Saturday, May 28, 2016

സർക്കാർ ഗവേഷണ നിഷ്ഫല സംരംഭങ്ങൾ

പുതിയ സർക്കാരിന് ചെയ്യാവുന്ന നല്ല കാര്യങ്ങൾ. 

ഭാഗം ഒന്ന്. 

ഇന്നത്തെ ചർച്ച സർക്കാർ ഗവേഷണ സ്ഥാപനങ്ങളെ കുറിച്ചാണ്. കേരളത്തിൽ പല രൂപത്തിലും പത്തു നാൽപ്പതു ഗവേഷണ പരിശീലന സ്ഥാപങ്ങൾ കേരള സർക്കാർ നമ്മുടെ നികുതി പണം ഉപയോഗിച്ച് ചിലവിനു കൊടുത്തു നടത്തി പോകുന്നുണ്ട്. ഇവയിൽ ഒന്നോ രണ്ടോ ഒഴിച്ച് മറ്റുള്ളവയെല്ലാം എന്തെങ്കിലും ഗവേഷണമോ പരിശീലനമോ ഒന്ന് ചെയ്യാതെ വെറുതെ ഖജനാവ് മുടിച്ചു ആർക്കാനും വേണ്ടി ഒക്കാനിച്ചു വെറുതെ ശമ്പളം കൊടുത്തു ജീവിക്കുന്ന നിഷ്ഫല സംരംഭങ്ങൾ ആണ്.
എന്താണ് പ്രശ്നം? അതാതു കാലത്തേ സർക്കാരിൽ ഉള്ളവരുടെയോ സർക്കാരിന്റെ കൂടെയുള്ളവരോടെയോ ശ്രമ ഫലമായി 5 തൊട്ട് 10 കോടി അടങ്കൾ തുകയിൽ ഓരോ വകുപ്പിന്റെ കീഴിലും ഒന്നോ രണ്ടോ ഗവേഷണ പരിശീലന കേന്ദ്രങ്ങൾ തുടങ്ങും. ചിലതു ആദ്യത്തെ രണ്ടു കൊല്ലം എന്തെങ്കിലും സെമിനാറും മറ്റു ചെപ്പടി വിദ്യ ഒക്കെ കാണിച്ചു വകുപ്പ് മന്ത്രിയെയും പത്രക്കാരെയും ഒക്കെ സുഖിപ്പിച്ചി സുഖമായി കഴിഞ്ഞു കൂടും. ഗവേഷണം ചെയ്യാൻ കഴിവുള്ളവരോ അതിനുള്ള ഫണ്ടോ ഇങ്ങയുള്ള സ്ഥാപങ്ങൾക്കു ഇല്ല. ഇതിൽ ഒട്ടുമിക്ക സ്ഥാപങ്ങളും മന്ത്രിയുടെയോ പാർട്ടിയുടേയോ സിൽബന്ധികളെ കൊണ്ട് നിറയ്ക്കും. മിക്കവാറും സർക്കാർ സർവീസിൽ നിന്ന് പെൻഷൻ പറ്റിയവരോ അല്ലെങ്കിൽ അട്ടിത്തൂൺ പറ്റിയ കോളജ് അധ്യാപകരോ ഒക്കെ ഈ സ്ഥാപങ്ങളെ അവരുടെ പോസ്റ്റ്- റിട്ടയർമെന്റ് സുഖ വാസ കേന്ദ്രങ്ങൾ ആക്കിയിരിക്കുക ആണ്. അവയിൽ പലതിൽ നിന്നും വരുന്ന ഗവേഷണം വട്ട പൂജ്യമാണു. സർക്കാർ ഏതാണ്ട് 70 കോടിയോളം രൂപ ഇങ്ങനെയുള്ള കലാ പരിപാടികൾക്ക് പ്രതി വര്ഷം പല തരത്തിൽ ചിലവാക്കുന്നുണ്ടെന്നു വേണം കരുതുവാൻ.
ഒരു ഉദാഹരണം. കേരളത്തിൽ സെന്റർ ഫോർ പാർലമെൻററി സ്റ്റഡീസ് എന്ന ഒരു സർക്കാർ ഏർപ്പാടുണ്ട്. കഴിഞ്ഞ വര്ഷം ഞാൻ കേരളത്തിലെ അസെംബ്ലിയുടെ പ്രവർത്തങ്ങൾ വിലയിരുത്തുവാൻ ഒരു ചെറിയ പഠനം നടത്തി. അസംബ്ലി ലൈബ്രറിയിൽ നിന്നും സ്പീക്കറുടെ ഓഫീസിൽ നിന്നും എം.ൽ.എ മാരിൽ നിന്നും വിവരങ്ങൾ ശേഖരിച്ച കൂട്ടത്തിൽ ആണ് ഇങ്ങനെ ഒരു ഗവേഷണ സ്ഥാപനം ഉണ്ടെന്നു അറിയുന്നത്. അതിനു ഒരു വെബ് സൈറ്റ് പോലും ഇല്ല. പക്ഷെ ഡിറക്ടറും കാറും സന്നാഹങ്ങൾ എല്ലാംമുണ്ട്. പണി പൂജ്യമാണു. അവർ പ്രസിദ്ധീകരിച്ച ഒരു 'ജേണൽ' അതി വിചിത്രം. അതിൽ ഒരൊറ്റ ലേഖനം കേരള അസ്സെംബ്ലിയുടെ പ്രവർത്തനത്തെ കുറിച്ചില്ല. പക്ഷെ തെങ്ങു കൃഷിയെകുറിച്ചും കുടുംബശ്രീയെ പറ്റിയും കൈത ചക്ക കൃഷിയെ കുറിച്ചും ഉണ്ട്. കാരണം ഡിറക്ടർക്കു പാർലിമെന്ററി ഗവേഷണത്തിൽ യാതൊരു വിവരവും ഇല്ല. ഭരിച്ചിരുന്ന പാർട്ടിയുടെ കോളേജ് അധ്യാപക സംഘടനയുടെ ഭാരവാഹി എന്നതായിരുന്നു യോഗ്യത. പാർലമെന്ററി ഗവേഷണം ഇല്ലാത്തതിനാൽ അയാളുടെ പരിചയാക്കാരായ മറ്റു കോളേജ് അദ്ധ്യാപകരുടെ കുറെ ലേഖനം ഒക്കെ അച്ചടിച്ചു കഴിഞ്ഞു കൂടി. ഇത് ഒരു സാമ്പിൾ മാത്രമാണ്.
ഈ സ്ഥാപനങ്ങൾ നിലനിൽക്കുന്നത് തന്നെ രാഷ്ട്രീയ പാർട്ടികളുടെ ശിങ്കിടികളെയും വകുപ്പ് മന്ത്രിമാരുടെ സിൽബന്ധികളെയും തിരുകി കയറ്റി നമ്മുടേ കാശു മുടിക്കാനാണ്.
സാമാന്യം നല്ലതു പോലെ നാലഞ്ചു സ്ഥാപങ്ങൾ ഉണ്ട്. പക്ഷെ അവ പോലും മീഡിയോക്കർ നിലവരത്തിന് അപ്പുറം പോകുമൊന്നു സംശയം ആണ്. കേരളത്തിൽ നിന്ന് ലോക നിലവാരത്തിൽ ഉയരാൻ പൊട്ടൻഷ്യൽ ഉള്ള ഒരു സ്ഥാപനം ആണ് സി.ഡി.ഇറ്റ് ( CDIT). വലിയ സാധ്യതകൾ ഉള്ള ആ സ്ഥാപനത്തിന് നേരെ ചൊവ്വേ ഒരു ഗവേണിങ് ബോർഡു പോലുമില്ല. അവിടെയുണ്ടായിരുന്ന പല നല്ല പ്രൊഫഷണൽ ജീവനക്കാർ സ്ഥലം വിട്ട്. ഇപ്പോൾ അത് തിരുവന്തപുരത് സർക്കാർ കരാർ പണി ഏറ്റെടുത്തു നടത്തുന്ന ഒരു ചിന്ന സ്ഥാപനം എന്നതിൽ കവിഞ്ഞ പ്രസക്തി ഒന്നും ഇല്ല. ഇനിയും ഇത് പോലെ ഒരു പാട് കഥയുണ്ട്. കേരള ആർക്കിയലോജി വകുപ്പിൽ മഷിയിട്ടു നോക്കിയാൽ ഒരു നല്ല പ്രൊഫഷണൽ ആർക്കിയലോജിസ്റ്റിനെ കിട്ടില്ല. അവർ ഏതാണ്ട് ഒക്കെ കാട്ടി കൂട്ടി ശമ്പളം വാങ്ങി കഴിഞ്ഞു പോകുന്നു. അങ്ങനെ നമ്മുടെ നികുതി പണം തിന്നു മുടിച്ചു കഴിയുന്ന സ്ഥാപങ്ങൾ കുറെ ഏറെ ഉണ്ട് ഈ നാട്ടിൽ.ഇതെല്ലാം എഴുത്തണമെങ്കിൽ ഒരു രണ്ടു പുസ്തകം എഴുതണം.
എന്റെ നിർദേശങ്ങൾ.
1) ഈ സ്ഥാപനങ്ങളെ വിലയിരുത്തി അവയുടെ പ്രസക്തി പഠിക്കുവാൻ ദേശീയ അന്തർ ദേശീയ രംഗത്തെ പ്രഗത്ഭർ ആയ ഒരു സമിതിയെ നിയമിച്ചു വിശദമായ ഒരു വിലയിരുത്തൽ നടത്തുക.
2) ആവശ്യം അല്ലാത്തവ അടക്കുക.
3) ചില സ്ഥാപങ്ങൾ കൂട്ടി യോജിപ്പിക്കുക.
5) പ്രൊഫഷണൽ സ്ഥാപങ്ങളിൽ അതാതു രംഗങ്ങളിൽ പ്രാഗൽഭ്യം ഉള്ള വിദഗ്ദ്ധരെ അഡ്വേർട്ടീസ് ചെയ്തു ദേശീയ തലത്തിൽ ഉള്ള എക്‌സ്‌പേർട് സെലക്ഷൻ കമ്മറ്റി വഴി തിരഞ്ഞെടുക്കുക. വെറും പാർട്ടി സിൽബന്ധികളെ തിരുകി കയറ്റാതിരിക്കുക.
6) എല്ലാ ഗവേഷണ സ്ഥാപങ്ങൾക്കും പെർഫോമൻസ് ഇൻഡക്സ് നിർബന്ധമാക്കുക. പെർഫോം ചെയ്യാത്ത ഡയരക്ടറെ തൽ സ്ഥാനം ഒഴിയാനുള്ള വകുപ്പ് അപ്പോയിന്റിമെന്റ് കോൺട്രാക്ടിൽ ഉൾപ്പെടുത്തുക
7). ഈ സ്ഥാപനങ്ങൾ വർഷവും അക്കറെഡിറ്ഷൻ നടത്താൻ ഉന്നത വിദ്യഭ്യാസ കൗൺസിലിൽ ഒരു അക്രെഡിഷൻ വിഭാഗം ഉണ്ടാക്കുക.
8)ഈ സ്ഥാപങ്ങൾ ഇന്ത്യ സർക്കാരിൽ നിന്നും മറ്റു സ്രോതസ്സിൽ നിന്നും ഫണ്ട് റൈസ് ചെയ്യാൻ ഉള്ള വ്യവസ്ഥ ഉണ്ടാക്കുക. 

No comments: