Friday, July 15, 2016

ബജറ്റ് വീണ്ടു വിചാരങ്ങൾ.

ബജറ്റ് വീണ്ടു വിചാരങ്ങൾ.
ജോൺ സാമുവൽ
പുതിയ സർക്കാരിന്റെ പുതിയ ധനമന്ത്രി ഡോ. തോമസ്സ് ഐസക്ക് ഒരു പുതിയ ഉണർവ്വിൽ അടുത്ത അഞ്ചു കൊല്ലത്തെ നോക്കി നടത്തിയ ബജറ്റ് പ്രസംഗം നന്നായി. 116 പേജിൽ ഉള്ള പ്രസംഗത്തിൽ പറയാത്ത കാര്യങ്ങൾ കുറവ്. വാഗ്ദാനങ്ങൾ ആവശ്യം പോലെ. പോരാത്തതിന് പുട്ടിന് പീര എന്നത് പോലെ ആവശ്യത്തിന് ശ്രീ നാരായണ സൂക്തങ്ങളും ഓ. എൻ. വി കവിതയും. കേരളത്തിലെ ബജറ്റ് പ്രസങ്ങളിൽ ആപ്ത വാക്യങ്ങൾക്കു ഒരു ധന മന്ത്രിയും കുറവ് വരുത്തിയിട്ടില്ല. ആയതിനാൽ തന്നെ ബജറ്റ് പ്രസംഗത്തിൽ ഊർജസ്വലനായ ധനമന്ത്രി നമ്മുടെ പ്രതീക്ഷയ്ക്കൊത്തു തന്നെ പ്രസംഗിച്ചു. നല്ല കാര്യം.
കേരളത്തിൽ അന്നും ഇന്നും ഉള്ള പ്രശ്നം മനോഹരമായ പ്രസംഗത്തിന് ശേഷം സർക്കാർ കാര്യം മുറപോലെ പോകുമെന്നതാണു. അതുകൊണ്ടു തന്നെയാണ് പറഞ്ഞതിൽ പാതി പതിരായി പോയി, അറിഞ്ഞതിൽ പാതി നടക്കാതെ പോയി എന്ന അവസ്ഥ കേരളത്തിൽ ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ ബജറ്റ് പ്രസംഗത്തെ അഭിനന്ദിക്കുമ്പോഴും പ്രധാന പ്രശ്നം പ്രസംഗവും പ്രവർത്തിയും തമ്മിൽ എത്ര മാത്രം അന്തരം ഉണ്ടാകുമെന്നതാണ്. അതിനു കൊറേയൊക്കെ മാറ്റം വരുത്തുവാനുള്ള ഇച്ഛാശക്തി പുതിയ സർക്കാരിനുണ്ടാകുമോ എന്ന കാര്യമാണ് കണ്ടറിയേണ്ടത്.
കേരളത്തിൽ അടുത്ത ഒരാഴ്ച്ച ബജറ്റുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാകും. അത് കഴിഞ്ഞു നാം വീണ്ടും അടുത്ത മാർച്ചിൽ അടുത്ത ബജറ്റ് പ്രസംഗം കേട്ട് വീണ്ടും ഉത്തേജിതരായി മൂന്നു ദിവസം ചർച്ച ചെയ്തു പിൻ വാങ്ങും. ഈ ബജറ്റ് പ്രസംഗങ്ങൾക്ക് ഇടയിൽ എന്താണ് സംഭവിക്കുന്നത് എന്നറിയാൻ ജനത്തിന് താല്പര്യമുണ്ടെങ്കിലും അറിയുവാൻ തക്കതായ മാർഗ്ഗമില്ല. അതിനെ കുറിച്ച് ഒരു വരി പോലും ബജറ്റ് പ്രസംഗത്തിൽ ഇല്ല എന്നുള്ളതാണ് പ്രശനം. ഒരു ജനകീയ സർക്കാർ എല്ലാ മൂന്നു മാസം കൂടുമ്പോഴും സർക്കാർ വരവ് ചെലവ് കണക്കുകളും നടപ്പിലാക്കിയ വാഗ്ദാനങ്ങളുടെ നിജ സ്ഥിതിയും നികുതി ദായകരായ പൊതുജന സമക്ഷം അവതരിപ്പിക്കുവാൻ അമാന്തിക്കുന്നതെന്തു കൊണ്ടാണ്? ഇതിന് ഒരു മാറ്റം ജനപങ്കാളിത്തത്തിൽ വിശ്വസിക്കുന്ന തോമസ് ഐസക് കൊണ്ടുവരും എന്ന പ്രതീക്ഷ തെറ്റി.
ആദ്യമായി ബജറ്റിന്റെ പൊതു വരവ് ചെലവ് കണക്കുകൾ. പുതുക്കി അവതരിപ്പിച്ച ബജറ്റിൽ 84616.85 കോടി രൂപ വരവും 97683.10 കോടി രൂപ ചിലവും ആണ് പ്രതീക്ഷിക്കുന്നത്. റവന്യു കമ്മി 13066.25 കോടി രൂപയാണ്. 17, 926 കോടി രൂപ പൊതു കടമെടുത്താൽ അതിന്റെ 73% കമ്മി നികത്താൻ ചിലവഴിക്കേണ്ടി വരും. കഴിഞ്ഞ വർഷങ്ങളിൽ പ്രതീക്ഷയ്ക്കൊത്ത വരുമാനം ഉണ്ടാകാതെ വന്നപ്പോൾ പറഞ്ഞതിൽ പലതും ചെയ്യാതെ ട്രഷറി ഒരു വിധം നോക്കി നടത്തി പോയെന്നു മാത്രം. അതുകൊണ്ട് തന്നെ പുതുക്കിയ ബജറ്റിൽ പറഞ്ഞ വരവ് ചിലവ് കണക്കുകളും യാഥാർത്ഥ വരവ് ചിലവ് കണക്കുകളും എത്ര മാത്രം പൊരുത്തപ്പെടുമെന്നും കണ്ടു തന്നെയറിയണം. പൊതുവെ ധനകാര്യ മാനേജ്മെന്റിൽ വൈദഗ്ധ്യമുള്ള തോമസ് ഐസക്കിന് അതിനു കഴിയും എന്ന് പ്രത്യാശിക്കാം.
ഇനി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞ പ്രസക്തമായ കാര്യങ്ങൾ. ഈ പുതുക്കിയ ബജറ്റിൽ ചില പുതിയ നല്ല കാര്യങ്ങൾ ഉണ്ട്. അവയിൽ ഒന്നാമത്തേത് ഒരു സ്ത്രീ പക്ഷ ബജറ്റ് നിർദേശമാണ്. സ്ത്രീ ശാക്തീകരണത്തിന് പുതിയ വകുപ്പും പുതിയ നിർദ്ദേശങ്ങളും അഭിനന്ദനം അർഹിക്കുന്നു. അടുത്ത നല്ല കാര്യം ട്യൂറിസം, ഐ.റ്റി മേഖലകളെ ശക്തിപ്പെടുത്താൻ ഉള്ള ബജറ്റ് നിർദേശങ്ങൾ ആണ്. സാംസ്കാരിക കലാ രംഗങ്ങൾക്ക് ഉത്തേജനം നല്കുന്ന ചില നിർദ്ദേശങ്ങളും ശ്രദ്ധ അർഹിക്കുന്നു. സാമൂഹിക സുരക്ഷ മേഖലയിൽ കഴിഞ്ഞ സർക്കാർ തുടങ്ങിയ പദ്ധതികൾ എല്ലാം തന്നെ തുടർന്നു കൊണ്ടുപോകുന്നതും ചിലതിന് കൂടുതൽ തുക മാറ്റി വച്ചതും നല്ല കാര്യമാണ്. എല്ലാവർക്കും ആരോഗ്യം എല്ലാവർക്കും ഭവനം എന്നൊക്കെ കഴിഞ്ഞ സർക്കാർ വാഗ്ദാനം ചെയ്ത കാര്യങ്ങൾ പുതിയ സർക്കാരും തുടരുന്നത് നല്ലതു തന്നെ.
ബജറ്റിൽ പറയുന്ന ഒരു പുതിയ നിർദേശം എങ്ങനെ മാർക്കറ്റിൽ നിന്ന് 20,000 കോടി രൂപ സ്വരൂപിച്ചു പുതിയ പശ്ചാത്തല സൗകര്യങ്ങൾ ഉണ്ടാക്കി സാമ്പത്തിക മാന്ദ്യത്തെ തരണം ചെയ്യാമെന്നാണ്. ഇതിനു വേണ്ടി സർക്കാർ പ്രത്യേക സംവിധാനം ഉണ്ടാക്കി അന്തരാഷ്ട വിദഗ്ദ്ധരുടെ ഉപദേശത്തിൽ 20,000 കോടി മാർക്കറ്റിൽ നിന്നും സർക്കാർ ഗ്യാരന്റിയോടു കൂടി എടുത്തു ചെലവഴിച്ചു മാന്ദ്യാവസ്ഥയെ തരണം ചെയ്യുമെന്നാണ് ഐസക് വിശ്വസിക്കുന്നത്. അദ്ദേഹത്തിന്റെ വിശ്വാസം അദ്ദേഹത്തെയും കേരള സാമ്പത്തിക സ്ഥിതിയെയും രക്ഷിക്കട്ടെ എന്ന് പ്രത്യാശിക്കാനേ ഇപ്പോൾ വകയുള്ളൂ.
എവിടെയൊക്കെയാണ് പ്രശ്നങ്ങൾ? ഒന്നാമതായി പ്രീ. ഫാബ്രിക്കറ്റഡ് വീടുകൾ പാവങ്ങൾക്ക് കൊടുക്കുമെന്ന ആശയത്തിൽ പല അപകതകളും ഉണ്ട്. രണ്ടാമതായി കൂടുതൽ പൊതുമേഖലാ വ്യവസായ സരംഭങ്ങൾ തുടങ്ങുന്നതിനു മുൻപ് ഇപ്പോൾ നഷ്ടത്തിൽ ഓടുന്ന പൊതുമേഖലാ സംരംഭങ്ങളെ ലാഭത്തിലാക്കിയെല്ലെങ്കിൽ അത് പോലെയുള്ള സ്ഥിതി പുതു സംരംഭങ്ങൾക്കും വരും. കെ. എസ്. ആർ. ടി.സി ഓരോ മാസവും നേരിടുന്ന നഷ്ടം 85 കോടി രൂപയാണ്. എല്ലാ ബജറ്റ് പ്രസംഗങ്ങളിലും അതിനെ നന്നാക്കാൻ കാലാകാലങ്ങളിൽ പാക്കേജ് ഉണ്ടാക്കിയെങ്കിലും ആ സ്ഥാപനം ഇപ്പോഴും വൻപിച്ച നഷ്ടത്തിൽ തന്നെ. ഗണ്യമായ ലാഭമുള്ളത് മദ്യ വ്യാപാരം നടത്തുന്ന ബീവറേജസ് കോർപ്പറേഷനു മാത്രം. അതുകൊണ്ട് തന്നെ വീണ്ടും പൊതു മേഖല സരംഭങ്ങളിൽ പണം മുടക്കുന്നതിനു മുൻപ് ഉള്ളത് നന്നാക്കുവാനാണ് ശ്രമിക്കേണ്ടത്. അതിന് ആദ്യം വേണ്ടതു രാഷ്ട്രീയ നിയമനങ്ങൾ ഒഴിവാക്കി പ്രഫഷണൽ മാനേജ്‌മെന്റിന്റെ നേതൃത്വത്തിൽ അവയെ ലാഭകരമാക്കാനുള്ള ശ്രമമാണ്.
ഏതാണ്ട് അൻപതിൽ അധികം സർക്കാരിതര സ്ഥാപങ്ങൾക്കും എൻ.ജി.ഓ കൾക്കും ബജറ്റിൽ കോടി കണക്കിന് തുക കൊടുക്കാൻ വകയിരുത്തിയിട്ടുണ്ട്. ഇങ്ങനെ സ്ഥാപനങ്ങളെ തിരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡം എന്താണ്? ആരാണ് ഇവയെ തിരഞ്ഞെടുത്തത്? ഇതിനു സർക്കാർ അപേക്ഷ ക്ഷണിച്ചിട്ടുണ്ടോ? ഈ കൊടുക്കുന്ന തുകയ്ക്ക് തുല്യമായ എന്ത് ഔട്ട്പുട്ട് ആണ് ഈ സ്ഥാപനങ്ങൾ തരുന്നത്? ഇവിടെ എന്താണ് പ്രശ്നം? ഭരിക്കുന്ന പാർട്ടികളുടെയും മന്ത്രമാരുടെയും സിൽബന്ധികൾക്കും 50 ലക്ഷവും 25 ലക്ഷവും കൊടുക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിൽ ആണ്? അർഹതപ്പെട്ട നല്ല സർക്കാരിതര സ്ഥാപങ്ങൾക്കു ഗ്രാന്റ് കൊടുക്കുന്നത് നല്ലതു തന്നെ. പക്ഷെ അത് ഒട്ടും സുതാര്യമല്ലാതെ തോന്നിയവർക്കു തോന്നിയതു പോലെ കൊടുക്കുന്നത് ജനകീയ സദ്ഭരണത്തിന്റെ ലക്ഷണമല്ല. അതും സാമ്പത്തിക പ്രതിസന്ധിയുള്ള സാഹചര്യത്തിൽ.
കേരളത്തിൽ തൊട്ടതിനും പിടിച്ചതിനും ഒക്കെ സ്മാരകങ്ങളും മ്യുസിയങ്ങളും ഉണ്ടാക്കിയ ശേഷം അവയൊക്കെ ആരും കയാറാനില്ലാതെ കാട് പിടിച്ചു നശിച്ചു പോകുന്ന അവസ്ഥയാണ് പലപ്പോഴും ഉള്ളത്. ഈ ബജറ്റിലും സ്മാരകങ്ങൾക്കും മ്യൂസിയങ്ങൾക്കും ഒരു കുറവുമില്ല. ഇതിൽ പ്രധാന പ്രശ്നം കെട്ടിട നിർമ്മാണത്തിന് പണം കൊടുത്ത ശേഷം നടത്തിക്കൊണ്ടു പോകുവാൻ പണമില്ലാത്ത അവസ്ഥയാണ്. ഇത് കൂടാതെ സർക്കാർ ഗവേഷണ സ്ഥാപങ്ങൾക്ക് ഈ വർഷവും പണം കൊടുക്കും. എന്നാൽ അവയിൽ നിന്ന് എന്ത് ഗവേഷണ ഫലങ്ങളാണു ഉണ്ടാകുന്നത് എന്നത് ഇപ്പോഴും ഒരു വിഷയമല്ല. കാട്ടിലെ തടി തേവരുടെ ആന എന്ന മട്ടിൽ ആണ് അധികം ഗവേഷമില്ലാത്ത ഗവേഷണ സ്ഥാപനങ്ങൾ നമ്മുടെ ചിലവിൽ നടത്തിക്കൊണ്ടു പോകുന്നത്.
വിദ്യാഭ്യാസത്തെയും ഉന്നത വിദ്യാഭ്യാസത്തെയും നന്നാക്കണം എന്ന ആഗ്രഹം വളരെ നല്ലതാണ്. എങ്ങനെ നന്നാക്കണം എന്നതാണ് പ്രശനം. ആയിരം കോടി രൂപ മുടക്കി 140 സ്കൂളുകൾ ‘അന്താരാഷ്ട്ര’ നിലവാരത്തിലേക്ക് ഉയർത്തും എന്നാണു വാഗ്ദാനം. ഈ ‘അന്തരാഷ്ട്ര’ നിലവാരം എന്താണു സർ? 140 പുതിയ സ്കൂൾ ബ്ലോക്ക് ഉണ്ടായത് കൊണ്ടോ കുറെ സ്മാർട്ട് ബോർഡും സ്മാർട്ട് കളാസ്സ് മുറിയും ഉണ്ടായതുകൊണ്ടോ മാത്രം ഇവിടെ വിദ്യഭ്യാസ നിലവാരം ഉയരില്ല. ഇവിടെ അടുത്ത പത്തു കൊല്ലങ്ങളിൽ പല സ്കൂളുകളിലും പഠിക്കാൻ വിദ്യാർത്ഥികൾ ഇല്ലാത്ത സ്ഥിതിയിലേക്ക് ആണ് കാര്യങ്ങളുടെ പോക്ക്. ആയതു കൊണ്ട് തന്നെ കേരളത്തിലെ വിദ്യാഭ്യാസം നവീകരിക്കാൻ ഒരു സമൂലമായ സമീപനമാണു വേണ്ടത്. 140 സ്കൂളുകളെ ‘അന്താരാഷ്ട്ര’ മോഡലിൽ ഉയർത്തിയിട്ടു സാദാ സ്കൂളുകളെ അവയുടെ വഴിക്കു വിട്ടാൽ അത് സർക്കാർ തന്നെ രണ്ട് തരം വിദ്യാഭ്യാസ നിലവാരം ഉണ്ടാക്കുന്ന അവസ്ഥ വരുത്തും. കേരളത്തിലെ യൂണിവേഴ്‌സിറ്റികളെ കുറേക്കൂടി പണം കൊടുത്തു രക്ഷപ്പെടുത്താനാവില്ല. അതിന് സമൂലമായ പരിവർത്തനം വന്നില്ലെങ്കിൽ കേരളത്തിൽ നിന്ന് ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ പലായനം ചെയ്യുന്നത് തുടരും. അത് ഭാവിയിൽ കേരളത്തിന്റെ സമ്പദ് ഘടനയേയും സമൂഹത്തെയും സാരമായി ബാധിക്കും എന്നതിൽ സംശയമില്ല.
ഈ ബജറ്റിൽ നികുതി പിരിവു മെച്ചപ്പെടുത്താനും ട്രഷറിയെ നവീകരിക്കുവാനുമുള്ള നിർദേശങ്ങൾ നല്ലതു തന്നെ. അതിൽ പ്രധാനമായത് വ്യാപാരി വ്യവസായികളെ വിശ്വാസത്തിൽ എടുത്ത് അവരുടെ സഹകരണത്തോടെ നികുതി വരുമാനം മെച്ചപ്പെടുത്തും എന്നതാണു.
മൊത്തത്തിൽ ബജറ്റ് പ്രതിസന്ധികളെ ഓർമപ്പെടുത്തിക്കൊണ്ടുതന്നെ ശുഭാപ്തി വിശ്വാസം നിറഞ്ഞതാണ്. സ്വാഭാവികമായും പുതിയ സർക്കാരിന്റെ പുതിയ ബജറ്റ് ആകുമ്പോൾ ഉത്സാഹവും ശുഭാപ്തി വിശ്വാസവും കൂടും. ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്ക് പരിചയ സമ്പന്നനും കഴിവ് തെളിയിച്ച ധനകാര്യ മന്ത്രി ആയതിനാലും ബജറ്റ് പ്രസംഗത്തിലെ കുറേ വാഗ്ദാനങ്ങൾ എങ്കിലും ഫലപ്രാപ്തിയിൽ എത്തും എന്ന് പ്രത്യാശിക്കാം.

No comments: