Tuesday, May 10, 2016

മലയാളികൾക്ക് ജോലിയോടുള്ള സമീപനo

ഇന്നത്തെ ചിന്താവിഷയം മലയാളികൾക്ക് പൊതുവെ ജോലിയോടുള്ള സമീപനത്തെ കുറിച്ചാണ്. പഠിക്കുന്നുന്നതിന്റെ ഏക ഉദ്ദേശം എങ്ങയെങ്കിലും എവിടെയെങ്കിലും ഏറ്റവും കൂടുതൽ ശമ്പളം കിട്ടുന്ന ഒരു ജോലി എത്രയും വേഗം സംഘടിപ്പിക്കുക എന്നതാണ് എന്നാണ് മിക്ക മാത പിതാക്കളും ധരിച്ചു വച്ചിരിക്കുന്നത്. അവരുടെ കുട്ടികൾ പത്താം തരം കഴിയുമ്പോഴേക്കും അവര്ക്ക് വേവലാതി ആണ്. കുട്ടിക്ക് ഒട്ടുമിക്ക വിഷയങ്ങൾക്കും എ+ ഇല്ലങ്കിൽ അച്ഛൻ അമ്മമാർക്ക് ഉറക്കം കെടുന്ന അവസ്ഥയിൽ ആണ് മിക്ക വീടുകളും.

കാരണം കേരളത്തിലെ ഒരു നല്ല വിഭാഗം ആളുകൾക്ക് അവരുടെ മക്കൾ ഡോക്ടറോ എഞ്ചിനീരോ ഐ.ടി മാനേജർ അല്ലെങ്കിൽ എം.ബി.എ എടുത്തു വല്ല കോർപ്പറേറ്റ് കമ്പിനികളിൽ മാനേജർ മാരൊ ആകണം എന്നാണ് മോഹം. ഈ കഴിഞ്ഞ പത്തു വർഷമായി ഐ. എ. എസ്., ഐ.പി.എസ് മുതലായവ അത്യുന്നത മോഹ ശ്രേണിയിൽ കയറി.പക്ഷെ ഇവിടെയും ഒരു പാട് ആൺ പെൺ വ്യത്യസങ്ങൾ ഉണ്ട്. കേരളത്തിലെ മിക്ക സാധാരണ ആർട്സ് ആൻഡ് സയൻസ് കോളജിൽ പോയാൽ ഒരു 85 ശതമാനം പെൺ കുട്ടികൾ ആയിരിക്കും. ഇത് കേരളത്തിൽ മധ്യ വർഗ മീഡിയോക്കർ പുരുഷ മേധാവിത്ത ചിന്തയുടെ ഒരു അടയാളപെടുത്തലാണ്. ഒരേ വീട്ടിൽ ഉള്ള പയ്യന്മാരെ കടം എടുത്തോ, കാശു കൊടുത്തോ മെഡിസിനും എഞ്ചിനീറിങ്ങിനും മറ്റു പ്രൊഫഷണൽ കോഴ്സുകൾക്കും ഏതു ദുനിയവിലും അയക്കുമ്പോൾ പെമ്പിള്ളേരെ അടുത്തുള്ള കാശു അധികം ചിലവാക്കാത്ത സർക്കാർ കോളജുകളിൽ പറഞ്ഞയക്കും. കാരണം വളരെ സിംപിൾ ആണ്. ഒന്നാമതായി പെൺ പിള്ളേർ കൺവെട്ടത് തന്നെ വേണം എന്ന മനോഭാവം. രണ്ടാമത് പെൺ കുട്ടികൾ പഠിക്കുന്നത് തന്നെ 'കെട്ടിച്ചു' വിടാൻ ആണെന്ന മനോഭാവം. അതിനാൽ അധികം പൈസ വിദ്യാഭ്യാസത്തിൽ കളയാതെ കല്യാണം കഴിച്ചു അയക്കാൻ സ്വരു കൂടി വെക്കുക എന്ന വെറും സാദാ നാട്ടു നടപ്പു.

 ഇതിന്റെ ഒക്കെ പരിണിത ഫലം ഒരു വലിയ ശതമാനം കുട്ടികൾ അവരുടെ നൈസർഗീക കഴിവുകൾക്കു (aptitude) അനുസരിചു ഇഷ്ടമുള്ള കോഴ്‌സുകളിൽ അല്ല ചേരുന്നത്. കളാസ്സിൽ ഉള്ള കുട്ടികൾ എല്ലാം എഞ്ചിനീറിങ്ങിനോ മെഡിസിനോ പോകുമ്പോൾ എനിക്കും പോകണം (പിയർ പ്രഷർ) എന്ന സ്ഥിയിൽ ആണ് വലിയ ഒരു വിഭാഗം.അതിനാൽ പത്താം തരം കഴിഞ്ഞാൽ എന്ട്രെസ്സു കടമ്പ കടക്കാൻ പറ്റിയ പാകത്തിൽ ആക്കയെടുക്കാൻ കൊച്ചിങ് സെന്ററിൽ അയച്ചു പുഴുങ്ങി എടുക്കാൻ കുട്ടികളെ പറഞ്ഞയക്കും. ഇതെല്ലാം കഴിയുമ്പോഴായിരിക്കും കുട്ടികൾ അവരുടെ താല്പര്യം എഞ്ചിനീരിങ്ങോ മെഡിസിനോ അല്ല എന്ന് തിരിച്ചറിയുന്നത്. അതുകൊണ്ടു തന്നെയാണ് എഞ്ചിനീയറിംഗ് വിജയ 18 ശതമാനം ആയിരിക്കുന്നത്. മെഡിസിൻന്റെ കാര്യവും വ്യത്യസ്തമല്ല. വല്ല വിധേനയും എം.ബി.ബി.എസ് കടമ്പ കടന്നാൽ പിന്നെ പി.ജി ക്കുള്ള അഡ്മിഷന് വേണ്ടിയുള്ള പങ്കപ്പാടിലാണ്. ചുരുക്കത്തിൽ ഒരാൾ നല്ല ശമ്പളം കിട്ടുന്ന ഡോക്ടർ ആകാൻ ഒരു പത്തു മുപ്പത്തി മുന്ന് വയസ്സാകും.

 സാധാരണ നാട്ടു നടപ്പിന് (കോൺഫിർമിസ്റ് സോഷ്യൽ നോം)എതിരായി എന്തെങ്കിലും വിഷയം പഠിച്ചാലോ ജോലി തേടിയാലോ വിശാല വീട്ടുകാർക്കും പിന്നെ നാട്ടുകാർക്കും ആണ് പ്രയാസം. ഒരാൾ സോഷ്യൽ സയൻസൊ ഹുമാനിറ്റിസോ പഠിക്കുവാൻ പോയാൽ ആദ്യം ചോദിക്കുന്നതു :"ഓ നിനക്ക് മറ്റൊന്നിനിനും അഡ്മിഷൻ കിട്ടിയില്ലയിരുന്നോ" എന്നായിരിക്കും. ഇതൊക്കെ കഴിഞ്ഞു ചിലർ വല്ല സിവിൽ സർവീസ് പരീക്ഷ എഴുതി കടമ്പ കടന്നില്ലെങ്കിൽ പറയുന്നത് " കണ്ടോ അവന്റെ/അവളുടെ അതിമോഹം. വല്ല മര്യാദക്ക് കിട്ടിയ പണി ചെയ്തു കല്യാണം കഴിച്ചു കഴിയേണ്ട സമയത്ത് ഇങ്ങനെ നടന്നിട്ട് എന്ത് പ്രയോജനം!!" എന്ന് പരിതപിച്ചു പരിതപിച്ചു ചെറുപ്പക്കാരെ ഒരു പരുവമാക്കും.

 ഇതിനിടയിൽ ആരെങ്കിലും സംരംഭകാരായി എന്തെങ്കിലും ബിസിനെസ്സ് തുടങ്ങിൽയാൽ നാട്ടിലേം വീട്ടിലേം അഭ്യുദകാംഷികൾ ചോദിക്കും "അപ്പൊ പണിയൊന്നും കിട്ടിയില്ല അല്ലിയോ? " അല്ലെങ്കിൽ "എന്തിനാ മോനെ റിസ്കുള്ള ബിസിനസ്സിൽ ഒക്കെ പോകുന്നത്?".നാട് ഓടുമ്പോൾ നടുവേ ഓടണം എന്ന ചിന്താ ഗതിയാണ് ഒരു മീഡിയോക്കർ സമൂഹത്തിന്റെ മുഖമുദ്ര.

ലോകത്തു മാറ്റം വരുത്തിയ എഴുത്തുകാരോ ശാസ്ത്രജ്ഞൻ മാരൊ സാമൂഹിക രാഷ്ട്രീയ പ്രവർത്തകരോ കാലകരന്മാരോ ബിസിനസ്സ് കാരോ വലിയ പണ്ഡിതൻ മാരൊ സ്ഥാപങ്ങൾ ഉണ്ടാക്കിയവരോ നാട് ഓടിയപ്പോൾ നടുവേ ഓടിയ പതിവിൻപടി (confirmist) ആളുകൾ അല്ല. ഞാൻ സയൻസ് വിട്ടു സാഹിത്യത്തിലേക്കും ഭാഷ ശാസ്ത്രത്തിലേക്കും പിന്നെ മുന്ന് നാലു കൊല്ലം ഗവേഷണം ഒക്കെ കഴിഞ്ഞു മിസോറാമിലെ ഒരു പ്രൈമറി സ്‌കൂളിൽ അദ്ധ്യാപകൻ ആകാൻ തീരുമാനിച്ചപ്പോൾ വീട്ടുകാരും നാട്ടുകാരും സങ്കടപ്പെടാൻ തുടങ്ങി ' എന്ത് മിടുക്കൻ കൊച്ചനായിരുന്നു. തല തിരിഞ്ഞു പോയാൽ എന്ത് ചെയ്യും" അല്ലെങ്കിൽ " എന്റെ മോനെ നിന്റെ ഗതി ഇങ്ങനെ ആയല്ലോ. നമ്മുടെ ഇന്നാരെ നോക്കി പഠിക്കു"' ഇതോന്നുമല്ലെങ്കിൽ 'നിനക്കാരു പെണ്ണ് തരുമെടാ?" അത് കഴിഞ്ഞു ഞാൻ യൂണിവേസ്‌സിറ്റിയിൽ അദ്ധ്യാപകൻ ആയപ്പോൾ വീട്ടുകാർക്ക് കുറെ ആശ്വാസമായി " എന്തായാലും ഇനി പെണ്ണേലും കിട്ടുമല്ലോ!!"അധ്യാപനം മടുത്തു മുഴുവൻ സമയ സാമൂഹിക പ്രവർതനത്തിലേക്ക് ചാടിയപ്പോൾ എല്ലാവരും ഉറപ്പിച്ചു "അവനു വട്ടാണ്". പിന്നെ സാമ്പത്തിക ശാസ്ത്രവും പബ്ലിക് പൊളിസിയും ഒക്കെ പഠിച്ചപ്പോൾ ചോദിച്ച " ഈ വന്ന കാലത്തു ഇത് കോണ്ടു എന്ത് പ്രയോജനം!! ഇവന് വട്ടു തന്നെ". വട്ടായത് കൊണ്ട് ഇഷ്ടപെട്ട പെണ്ണിന്റെ കൂടെ കൂട്ടുകാരായി. ഒരു കുഴപ്പവും ഉണ്ടായില്ല.

എന്റെ കരിയർ പൂർവാധികം ഭംഗിയായി ഇപ്പോഴും പോകുന്നതിന്റെ കാരണം 'നാട് ഓടുമ്പോൾ നടുവേ ഓടത്തില്ല എന്ന് പണ്ടേ തീരുമാനിച്ചത് കൊണ്ടാണ്. ഇഷ്ടമുള്ള കാര്യങ്ങൾ ഇഷ്ട്ടം പോലെ ഇഷ്ടമായി ചെയ്യുന്നത് കൊണ്ടാണ്. ഇഷ്ടമുള്ള വിഷയങ്ങൾ ഇഷ്ട്ടം പോലെ തിരഞ്ഞു പിടിച്ചു പഠിക്കുന്നത് കൊണ്ടാണ്. ഇഷ്ട്ടം ഉള്ളവരുമായി കൂട്ട് കൂടുന്നതിലാണ്.താന്തോന്നിയായി ഇഷ്ട്ടം പോലെ ജീവിക്കുന്നതിലാണ്. ഐ. എ. യെസ് കാരനാകാൻ വീട്ടുകാർ പറഞ്ഞപ്പോൾ സൗകര്യമില്ല എന്ന് തറു തല പറഞ്ഞത് കൊണ്ട് ഒരു കുഴപ്പവും ഉണ്ടായില്ല. പെണ്ണ് കെട്ടി അമേരിക്കയിൽ പോയി രക്ഷ പെടാൻ ഉപദേശിച്ചവരോട് പോയി പണി നോക്കാൻ പറഞത് കൊണ്ട് ഞാൻ വഴിയാധാരമായില്ല. ഏറ്റവും വലിയ വിരോധാഭാസം ഇപ്പോൾ നാലു ആളുകൾ തേടി വരുന്ന ഒരു കരിയർ കൗൺസിലർ ആയി മറിയിരിക്കയാണ് ഞാൻ. അത് അടുത്ത കരിയർ ഷിഫ്റ്റ് ആക്കിയലോ എന്ന ആലോചനയിൽ ആണ് ഞാൻ.

1 comment:

Anonymous said...

A total change in our educational set up and outlook of the society is essential. It should first help the children to first become good human beings, responsible citizens and help them to cultivate and nurture skills, habits , talents and aptitudes inherent in them. Our education and training should be tailored to suit this so that they can use them for the betterment &progress of the society and will help them to choose the right career path suited to them and also to the society. Once we start utilising our resources in this direction, it will be much easier to bring the right change.At present, we are wasting a considerable amount of human resources and also our hard earned money in this sector through ill-conceived programs and actions.