Sunday, May 15, 2016

വാക്കിന്റെ വഴികൾ

ഇന്നത്തെ ചിന്താ വിഷയം വാക്കിന്റെ വഴികൾ എന്നതിനെകുറിച്ചാണ്. ഏതൊരു ഭാഷയുടയോ പേച്ചിന്റെയോ വികാസ പരിണാമങ്ങൾ പഠിച്ചാൽ മൂന്ന് പ്രധാന അധികാര ഒഴുക്കുകളും ഓർമകളും ഓളങ്ങളും നമ്മൾ ഒരു ഭാഷ എങ്ങനെ ഒക്കെ എവിടെ ഒക്കെ പറയണമെന്നും കേൾക്കണമെന്നും മനസ്സിലാക്കണമെന്നും എഴുതണം എന്നും വഴി കാട്ടി തരുന്നുണ്ട്. ഈ മൂന്ന് അധികാര സ്വരൂപങ്ങൾ കച്ചവടം(trade), മത-വിശ്വാസ അധികാര സ്വരൂപങ്ങൾ (instutionalised religious-faith power formations) രാഷ്ട്രീയ-ഭരണ അധികാര ഘട്ടനകൾ(political power structures) എന്നീ അധികാര സ്വഭാവങ്ങളും സ്വരൂപങ്ങളും ആണ്.

വാക്കുകളുടെ കൈമാറ്റങ്ങളും ചരക്കു സേവന കൈമാറ്റങ്ങളും ഒരുമിച്ചാണ് കച്ചവടം എന്ന സാമൂഹിക-സാമ്പത്തിക വിനിമയം ഉണ്ടാകുന്നതു. വാക്ക് പറഞ്ഞാൽ വാക്ക് ആയിരിക്കണം എന്നുള്ള ഭാഷ ഉടമ്പടി എന്ന സാമൂഹിക വിശ്വാസ പ്രമാണമാണ് എല്ലാ സാമൂഹിക വിനിമയങ്ങളുടെയും കാതൽ. വാക്കുകൾ കൂട്ടി ചേർത്ത് ചേർത്താണ് വചനങ്ങളും പിന്നെ വചനങ്ങൾ മനസ്സിൽ കുടി ഏറി വിശ്വാസം എന്ന കവചം ആകുമ്പോൾ ആണ് മതങ്ങൾ കൂട്ട ഓർമകളും(collective memory) പിന്നെ ആ കൂട്ട ഓർമകൾ ദിവ്യ അധികാര രൂപങ്ങൾ ആയി രൂപാന്തരം പെടുമ്പോൾ ആണ് മതം ഒരു ഭാഷ-അധികാര സംസ്ഥാപനം ആകുന്നതു. ആയതിനാൽ ആണ് 'ആദ്യം വചനം ഉണ്ടായി, വചനം ദൈവത്തോട് കൂടെ ആയിരുന്നു വചനം ദൈവമായിരുന്നു' എന്ന വാക്യം പ്രധാനം ആകുന്നതു. 

വാക്ക് എന്നത് മനസ്സിലാകലിന്റെ ഒരു ശബ്ദരൂപ വിനിമയം ആണ്. വാക്ക് മനസ്സിലാക്കി ഒരു അർഥ വ്യൂഹം ഓർമയിൽ ഓളങ്ങൾ ആകുമ്പോഴ് ആണ് മനുഷ്യൻ അറിയാനും തിരിച്ചറിയാനും തനിച്ചറിയാനും തുടങ്ങുന്നത്. നമ്മുടെ ഓർമയുടെ അടരുകളും അടവുകളും അരുവികളും ഭാഷയുടെ നിറവും നിർവൃതിയും നിറവേരലും ആണ്. ഓർമ കുടിയേറുന്നതും കൂടണയുന്നതും കൂട്ടം ആയി പിന്നെ കൂട്ടാകുന്നതും വാക്കുകളുടെ വരമ്പിലൂടെ ആണ്. വാക്കുകളും വാക്യങ്ങളും വരികളും വരകളും ആണ് മനുഷ്യ ജാതി ഗോത്രങ്ങളെ മറ്റുള്ള ചാരചരങ്ങളിൽ നിന്നും മാറ്റുന്നത്. 

നമ്മൾ ജീവിതം പഠിക്കുന്നതും ജീവിക്കാൻ പഠിക്കുന്നതും ജോലി ചെയ്യുന്നതും വാക്കുകളുടെയും വാക്യങ്ങളുടെയും വരികളുടെയും വരകളുടെയും ഓർമ ചെപ്പുകളിൽ കൂടി ആണ്. നമ്മൾ കവിത എഴുതുന്നതും കാമിക്കുന്നതും കാണുന്നതും കേൾക്കുന്നതും വാക്കുകളുടെ വിനിമയ വ്യാപന വ്യാപരങ്ങളിൽ കൂടി ആണ്. അതുകൊണ്ടാണ് മതം ഒരു കൂട്ട ഓർമയും ബോധവുമായി ( collective memory and collective consciousness) വാക്കുകളുടെ വ്യാപാര ദിവ്യത്യയിലൂടെ മസ്‌നസ്സിനെയും മനുഷ്യനെയും കീഴ്അടക്കുന്നത്. അങ്ങനെ ഭാഷയുടെ ഭാഷണങ്ങളും ഭാഷ്യങ്ങളും ഭാഷാന്തരങ്ങളും പാട്ടുകളും ദൈവത്തിന്റെ ദിവ്യ ബലികൾ ആയി പരിണമിച്ചു അധികാര സ്വരൂപ വ്യവസ്ഥകൾ ആകുന്നതു. 

കൂട്ട് ഓർമകളും കൂട്ടായ്മകളും കാടിനെ നാടാക്കി. നാടിനെ ദേശമാക്കി. ദേശത്തെ രാഷ്ട്രമാക്കി. രാഷ്ട്രത്തെ വാക്കുകളിലൂടെയും വാളുകളിൽ കൂടിയും വയലിൽ കൂടിയും വ്യാപാര വ്യവസങ്ങളിൽ കൂടിയും മനസ്സിനെയും മനുഷ്യനെയും നിയന്ത്രിച്ചതും നിയന്ത്രിക്കുന്നതും ഭാഷയുടെ ചിട്ട പെടുത്തലുകളിൽ കൂടി ആണ്.. ഭാഷയുടെ ചിട്ടപെടുത്തലുകളിൽ കൂടി മനുഷ്യനെ ചിട്ടയിൽ ആക്കി ഒരു ചട്ടകൂട്ടിനകത്തു ആക്കുന്നുമ്പോൾ ആണ് ഭരണകൂടങ്ങൾ ഉണ്ടാകുന്നതു. ഭരണത്തിന് ഭാഷ വേണം. ഭരിക്കാൻ ഭാഷ വേണം. അങ്ങനെ ഭരണ ഭാഷതന്നെ ഒരു ചട്ടകൂടിനുള്ളിലെ ചിട്ടപെടുതലായി. അങ്ങനെ ഭാഷയെ ഭരിക്കാൻ ലീപികളും പുസ്തകങ്ങളും പദങ്ങളും പാഠങ്ങളും വിദ്വാൻമാരും വിദ്യാർത്ഥികളും ഉണ്ടായി. 
ഈ അധികാര സ്വരൂപങ്ങളുടെ കെട്ടുപാടുകളിൽ നിന്ന് ചുറ്റു വട്ടങ്ങളിൽ നിന്നും വാക്കുകളെ വേണ്ടുവോളം വീണ്ടെടുക്കൊമ്പോൾ ആണ് മനുഷ്യൻ ഭാഷയിലൂടെ സ്വയം കണ്ടെത്തുന്നത്. 

വാക്കുകളുടെ കൂട്ട്ചേരലിൽ ഓർമകൾ ഇണചേർന്നു വാചകങ്ങൾ പുതു പ്രകാശവും പ്രകാശനങ്ങളും ആകുമ്പോൾ ആണ് കവിതയും കഥയും കരുണയും എല്ലാം നമ്മുടെ ഓർമയുടെ പുതിയ ഓളങ്ങളും നാമ്പുകളും ആയി നമ്മെ വീണ്ടും നമ്മൾ ആക്കി പുതുക്കിയെടുക്കുന്നത്. അങ്ങനെ വാക്കുകൾ വരികളും വരകളും പതുക്കെ പതുക്കെ പുതിക്കിയെടുത്തു ഓർമകളെ രമിപ്പിച്ചാണ് സാഹിത്യവും ഭാഷയും നമുക്ക് സ്വത്ത ബോധവും കൂട്ട ഓർമകളും തന്നു നമ്മെ ഒരു രാഷ്ട്ര ഭാഷയുടെയുംഒദ്യോഗിക ഭാഷയുടെയും പ്രജകൾ ആക്കുന്നത്. വാക്കുകളിലെ വരമ്പുകളിലൂടെ അധികാര സ്വരൂപങ്ങളും ആയി കൂട്ട ഉടമ്പടിയിൽ ഏർപ്പെട്ടു ജീവിച്ചു മരിച്ചു സoസ്കരിക്കപ്പെട്ടുമാണ് സംസ്ക്കാരം ഉണ്ടാകുന്നതും ഉണ്ടാക്കുന്നതും. ഭാഷയും സംസ്കാരവും അധികാരത്തിന്റെ അനുരണങ്ങൾ ആണ്. 

വാക്കുകൾ പുതുക്കി പുതിയ വഴികൾ തേടുമ്പോഴാണ് ജീവിതത്തിനു ജീവൻ ഉണ്ടാകുന്നതു. കാരണം മനുഷ്യൻ വഴികളും പോംവഴികളും പഴയ വഴികളും പാഴ് വഴികളും തേൻ വഴികളും സർഗ വഴികളും സ്വർഗ്ഗ വഴികളും കണ്ടെത്തുന്നത് വാക്ക് വന്ന വഴികളിൽ കൂടിയും വാക്ക് കൂട്ടിക്കൊണ്ടു പോകുന്ന വഴികൾ കൂടിയും ആണ്. ആദിയിൽ വാക്കുണ്ടായി.വാക്ക് ദൈവത്തോട് കൂടെ ആയിരുന്നു. വാക്ക് ദൈവമായി. ദൈവം സ്നേഹമായി വാക്കിനെ സ്നേഹിക്കാൻ അരുളപ്പാടുണ്ടായി. വാക്കില്ലേൽ നാമില്ല. വാക്കില്ലേൽ ഞാനില്ല. വാക്കില്ലേൽ ജ്ഞാനി ഇല്ല. വാക്കില്ലേൽ അവകാശം ഇല്ല. വാക്കില്ലേൽ മനുഷ്യൻ ഇല്ല. വാക്കാണ് ശാസത്തെ വിശ്വാസം ആക്കുന്നത്. എല്ലാം ഒരു വിശ്വാസമല്ലേ?

No comments: