിതയെന്നു നാട്ടുകാർ ചോദിക്കില്ല. കാരണം ടി.വി ചാനലുകൾക്ക് തിരഞ്ഞെടുപ്പ് ഉത്സവം കഴിഞ്ഞത് മുതൽ പടം മാറി.. ഓടി തേഞ്ഞ കണ്ടു മടുത്ത തുണ്ടു പടം ഇനി ആർക്കു വേണം!!!
അവസാനമായി ചില വിനീത അപേക്ഷകൾ ആണ്. സ്റ്റേറ്റ് കാർ ചീറി പായിച്ചു ആളെ കൊല്ലരുത്. കഴിഞ്ഞ പ്രാവശ്യം സ്റ്റേറ്റ് കാറിൽ മന്ത്രിമാർ ചീറി പാഞ്ഞു പോകുന്നത് കണ്ടു അന്തം വിട്ടുനിന്ന നാട്ടുകാർ ഈ പ്രാവശ്യം വോട്ട് മാറ്റി കുത്തി എന്ന് മറക്കാതിരിക്കുക. ഫ്ലെക്സുകളിൽ കയറി വളിച്ച പ്ലാസ്റ്റിക്ക് ചിരി പാസ്സാക്കി ഞങ്ങളെ ദയവ് ചെയ്തു ബോറടിപ്പിക്കാരുത്. പിന്നെ അപ്പി ഇടാൻ പോകുമ്പോഴും പൊലീസ് എസ്‌കോർട്ട് വേണമെന്ന് വാശി പിടിക്കാതിരിക്കുക. ഈ പൊലീസുകാർ മാറി നിന്ന് അവരെ ഏൽപ്പിച്ച പണി മാനം മര്യാദക്ക് കൈക്കൂലി വാങ്ങാതെയും നാട്ടുകാരെ തെറി പറയാതയും ജോലി ചെയ്ത് നാടിനെ സേവിച്ചാൽ പകുതി പ്രശ്നം തീരും. ആയതിനാൽ നാട് നീളെ എസ്‌കോർട്ട് മായി ചീറി പായതെ ഇരുന്നാൽ നാട്ടുകാർ നിങ്ങള്ക്ക് സല്യൂട്ട് ചെയ്യും.
സത്യാ പ്രതിജ്ഞ കല്യാണത്തിന് പത്രങ്ങളെ സുഖിപ്പിച്ചെങ്കിലും വെറുതെ വേണ്ടതിനും വേണ്ടാത്തതിനും എല്ലാ മന്ത്രിമാരുടെയും പടം പരസ്യത്തിൽ അടിച്ചു വരാൻ നാട്ടുകാരുടെ കാശു ചിലവാക്കരുത്.
പിന്നയുള്ള ഒരു പ്രധാന കാര്യം. പാർട്ടിക്കാരെ വിട്ടു നാട്ടുകാരെ ദയവു ചെയ്ത വിരട്ടരുത്. നോക്ക്കൂലി ചോദിച്ചു കണ്ണുരുട്ടി കാശു പിടുങ്ങരുത് എന്ന് നമ്മുടെ ലോക്കൽ നേതാക്കളോട് ഒന്ന് പറയണം.അടിപിടി വെട്ടു കുത്തും കൊലപാതകം വിപ്ലവ പരിപാടി അല്ലെന്നു വേണ്ടപ്പെട്ടവരെ അറിയിച്ചാൽ നിങ്ങള്ക്ക് നല്ലതു.ഇതൊക്കെ ചിന്ന ആഗ്രഹങ്ങൾ. ഇനിയും ഭരണ പ്രക്രിയയെ കുറിച് പിന്നെ ഗൗരമായി സംസാരിക്കാം. കാരണം അത് ആണ് എന്റെ വിദഗ്‌ധ വിജ്ഞാന മേഖല.
അടുത്ത ആറു മാസം ഹണി മൂൺ സമയമായതിനാൽ എല്ലാം ശരിയായി പോകാൻ സാധ്യത ഉണ്ട്. അത് 2011 ലും അങ്ങനെ ആയിരുന്നല്ലോ. 'പുത്തൻ അച്ചി പുരപ്പുറം തുടക്കും' എന്നാണ് പഴമക്കാർ പറയുന്നത്. പഴയ കാര്യങ്ങളിലും പഴയ മുദ്രാവാക്യങ്ങളിലും പുതിയ മന്ത്രിമാർക്ക് വിശ്വാസം ഇല്ലാത്തതിനാൽ ആശക്കു വകയുണ്ട്. പഴയ കാര്യങ്ങൾ ഒക്കെ മറക്കുന്ന കൂട്ടത്തിൽ എന്തായാലും നമ്മുടെ പഴയ താടിക്കാരൻ കാൾ മാർക്സ് എന്ന ലണ്ടൻ മാമനെ മറക്കരുതേ. പണ്ട് ഒരുപാട് സഹായിച്ച മാമനാണ്. പിന്നെ ഫിദൽ കാസ്ട്രോ സഖാവിനെയൊക്കെ കാര്യമായി നോക്കി ഇടക്ക് ഇടക്ക് സിന്ദാബാദ് ഒക്കെവിളിച്ചു സുഖിപ്പിച്ചാൽ ദുസ്വപ്നങ്ങൾ ഇല്ലാതെ, മാടനെയും മറുതയെയും ഒന്നും പേടിക്കാതെ സമാധാനമായി കിടന്നുറങ്ങാം.
എല്ലാവര്ക്കും നല്ലതു വരട്ടെ. ലോകോ സമസ്തോ സുഖിനോ ഭവന്തു'. ഇങ്കിലാബ് ഇങ്കിലാബ്, ഇങ്കിലാബ് സിന്ദാബാദ്.