Monday, March 27, 2017

കേരളത്തിലെ പോലീസ്

മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തിലെ പോലീസ് ഭേദമാണെന്നാണ് എനിക്ക് തോന്നുന്നത്. കേരളത്തിലെ പോലീസുകാരിൽ ഭൂരിപക്ഷം പേരും ഉന്നത വിദ്യാഭ്യാസവും വിവരവും ഉള്ളവരാണ്. ഇവരിൽ തന്നെ കൂടുതൽ പേരും പച്ചക്കു തെറി വിളിക്കുന്ന സ്വഭാവം
മാറ്റിയിട്ടുണ്ട്.
ഇതൊക്കെയാണെങ്കിലും പോലീസ് സംവിധാനം ഇപ്പോഴും പഴയപടിയിൽ നിന്ന് ഗണ്യമായിട്ടു മാറിയിട്ടില്ല എന്ന് വേണം കരുതാൻ. മിക്ക
പോലീസ് സ്റ്റേഷനിലും പരാതി പറയാൻ വരുന്നവർക്കോ അല്ലെങ്കിൽ എന്തെങ്കിലും സര്ടിഫിക്കറ്റിനോ വരുന്നവർക്ക് ഇരിക്കാൻ പോലും സീറ്റുണ്ടാകാറില്ല.
ഒരു സാധാരണക്കാരന് ഇന്നും പോലീസ് സ്റ്റേഷനിൽ പോകുവാൻ പേടിയാണ്. ഇന്നും
എന്തെങ്കിലും കാര്യത്തിന് പോലീസ് സ്റ്റേഷനിൽ പോകാൻ അതാതു ഭരണകക്ഷിയുടെ ലോക്കൽ നേതാക്കളുടെ ഇടപെടൽ വേണമെന്ന അവസ്ഥയാണ്. കുറെയൊക്കെ ഭേദപ്പെട്ടിട്ടുണ്ടെങ്കിലും കൈക്കൂലി ഇപ്പോഴും ഒരു പ്രശ്നമാണ്. പിന്നെ ഇപ്പോഴും "എടാ, പോടാ" വിളിയും പിന്നെ അത്യാവശ്യം തെറികളും പോലീസ്
ഭാഷയുടെ ഭാഗമാണെന്നു വേണം കരുതാൻ. ഇതൊക്കെ ആണെങ്കിലും മാന്യമായി ഇടപെടുന്ന പോലീസ്കരുമുണ്ട്.
പ്രധാന പ്രശനം പോലീസ് എന്നത് ഒരു ജനകീയവും ജന സേവനവും ആണെന്ന് പോലീസുകാർക്കും ജനങ്ങൾക്കും ബോധം വരണം. രണ്ടാമത് അതാതു ഭരണ കക്ഷികളുടെ ആശ്രിതരോ വേട്ടക്കാരോ അല്ല പോലീസ് എന്ന് മനസ്സിലാക്കണം. മൂന്നാമത് പോലീസിൽ അടിമുടി പ്രൊഫഷണലിസം നടപ്പാക്കണം. പോലീസ് എന്നത് മാന്യതയുള്ള തൊഴിൽ ആണെന്ന് പോലീസുകാർക്കും , നാട്ടുകാർക്കും രാഷ്ട്രീയക്കാർക്കും മനസ്സിലാക്കണം.
നാലാമത് പോലീസ് സ്റ്റേഷനുകളിൽ സിറ്റിസൺ ചാർട്ടറുകളും ഓരോ പൗരനുമുള്ള അവകാശങ്ങളും ക്ര്യത്യമായി എല്ലാവര്ക്കും കാണാവുന്ന രീതിയിൽ പ്രദർശിക്കുക.
പിന്നെ പൊലീസിങ് എന്ന് വച്ചാൽ കൂമ്പിടിച്ചു വാട്ടുക എന്നല്ലെന്നു പോലീസുകാരെ എല്ലാ വർഷവും വേണ്ട ഇൻസെർവീസു ട്രൈനിംഗുകളിലൂടെ പരിശീലിപ്പിക്കുക.
ജനായത്ത വ്യവസ്ഥക്ക് അനുസരിച്ചു പോലീസ് സംവിധാനം തന്നെ പരിഷ്കരിക്കേണ്ടതായിട്ടുണ്ട്. ഇതിനു തടസ്സമായി നിൽക്കുന്ന ഒരു പ്രശനം ഭരണം കയ്യിൽ കിട്ടിയാൽ മിക്ക രാഷ്ട്രീയ കക്ഷികളും പോലീസിനെ അവരുടെ ഭരണ ഹുംകും അധികാര ധാർഷ്ട്യവും കാണിക്കുവാൻ ഉപാധി ആകുവാനുള്ള ഒരു നാട്ടു നടപ്പാണ്.
ഈ സർക്കാർ ഭരണമേറ്റപ്പോൾ പോലീസ് എസ്കോർട്ടു ഉപയോഗിക്കില്ല എന്നൊക്കെ പലരും വീര വാദം മുഴക്കിയെങ്കിലും ഭരണത്തിലേറി മൂന്നു മാസം കഴിഞ്ഞപ്പോൾ ഒരു മന്ത്രിക്കും എസ്കോർട്ടിന് ഒരു കുറവുമില്ല. അവരുടെ വാഹങ്ങൾക്കു വേഗ പരിധിയും ബാധകമല്ല.
പിന്നെ കേരളത്തിന് ഒരു ആഭ്യന്തര മന്ത്രി ഉണ്ടായിരുന്നെങ്കിൽ ചോദിക്കാനും പറയാനുമെലും ആരെങ്കിലും ഉണ്ടെന്നു വിചാരിക്കാമായിരുന്നു.
വഞ്ചി ഇപ്പോഴും തിരുനക്കര തന്നെ

No comments: