Saturday, May 28, 2016

സത്യ പ്രതിജ്ഞ കല്യാണം

വീണ്ടും ഒരു സത്യ പ്രതിജ്ഞ കല്യാണം അടിച്ചു പൊളിച്ചു. എല്ലാ കല്യാണങ്ങളെയും പോലെ കാര്യങ്ങൾ പൊടി പൊടിച്ചു. എല്ലാവര്ക്കും ഭയങ്കര സന്തോഷം. പിന്നെ കാര്യങ്ങൾ എല്ലാം ഇനിയിപ്പോൾ ശരി ആകുമെന്ന വിശ്വാസവും. വിശ്വാസം അതാണല്ലോ എല്ലാം. അങ്ങനെ കേരളത്തിന് ഒരു പുതു പുത്തൻ മുഖ്യമന്ത്രിയും പിന്നെ 18 മന്ത്രി മാരും ഉണ്ടായി. നല്ല കാര്യം.
കല്യാണ ദിവസം വരെന്റെയും വധുവിന്റെയും മുഖത്ത് കാണുന്ന ആ ഒരു തിളക്കവും സന്തോഷവും എല്ലാ മന്ത്രി മാന്യരുടെയും മുഖത്ത് ഉണ്ടായിരുന്നു. നല്ല സഖാക്കൾ ആയതിനാൽ ചില പഴയ മന്ത്രി മാന്യരെപ്പോലെ ഫേഷ്യൽ ചെയ്‌ത് പെഇന്റടിച്ചു് കൂട്ടപ്പൻമാരായി പുതിയ മന്ത്രിമാർ കടുംകൈ ചെയ്യില്ല എന്ന് ആശിക്കാം. ആർക്കാണ് അധികാരം ഒക്കെ കിട്ടിയാൽ അല്പം തിളക്കം ഒക്കെ കിട്ടാത്തത്?
സത്യപ്രതിജ്ഞ കല്യാണത്തിന് ഇന്ത്യ മഹാരാജ്യത്തുള്ള എല്ലാവരെയും വിളിക്കുന്നതിനും അല്പ സ്വല്പപ്പം കാശൊക്കെ മുടക്കി . അസ്സൂയയും കുശുമ്പും കുന്നായ്മയും ഉള്ള ദോഷൈകദൃക്കുകൾ പറയുന്നത് പരസ്യത്തിന് കോടികൾ വാരി എറിഞ്ഞു എന്നാണു. പിന്നെ ഒരു നല്ലകാര്യം തുടങ്ങി എല്ലാ ശരിയായി വരണെമെന്നുണ്ടങ്കിൽ പത്രക്കാരെ ആദ്യം കയ്യിൽ എടുക്കണമെന്ന ഗുട്ടൻസ് വിവരം ഉള്ളവർക്കെല്ലാം അറിയാം. കാശു ഇറക്കി കളിച്ചാൽ പാട്ടു മാറ്റാത്ത ഏതു മീഡിയ സിന്ഡികേറ്റാണ് ഈ ദുനിയാവിൽ ഉള്ളത്? . കാശു ഖജനാവിൽ ഉള്ളത് ചിലവാക്കാനാണ്. അപ്പോൾ പിന്നെ ഒരു നല്ല ദിവസത്തിൽ പത്രക്കാർക്ക് നല്ല നാല് കാശുകൊടുത്തു നമ്മുടെ 'ദൈവത്തിന്റെ സ്വന്തം നാടിനെ' പരസ്യം ചെയ്‌താൽ ഈ നാട്ടിലെ വലതുപക്ഷ മൂരാച്ചികൾക്കു കണ്ണുകടിയുള്ളത് അവർക്കു ഈ പാർട്ടിയെ കുറിച്ചോ വിപ്ലവത്തെകുറിച്ചോ ഫിദൽ കാസ്‌ട്രോയെ കുറിച്ചോ ഒരു ചുക്കും അറിയാത്തതു കൊണ്ടാണ്. കല്യാണം നടത്താൻ കല്യാൺ ജ്യുവലേഴ്‌സ് ഇല്ലെങ്കിലും കാര്യങ്ങൾക്കു ഒന്നും കുറവ് വരരുത് എന്നാണ് എന്റെ ഒരു ഇത്.
കാര്യം എന്തായാലും കാര്യമായി തന്നെയാണ് മന്ത്രി സഭ തുടക്കം. എണ്ണത്തിൽ കുറവ്. വണ്ണത്തിൽ കൂടുതൽ. ഗുണമേന്മക്കു ഗ്യാരന്റി. കൊട്ടും കുരവയും താലപ്പൊലിയും കുട്ടികളും മന്ത്രി മഹാത്മാക്കളെ സ്വീകരിക്കരുത് എന്ന ഫ്യൂടൽ കാലത്തേ മണ്ടത്തരം വേണ്ടയെന്ന മണ്ടയാണ് കാര്യം. അഞ്ചു ദിവസവും മാനം മര്യാദക്ക് സെക്രെറ്ററിയേറ്റിൽ ഇരുന്നു കിട്ടുന്ന ശമ്പളത്തിന് പണിചെയ്യണം എന്ന് നമ്മുടെ പുതിയ മുഖ്യമന്ത്രി നേരെ ചൊവ്വേ നല്ല ചൊല്ല് പറഞ്ഞത് നല്ല കാര്യം. പിന്നെ മന്ത്രി അനുചരന്മാരുടെ എണ്ണം അഞ്ചു കുറച്ചു. അറുപതു കഴിഞ്ഞ അണ്ണമാർക്കൊക്കെ മന്ത്രി ആകാമെങ്കിലും കൂടെ പണി എടുക്കാൻ അറുപതിൽ താഴെയുള്ള തടിയും തന്റേടവും അല്പ സ്വല്പ വിവരവും വിദ്യാഭാസവും ഉള്ളവർ മതി എന്ന് പുതിയ മുഖ്യമന്ത്രി പറഞ്ഞത് വിവരം ഉള്ളത് കൊണ്ടാണ്. മന്ത്രിമാരും അവരെ ഏൽപ്പിച്ച പണി മാനം മര്യാദക്ക് ചെയ്യുമെന്നും ശമ്പളം അല്ലാതെ കിമ്പളം പറ്റില്ലെന്നും സ്ഥലം മാറ്റത്തിനു ചിന്ന കൈക്കൂലികൾ ദല്ലാള് മുഖേന പിരിക്കില്ലന്നും ഉറപ്പു തന്നാൽ തന്നെ ഈ വന്ന കലി കാലത്തു അതിനെയും വിപ്ലവം എന്ന് വിളിക്കാം.
പിന്നെ പുതിയ മുഖ്യമന്ത്രി ഒരു നല്ല കാര്യം കൂടി നേരത്തെ പറഞ്ഞു. കണ്ട അണ്ടനും അടകോടാനും മണ്ടന്മാരും പിന്നെ സുന്ദര വിഡ്ഢികളും തട്ടിപ്പും കാരും/കാരികളും മുഖ്യമന്ത്രിയുടെ പേര് പറഞ്ഞു കാര്യം കാണാൻ വന്നാൽ മൈൻഡ് ചെയ്യരുത് എന്ന്. അപ്പോൾ ഇനി ഈ നാട്ടിലെ ടോട്ടൽ കള്ളന്മാർക്കും സാന്റിയാഗോ ഭാഗ്യക്കാർക്കും സർവോപരി സരിതമാർക്കും വിജയൻ അങ്കിൾ എന്ന് പറഞ്ഞു നാട്ടുകാർക്ക് പണികൊടുക്കാൻ പറ്റില്ല എന്ന് നേരത്തെ പറഞ്ഞത് നന്നായി. കാര്യം ഇതൊക്കെ ആണെങ്കിലും സരിതക്ക് 'പിതൃ തുല്യൻ'ആകാൻ ഒരു സാറിനെ കൂടെ കിട്ടിയതിൽ സന്തോഷം ഉണ്ടാകും. പിന്നെ ഇനി എവിടാ ഏതാ സരിതയെന്നു നാട്ടുകാർ ചോദിക്കില്ല. കാരണം ടി.വി ചാനലുകൾക്ക് തിരഞ്ഞെടുപ്പ് ഉത്സവം കഴിഞ്ഞത് മുതൽ പടം മാറി.. ഓടി തേഞ്ഞ കണ്ടു മടുത്ത തുണ്ടു പടം ഇനി ആർക്കു വേണം!!!
അവസാനമായി ചില വിനീത അപേക്ഷകൾ ആണ്. സ്റ്റേറ്റ് കാർ ചീറി പായിച്ചു ആളെ കൊല്ലരുത്. കഴിഞ്ഞ പ്രാവശ്യം സ്റ്റേറ്റ് കാറിൽ മന്ത്രിമാർ ചീറി പാഞ്ഞു പോകുന്നത് കണ്ടു അന്തം വിട്ടുനിന്ന നാട്ടുകാർ ഈ പ്രാവശ്യം വോട്ട് മാറ്റി കുത്തി എന്ന് മറക്കാതിരിക്കുക. ഫ്ലെക്സുകളിൽ കയറി വളിച്ച പ്ലാസ്റ്റിക്ക് ചിരി പാസ്സാക്കി ഞങ്ങളെ ദയവ് ചെയ്തു ബോറടിപ്പിക്കാരുത്. പിന്നെ അപ്പി ഇടാൻ പോകുമ്പോഴും പൊലീസ് എസ്‌കോർട്ട് വേണമെന്ന് വാശി പിടിക്കാതിരിക്കുക. ഈ പൊലീസുകാർ മാറി നിന്ന് അവരെ ഏൽപ്പിച്ച പണി മാനം മര്യാദക്ക് കൈക്കൂലി വാങ്ങാതെയും നാട്ടുകാരെ തെറി പറയാതയും ജോലി ചെയ്ത് നാടിനെ സേവിച്ചാൽ പകുതി പ്രശ്നം തീരും. ആയതിനാൽ നാട് നീളെ എസ്‌കോർട്ട് മായി ചീറി പായതെ ഇരുന്നാൽ നാട്ടുകാർ നിങ്ങള്ക്ക് സല്യൂട്ട് ചെയ്യും.
സത്യാ പ്രതിജ്ഞ കല്യാണത്തിന് പത്രങ്ങളെ സുഖിപ്പിച്ചെങ്കിലും വെറുതെ വേണ്ടതിനും വേണ്ടാത്തതിനും എല്ലാ മന്ത്രിമാരുടെയും പടം പരസ്യത്തിൽ അടിച്ചു വരാൻ നാട്ടുകാരുടെ കാശു ചിലവാക്കരുത്.
പിന്നയുള്ള ഒരു പ്രധാന കാര്യം. പാർട്ടിക്കാരെ വിട്ടു നാട്ടുകാരെ ദയവു ചെയ്ത വിരട്ടരുത്. നോക്ക്കൂലി ചോദിച്ചു കണ്ണുരുട്ടി കാശു പിടുങ്ങരുത് എന്ന് നമ്മുടെ ലോക്കൽ നേതാക്കളോട് ഒന്ന് പറയണം.അടിപിടി വെട്ടു കുത്തും കൊലപാതകം വിപ്ലവ പരിപാടി അല്ലെന്നു വേണ്ടപ്പെട്ടവരെ അറിയിച്ചാൽ നിങ്ങള്ക്ക് നല്ലതു.ഇതൊക്കെ ചിന്ന ആഗ്രഹങ്ങൾ. ഇനിയും ഭരണ പ്രക്രിയയെ കുറിച് പിന്നെ ഗൗരമായി സംസാരിക്കാം. കാരണം അത് ആണ് എന്റെ വിദഗ്‌ധ വിജ്ഞാന മേഖല.
അടുത്ത ആറു മാസം ഹണി മൂൺ സമയമായതിനാൽ എല്ലാം ശരിയായി പോകാൻ സാധ്യത ഉണ്ട്. അത് 2011 ലും അങ്ങനെ ആയിരുന്നല്ലോ. 'പുത്തൻ അച്ചി പുരപ്പുറം തുടക്കും' എന്നാണ് പഴമക്കാർ പറയുന്നത്. പഴയ കാര്യങ്ങളിലും പഴയ മുദ്രാവാക്യങ്ങളിലും പുതിയ മന്ത്രിമാർക്ക് വിശ്വാസം ഇല്ലാത്തതിനാൽ ആശക്കു വകയുണ്ട്. പഴയ കാര്യങ്ങൾ ഒക്കെ മറക്കുന്ന കൂട്ടത്തിൽ എന്തായാലും നമ്മുടെ പഴയ താടിക്കാരൻ കാൾ മാർക്സ് എന്ന ലണ്ടൻ മാമനെ മറക്കരുതേ. പണ്ട് ഒരുപാട് സഹായിച്ച മാമനാണ്. പിന്നെ ഫിദൽ കാസ്ട്രോ സഖാവിനെയൊക്കെ കാര്യമായി നോക്കി ഇടക്ക് ഇടക്ക് സിന്ദാബാദ് ഒക്കെവിളിച്ചു സുഖിപ്പിച്ചാൽ ദുസ്വപ്നങ്ങൾ ഇല്ലാതെ, മാടനെയും മറുതയെയും ഒന്നും പേടിക്കാതെ സമാധാനമായി കിടന്നുറങ്ങാം.
എല്ലാവര്ക്കും നല്ലതു വരട്ടെ. ലോകോ സമസ്തോ സുഖിനോ ഭവന്തു'. ഇങ്കിലാബ് ഇങ്കിലാബ്, ഇങ്കിലാബ് സിന്ദാബാദ്.

No comments: