Monday, March 27, 2017

ഒരു ആമസോണിയൻ മലയാളി കഥ


ആമസോണിലെ രാവിലത്തെ സൂര്യന് വല്ലാത്തൊരു ചൂടാണ് . പക്ഷെ, ഉച്ചകഴിഞ്ഞുള്ള മഴകൾ ഹൃദയത്തെ തണുപ്പിക്കും. കപ്പല്‍ത്തുറയില്‍നിന്നു വൈകുന്നേരങ്ങളിൽ വിരുന്ന് വരുന്ന ഇളംകാറ്റിൻ കൂട്ടങ്ങൾ
ബേലേമിലെ പുഴകളെ തഴുകി ഓളങ്ങളിൽ നൃത്തം വയ്ക്കും. പുലരിയിലെ ബേലം നഗരത്തിന് വൈയിലിന്റ ഭാവമാണെങ്കിൽ വൈകുന്നേരങ്ങളിൽ നഗരം ഇളംതണുപ്പുള്ള കാറ്റുകളുടെ കൂടാരമാകും.
പഴുത്ത മാങ്ങകളുടെ മണമാണ് നഗരത്തിന്. റോഡുകള്‍ക്കിരുവശത്തുമുള്ള വയസ്സരായ മാവുകള്‍ അതിനൊരു കാരുണ്യ ഭാവം നല്‍കുന്നു. വൈകുന്നേരങ്ങളില്‍ വെയിലും മഴയും തീവ്രമായ ആലിംഗനത്തിലമരുമ്പോൾ ബേലം ഒരു വശ്യ സുന്ദരിയാകും .
ബ്രസീലിലെ ആമസോണിയന്‍ സംസ്ഥാനമായ പാരയുടെ തലസ്ഥാനമാണ് ബേലെം . ആമസോണ്‍ പ്രദേശത്ത് തന്ത്രപ്രധാനമായി സ്ഥിതിചെയ്യുന്ന ഈ തുറമുഖത്തിന്‍റെ സാദ്ധ്യതകളെക്കുറിച്ച് പോര്‍ച്ചുഗീസുകാര്‍ 1615ല്‍ കണ്ടെത്തിയതു മുതല്‍ക്കാണ് ബെലേമിന്‍റെ കഥയാരംഭിക്കുന്നത്. അന്നു തുടങ്ങിയതാണ്‌ അവിടുത്തെ സസ്യമൃഗജാലങ്ങളുടെ ആഗോളവല്‍ക്കരണം. ബെലേമിലെ തുറമുഖത്തുനിന്നുമാണ് ലോകമെമ്പാടേക്കുമുള്ള റബ്ബറിന്‍റെയും, മരച്ചീനിയുടെയും, മറ്റനവധി സുപരിചിത കായ്കനികളുടെയും പ്രയാണം തുടങ്ങിയത്.
പഴയ മഹിമയുടെ കഥകൾ കൈവിടാന്‍ മടിക്കുന്ന ഒരു നഗരമാണ് അതെന്നു തോന്നും. ഈ തുറമുഖനഗരത്തിന്‍റെ നടുവിലുള്ള അതിപുരാതനമായ കത്തീഡ്രലിനും സിമിത്തേരിക്കും പറയാന്‍ നിരവധി കഥകളുണ്ട്. ബെലേം ലോകത്തിലെ റബ്ബര്‍ കയറ്റുമതിയുടെ കേന്ദ്രമായിരുന്ന കാലത്തെ ധനസമൃദ്ധിയുടെയും ആഡംബരത്തിന്‍റെയും കഥകള്‍. റബ്ബര്‍ ബെലേമിനെ സമ്പന്നമാക്കി. തങ്ങളുടെ മോട്ടോര്‍ കാറുകളുടെ ടയറുകള്‍ക്കുള്ള ഏറ്റവും ഗുണമേന്മയുള്ള റബ്ബര്‍ ശേഖരിക്കുന്നതിന് ഫോര്‍ഡ് കമ്പനിക്ക് ഇവിടെ റബ്ബര്‍ സമ്പാദനത്തിനൊരു സവിശേഷ ശാഖയുണ്ടായിരുന്നു. റബ്ബര്‍, പിന്നീട്, മലേഷ്യയിലേക്കും, തായ് ലണ്ടിലേക്കും, ഇന്ത്യയിലേക്കും യാത്രയായി. അവിടങ്ങളിലെല്ലാം വിശാലമായ റബ്ബര്‍ത്തോട്ടങ്ങള്‍ ഉയര്‍ന്നു വന്നു.
നാല്‍പ്പതു കൊല്ലങ്ങള്‍ക്കു മുമ്പ് റബ്ബറിന്‍റെ വില മൂക്കുകുത്തനെ ഇടിഞ്ഞു; അതോടൊപ്പം, ബ്രസീലിലെ ഏറ്റവും ഊര്‍ജ്ജസ്വലമായ നഗരങ്ങളിലൊന്നായിരുന്ന ബെലേമിന്‍റെ മഹിമയും കുറഞ്ഞു . തുറമുഖത്തിനു ചുറ്റുമുണ്ടായിരുന്ന പഴയ പാണ്ടികശാലകള്‍ വിദേശവിനോദസഞ്ചാരികളെ സല്‍ക്കരിക്കുന്ന വിലകൂടിയ ഭക്ഷണശാലകളും പബ്ബുകളുമായി രൂപാന്തരം പ്രാപിച്ചു
അന്തരീക്ഷത്തിലിപ്പോഴും നഗരത്തിന്‍റെ ഗതകാലലാവണ്യം തങ്ങിനില്‍പ്പുണ്ട്. തെരുവു കലഹങ്ങളിലും കൊള്ളയിലും ശരാശരി നാലഞ്ചാളുകള്‍ നിത്യേന കൊല്ലപ്പെടുന്നുണ്ടു . 1.8 ദശലക്ഷം ജനസംഖ്യയുള്ള ഈ നഗരമേഖലയില്‍ ഒരുവർഷം അക്രമപ്രവര്‍ത്തനങ്ങളിലായി ശരാശരി 1,400 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
ലോകത്തിലെ അതിസമ്പന്ന രാഷ്ട്രങ്ങളിലൊന്നായിത്തീരാനുള്ളതെല്ലാം ബ്രസീലിലുണ്ട്. പ്രകൃതി വിഭവ സമ്മർദ്ധമായ രാജ്യത്തു എല്ലാവർക്കും ഭൂമിയും ജോലിയും കിട്ടാനുള്ളതെല്ലാമുണ്ട്. അതേസമയം, ലോകത്തിലെ ഏറ്റവും അസമത്വങ്ങൾ ഉള്ള . രാജ്യങ്ങളിൽ ഒന്നാണിത്. അസമത്വങ്ങളും തൊഴിലില്ലായ്മയും സാമൂഹിക സംഘര്‍ഷങ്ങളും , കുറ്റകൃത്യങ്ങളും കൂട്ടുന്നു . നഗരത്തിനകത്ത് അക്രമം വളര്‍ത്തുന്നതിന് ഒരു കാരണം അസമത്വങ്ങൾ ഉണ്ടാകുന്ന സാമൂഹിക പ്രശ്നങ്ങളാണ്.
ഭൂവുടമകളുടെ വര്‍ഗ്ഗത്തില്‍പ്പെടുന്ന ഒരാള്‍ക്കോ അയാളുടെ കുടുംബത്തിനോ നൂറായിരക്കണക്കിനോ, ചിലപ്പോള്‍ ദശലക്ഷക്കണക്കിനോ, ഹെക്റ്റര്‍ ഭൂമി കൈവശം വെക്കാം. ബ്രസീലിലെ ഏറ്റവും വലിയ ഭൂവുടമകളിലൊരാള്‍ക്ക് ബല്‍ജിയത്തിന്‍റെ വലുപ്പം വരുന്ന ഭൂമി സ്വന്തമായുണ്ട്. അത്യസാധാരണമായ ഈ അസമത്വം അക്രമത്തിന്‍റെയും സംഘര്‍ഷങ്ങളുടെയും ഭൂമികയാണ് വളര്‍ത്തുന്നത്.
മയക്കുമരുന്നു വ്യാപരത്തിന്‍റെ ഒരു പ്രധാന കേന്ദ്രം കൂടിയാണ് ബെലേം. അമ്പതോ നൂറോ അമേരിക്കന്‍ ഡോളറു കൊടുത്താല്‍ ഒരു തോക്കും കിട്ടും. കൊളംബിയായില്‍നിന്നു ആമസോണ്‍ നദിയിലൂടെ ബോട്ടുകളിലാണ് മയക്കു മരുന്നു ബെലേമിലേക്കു കടത്തുന്നത്. പിന്നീടത് അവിടെ നിന്നും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കു പോകുന്നു. ഇതെല്ലാം ബെലേമിനെ ബ്രസീലിലെ അതിഹിംസയുള്ള നഗരങ്ങളിലൊന്നാക്കുന്നു.
എന്നാല്‍ ബ്രസീലില്‍നിന്നു പഠിക്കാന്‍ പലതുമുണ്ട്. രാഷ്ട്രീയ പ്രക്ഷോഭങ്ങൾ പോലും ഒരു കാർണിവൽ ആക്കുന്ന ഒരു ജനതയുടെ നാടാണിത്. പ്രതിഷേധങ്ങള്‍ക്കു പോലും ഒരുത്സവത്തിന്‍റെ ഉണര്‍വ്വു ബാധിച്ചേക്കും. സംഗീതത്തിന്‍റെയും മുദ്രാവാക്യങ്ങളുടെയും താളം ഓരോ ജാഥയെയും ഒരു വമ്പന്‍ തെരുവു ഘോഷയാത്രയാക്കി മാറ്റും. ബ്രസീലിന്‍റെ സമൂഹങ്ങളെ സംഘടിപ്പിക്കുന്ന രീതിയില്‍ നിന്നും, രാഷ്ട്രീയ പ്രക്രിയകളില്‍നിന്നും ഏറെ മനസ്സിലാക്കാനുണ്ട്. അതിന്‍റെ ബഹുവര്‍ണ്ണ സംസ്കാരവും, ബഹുവംശജനതയും അതിനെ മറ്റു ലത്തീനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നു വ്യത്യസ്തമാക്കുന്നു. വിമോചന ദൈവശാസ്ത്രത്തിന്‍റെയും പൌലോ ഫ്രെയറിന്‍റെയും പാരമ്പര്യം ബ്രസീലിന്‍റെ സ്വപ്നങ്ങളിലും പ്രകടനങ്ങളിലും ഇന്നും തെളിഞ്ഞു കാണാം. ചെ ഗുവേരയും, ഗാന്ധിയും, പൌലോ ഫ്രെയറും, മാര്‍ട്ടിന്‍ ലൂഥര്‍ കിംഗും ഇപ്പോഴും ഇവിടുത്തെ ജനങ്ങളെയും പ്രസ്ഥാനങ്ങളെയും പ്രചോദിപ്പിക്കുന്നു.
ഇന്ത്യയെയും ഇന്ത്യാക്കാരെയും കുറിച്ച് കൂടുതലറിയാന്‍ ബ്രസീലുകാര്‍ക്ക് ഉത്സുകതയുണ്ട്. തെരുവിലുള്ള പലരും വേള്‍ഡ് സോഷ്യല്‍ ഫോറത്തിലെ ആളുകളും എന്നെ സമീപിച്ച് ഞാന്‍ ഇന്ത്യാക്കാരനാണോ എന്നു ചോദിച്ചു. ദ വേ ഓഫ് ഇന്ത്യ എന്ന ബ്രസീലിയന്‍ ടി വിയിലെ പ്രുചരപ്രചാരമുള്ള ഒരു സീരിയലാണ് ഈ പുതിയ ആവേശത്തിനു ഹേതു. ഒരു ബോളിവുഡ് സോപ്പ് ഓപ്പറായുടെ ബ്രസീലിയന്‍ ഭാഷ്യമാണത്. കഥ തുടങ്ങുന്നത് ബ്രസീലില്‍. പിന്നെയതു പോകുന്നതോ ജയ്പ്പൂരിലേക്കും! ഈ സോപ്പ് ഓപ്പറായിലെ മുഴുവന്‍ അഭിനേതാക്കളും ബ്രസീലുകാരാണ്. എന്നാല്‍ അവരുടെ രൂപവും വേഷവും നൂറു ശതമാനവും ഇന്ത്യാക്കരുടേതും!
ഒരിന്ത്യാക്കാരനും ഒരു ബ്രസീലിയനാണെന്ന പ്രതീതി ജനിപ്പിക്കാനാകും. ബെലേമിലെ ഫെഡറല്‍ അര്‍ബ്ബന്‍ യൂണിവേഴ്സിറ്റി ക്യാമ്പസ്സിലെ ഉച്ചഭക്ഷണത്തിനുള്ള നീണ്ട ക്യൂവില്‍ വെച്ചാണ് ഞാനതു മനസ്സിലാക്കിയത്. ചര്‍മ്മം തവിട്ടു നിറമായ ഒരു മാന്യന്‍ എന്നെ നോക്കി പുഞ്ചിരിച്ചു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടത്താറുള്ള വേള്‍ഡ് സോഷ്യല്‍ ഫോറത്തില്‍ പതിവുകാരായ ഞങ്ങള്‍ക്കുണ്ടായ നിരവധി ബ്രസീലിയന്‍ സുഹൃത്തിക്കളിലോ, മറ്റു ലത്തീനമേരിക്കന്‍ സുഹൃത്തുക്കളിലോ ഉള്ള ഒരാളായിരിക്കാമെന്നാണ്‌ തോന്നിയത്. അദ്ദേഹം ഒഴുക്കോടെ പോര്‍ച്ചുഗീസ് സംസാരിക്കുന്നതു ഞാന്‍ കേട്ടു. പക്ഷെ, പേരെഴുതിയ കാർഡ് നോക്കിയപ്പോള്‍ കണ്ടത് “ഷാജി” എന്നായിരുന്നു. ലോകത്തിലെ അങ്ങേക്കോണിലൊരു സഹമലയാളിയെ കാണുമ്പോള്‍ ഒരു തരം പരസ്പര ബന്ധുത്വവും ഒരാവേശവും അനുഭവപ്പെടും. ആളാരാണെന്നറിയില്ലെങ്കിലും, ഞാന്‍ മലയാളത്തിലാരാഞ്ഞു: “എവിടുന്നാ?”. ഉടനെ ഉത്തരമുണ്ടായി: “രാമപുരത്തുനിന്നാ, പാലായിലെ.” അങ്ങിനെയാണ് ഏകദേശം ഇരുപതു കൊല്ലമായി ആമസോണില്‍ ഒപ്പമുള്ള ആദിവാസികളായ അമേരിക്കനിന്ത്യാക്കാരുമൊത്തു പ്രവര്‍ത്തിക്കുന്ന ഒരസാധാരണ മലയാളി ആക്ടിവിസ്റ്റിനെ ഞാന്‍ കണ്ടെത്തുന്നത്.
ഷാജിയുടെ കഥ വേറിട്ടൊരു ജീവിത നടപ്പാതയാണ് രാമപുരത്തുനിന്നു മൈസൂരിലെ സെന്‍റ് ലൂയി യൂണിവേഴ്സിറ്റിയിലേക്കും, സാവോ പോളോയിലേക്കും, ആമസോണിലേക്കും നീളുന്ന കഥ. ബ്രസീലില്‍ ഇരുപതു വര്‍ഷങ്ങളായി ജീവിക്കുന്ന ഷാജി സാമൂഹിക നീതിക്കുള്ള ബ്രസീലിയന്‍ പ്രസ്ഥാനത്തിലെ പങ്കാളി കൂടിയാണ്. ആദിവാസി അമേരിക്കക്കാരുമൊത്ത് ആമസോണ്‍ കാടുകളിലെ ആഴത്തില്‍ കഴിഞ്ഞിട്ടുള്ള ചുരുക്കം ചിലരിലൊരാളാണ് ഷാജി. സംഘാടനപ്രവര്‍ത്തനം വഴിയും, വക്കാലത്തുകള്‍ വഴിയും അദ്ദേഹം കോടതിയിലും മാദ്ധ്യമങ്ങളിലും അവരുടെ പോരാട്ടങ്ങള്‍ക്കു പിന്‍ബലമായി.
ഒരു ഇന്‍റര്‍കള്‍ച്ചറല്‍ ലേണിംഗ് ഫെലോഷിപ്പ് നേടുക വഴിയാണ് ഷാജി, 1989ല്‍, ബ്രസീലിലെത്തുന്നത്; സെന്‍റ് ലൂയി യൂണിവേഴ്സിറ്റിയും സാവോ പോളോ യൂണിവേഴ്സിറ്റിയും തമ്മിലുള്ള ഒരു വിദ്യാര്‍ത്ഥിക്കൈമാറ്റ നടപടി വഴി. പിന്നീടൊരിക്കലും അദ്ദേഹം യു എസ്‌ എയിലേക്കു മടങ്ങിയില്ല. വിദ്യാര്‍ത്ഥിയായിരിക്കേ, അദ്ദേഹം പ്രസിഡണ്ട് ലൂലായുടെ ട്രെയ്ഡ് യൂണിയനോടൊപ്പം പ്രവര്‍ത്തിച്ചു. പിന്നീട്, ബ്രസീലിലെ ഭൂരഹിതജനതയുടെ ഏറ്റവും ബൃഹത്തും സ്വാധീന ശക്തിയുള്ളതുമായ സാമൂഹിക പ്രസ്ഥാനത്തോടൊപ്പം ചേര്‍ന്നു.
ആമസോണിലെ ഭൂമാഫിയയെയും വനമാഫിയയെയും ചെറുത്ത ചുരുക്കം ചിലരിലൊരാളാണ് മൃദുഭാഷിയും, നാട്യമില്ലാത്തവനുമായ ഈ ഗവേഷക പ്രവര്‍ത്തകന്‍. അദ്ദേഹത്തിന്‍റെ ഭാര്യ ഏലി അവിടത്തെ ജുഡീഷ്യല്‍ സര്‍വ്വീസിലെ മുതിര്‍ന്ന ഒരുദ്യോഗസ്ഥയാണ്. അവരെ കണ്ടാല്‍, കൂടുതലും, ചന്തമുള്ളൊരു മലയാളിയാണന്നേ തോന്നൂ; ഷാജിയെക്കണ്ടാല്‍ ബ്രസീലിയനെന്നും.
സംസ്കാരങ്ങളുടെയും വംശങ്ങളുടെയും മൂശയായ ബ്രസീലില്‍ ഷാജി ഒരു ബ്രസീലിയന്‍ പൌരനായിട്ട് വര്‍ഷങ്ങള്‍ നിരവധിയായി. ആമസോണ്‍ യൂണിവേഴ്സിറ്റിയില്‍ ഗവേഷണത്തിലാണെങ്കിലും, അദ്ദേഹത്തിന്‍റെ ഭൂരിഭാഗം സമയവും ചിലവഴിക്കപ്പെടുന്നത് ആമസോണ്‍ കാടുകളിലെ ആഫ്രിക്കന്‍ സമുദായത്തിന്‍റെയും, ആദിവാസി സമൂഹത്തിന്‍റെയും ലക്ഷ്യങ്ങള്‍ക്കായുള്ള പോരാട്ടത്തിനു വേണ്ടിയാണ്. അദ്ദേഹം ക്വിലോംബോളകളെന്ന ആഫ്രിക്കന്‍ സമുദായത്തെക്കുറിച്ച് എന്നോടു സംസാരിച്ചു; അടിമത്തത്തില്‍നിന്ന്‍ പലായനം ചെയ്ത് ആമസോണ്‍ കാടുകളില്‍ അഭയം പ്രാപിച്ചവരെപ്പറ്റി.
ആമസോണ്‍ ജനതയുടെ കഥ ചതിയുടെയും, കൊലയുടെയും, കൊള്ളയുടെയും, ഭൂബലാല്‍ക്കാരത്തിന്‍റെയും കഥയാണ്. ആദ്യം മരത്തടി മാഫിയ വന്നു. പിന്നെ, സോയാബീന്‍ കമ്പനികള്‍. തുടര്‍ന്ന്‍, ഖനനക്കമ്പനികള്‍. സ്ഥലവാസികള്‍ക്ക് അവരുടെ നിലവും, കാടും, ഉപജീവനമാര്‍ഗ്ഗവും നഷ്ടമായി. മീനും മരച്ചീനിപ്പൊടിയും കഴിച്ചാണ് അവര്‍ ജീവിക്കുന്നത്. വിദ്യാഭ്യാസമോ, സര്‍ക്കാര്‍ സഹായങ്ങളോ അവര്‍ക്കു ലഭിക്കുന്നില്ലെന്നു തന്നെ പറയാം. പത്തൊമ്പതാം നൂറ്റാണ്ടില്‍ ബ്രസീല്‍ സ്വതന്ത്രമാകുമ്പോള്‍ അവരുടെ ജനസംഖ്യ നാലു ദശലക്ഷമായിരുന്നു. ഇന്നതു കേവലം ഏഴുലക്ഷമാണ്. ബാക്കിയുള്ളവര്‍, ഒന്നുകില്‍, കൊല്ലപ്പെട്ടു. അല്ലെങ്കില്‍, പകര്‍ച്ചവ്യാധികള്‍ക്കിരയായി. ലോകത്തിലെ ഏറ്റവും വലിയ കന്നുകാലിഫാമുള്ള ഈ ഭൂമിയിലെ അതിദുരന്തങ്ങളുടെ സാക്ഷ്യപത്രമായി അവര്‍ നിലകൊള്ളുന്നു; ചൂഷണത്തിന്‍റെയും, ശോഷണത്തിന്‍റെയും ബാക്കിപത്രമായി. ഇവിടുത്തെ ഏറ്റവും വലിയ ഫാമില്‍ ഒരു ദശലക്ഷത്തിലധികം കന്നുകാലികളുണ്ട്. അതാകട്ടെ ഒരൊറ്റ മനുഷ്യന്‍റെ ഉടമസ്ഥതയിലും.
ബെലേമില്‍നിന്നു മലേഷ്യയിലേക്കും പാലായിലേക്കുമൊക്കെ റബ്ബര്‍ സഞ്ചരിച്ചപ്പോള്‍, പാലായായില്‍നിന്നുള്ള ചെറുപ്പക്കാരൻ റബ്ബറിന്‍റെ ജന്മനാട്ടിലേക്ക് ബഹുദൂരം പിന്നിട്ടു യാത്രയായി. ഭൂമിയെ സംരക്ഷിക്കാന്‍. നീതിക്കു വേണ്ടി പോരാടാന്‍. ലോകത്തിലെ അത്യന്തം പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട, അതിചൂഷിതമായ ജനതകളിലൊന്നിനൊപ്പം പ്രവർത്തിച്ചു മാറ്റം വിതക്കാൻ!
ആമസോണ്‍ കാടുകളുടെ അപൂര്‍വ്വ പ്രകൃതിയെപ്പറ്റിയും, അവിടത്തെ ആദിവാസിജനതയുടെ കഷ്ടസ്ഥിതിയെപ്പറ്റിയുമുള്ള, സന്ദര്‍ശകനായി വന്ന ഒരു പുരോഹിതന്‍റെ, പ്രഭാഷണം ഒൻപതാം ക്‌ളാസ്സിൽ കേട്ടു പ്രചോദിതനായതു മുതല്‍ ഷാജി ആമസോണിലേക്കു പോകുന്നതിനെപ്പറ്റി സ്വപ്നം കണ്ടിരുന്നു. അദ്ദേഹം ആ സ്വപ്നത്തെ പിന്തുടര്‍ന്നു. ആമസോണ്‍ കാടുകളുടെ ആഴത്തില്‍പ്പോയി ജീവിച്ചു. ഒരു തോണിയില്‍ ദിവസങ്ങളോളം താമസിച്ചു കൊണ്ട് ഗ്രാമങ്ങളില്‍നിന്നു ഗ്രാമങ്ങളിലേക്കു സഞ്ചരിച്ചു. ലോകത്തിലെ അങ്ങേയറ്റം പാർശ്വവല്‍ക്കരിക്കപ്പെട്ട ഒരു സമൂഹത്തെ സഹായിച്ചു. ബോധവല്‍ക്കരിച്ചു.
ഷാജിയെ കണ്ടാല്‍ ഒരു നേതാവാണെന്നു തോന്നില്ല. എന്നാല്‍, അപൂര്‍വ്വമായ നേതൃഗുണങ്ങള്‍ തന്നിലുണ്ടെന്ന് അദ്ദേഹം സ്ഥാപിച്ചിരിക്കുന്നു; തന്‍റെ സ്വപ്നത്തെ പിന്തുടരുക വഴിയും, ഭൂമാഫിയയെയും മറ്റു അധികാര ദുർഗ്ഗങ്ങളെയും ചെറുക്കാനുള്ള വിശ്വാസദാര്‍ഢ്യം വെളിവാക്കുക വഴിയും. ഭൂമാഫിയയും വനമാഫിയയും ചേര്‍ന്നു തലേ വര്‍ഷം കൊലപ്പെടുത്തിയ പ്രശസ്തയായ സിസ്റ്റര്‍ ഡൊറോത്തിയുടെ കൂടെ വളരെ ശ്രദ്ധയോടെ പ്രവര്‍ത്തിച്ചയാളു കൂടിയാണ് ഷാജി.
സ്വന്തം നാട്ടുകാരനായ ഷാജിയെ ബെലേമില്‍ കണ്ടപ്പോൾ തന്നെ കൂട്ടുകാരായി. മാത്രമല്ല, ഒരു വിദൂരദേശത്തെ, അങ്ങേയറ്റത്തെ ഭീഷണിനേരിടുന്ന ഒരു സ്ഥലത്തെ, അത്യന്തം പാർശ്വവൽക്കരിക്കപ്പെട്ട ഒരു ജനതയുടെ അവകാശങ്ങള്‍ക്കു വേണ്ടി പൊരുതുന്ന എന്‍റെ നാട്ടുകാരന്‍റെ പേരില്‍ അഭിമാനവും തോന്നി.
ഷാജിയുടെയും ഏലിയോടുമൊപ്പം ആമസോൺ നദിയുടെ ഉള്ളൊഴുക്കു അറിഞ്ഞു ബോട്ടിന്റെ മുനമ്പത്തിരുന്നു ആമസോണ് കാടുകളെയും കാറ്റുകളെയും കിളികളെയും കണ്ടും കേട്ടുമറിഞ്ഞത് ഇന്നും നല്ല ഓർമ്മകളുടെ പച്ച തുരുത്താണ്.
ഷാജി ഒരേ സമയം ആമാസോണിയാകാരനും രാമപുരത്തുകാരനും, നന്മയുടെ ആൾരൂപവുമാണ്. യൊഗ പഠിപ്പിച്ചു ജീവിത ചിലവ് കണ്ടെത്തിയ ഷാജിയുടെ ജീവിത പാതകൾ അധികമാരും സഞ്ചരിക്കാത്തവയാണ്.ആരും അധികം കേൾക്കാത്ത, അറിയാത്ത, ആരവങ്ങൾ ഇല്ലാത ജീവിക്കുന്ന ഒരു മലയാളി യോഗിയാണ് ഷാജി.
പൊതുവെ കേള്‍ക്കാത്ത, പറയപ്പെടാത്ത, കഥകളാണിവ. അതുകൊണ്ടു തന്നെയാണ് ഈ ആമസോൺ കഥ അപൂർവമായ ഒരു അനുഭവമായതു

No comments: