Friday, September 22, 2017

"ഭഗവതി ശരണം "

amam.com/career-and-education/edu-news/norway-memories-js-adoor-feature-news/2017/sep/20/338645
------------------------------------------------------------------
നോര്‍വേയില്‍ കണ്ട ഒരു നല്ല കാര്യം. സ്കൂളുകളില്‍ കുട്ടികള്‍ക്ക് ബേസിക് പ്ലുംബിങ്ങും , ഇലക്ട്രിക് റിപ്പയരിങ്ങും , കാര്‍പെണ്ടരി ഒക്കെ പഠിക്കാന്‍ അവസരം ഉണ്ടെന്നതാണ്. നോര്‍വെയിലെ വലിയ പ്രോഫെസ്സര്‍മാരും ഉദ്യോഗസ്ഥരും പലപ്പോഴും അവരവരുടെ വീട് സമ്മര്‍ വെക്കേഷന്‍ സമയത്ത് സ്വന്തമായാണ് പെയിന്റ് ചെയ്യുന്നത്. കാരണം ഈ തോഴിലിനെല്ലാം ആളിനെ ബുക്ക്‌ ചെയ്തു കിട്ടിയാലും വലിയ കൂലിയാണ്. അത് ഒരു പാട് കാശ് ചിലവാകുന്ന ഏര്‍പ്പാടാണ്.
നോര്‍വേ ലോകത്തിലേക്കും ഏറ്റവും കൂലി കൂടുതല്‍ ഉള്ള സ്ഥലങ്ങളില്‍ ഒന്നാണ് . അതുകൊണ്ടാണ് കേരളത്തില്‍ നിന്ന് അവിടെ പല തരികിട വിസയില്‍ ചെന്ന് പെട്ട ബീ ടെക്ക് എം ടെക്ക്കാര്‍ ക്ലീനിംഗ് ജോലി ഒരു മടിയും ഇല്ലാതെ ചെയ്യുന്നത് . കാരണം അവരില്‍ പലരും ഒരു രണ്ടു ലക്ഷം രൂപ മാസം വീട്ടില്‍ അയച്ചു കൊടുക്കും.
അവിടെ ഒരു പണിചെയ്യുന്നതിനും 'സ്ടാറ്റസ് ' ഒരു പ്രശ്നമല്ല . നോര്‍വേയില്‍ മന്ത്രിമാര്‍ പോലും അവരുടെ വീട്ടിലെ ജോലി അവര്‍ തന്നെയാണ് ചെയ്യുന്നത്. എന്‍റെ സുഹൃത്തായിരുന്ന ഒരു മന്ത്രിയുടെ വീട്ടില്‍ ചെന്നപ്പോള്‍ അയാള്‍ അവിടെ പുല്ലു ചെത്തുകയാണ് . പിന്നെ അടുക്കളയില്‍ കയറി പാത്രങ്ങള്‍ ഒക്കെ കഴുകി എനിക്ക് ഒരു ചായ ഇട്ടു തന്നു. പുള്ളിയുടെ ഭാര്യക്ക്‌ അന്ന് ജോലിയായിരുന്നതിനാല്‍ കുട്ടിയെ നോക്കുന്ന പണിയും പുള്ളിയുടെ ചുമതലയായിരുന്നു. നമ്മുടെ നാട്ടിലെ മന്ത്രിമാര്‍ക്ക് ഇതൊക്കെ സാധിക്കുമോ എന്ന് കണ്ടറിയണം ? അങ്ങനെയുള്ളവര്‍ ചുരുക്കമാണ് ഇന്ത്യയില്‍. ഇവിടെ പലരും ഇപ്പോഴും പഴയ ജന്മിത്ത വ്യവസ്ഥയുടെ ബാക്കി പത്രങ്ങളാണ്. അതില്‍ മിക്ക പേരും പരുഷ മേധാവിത്വത്തില്‍ വിശ്വസിക്കുന്നവരും. മെയ്യനങ്ങി പണി ചെയ്യാത്തവരും
ഒരിക്കല്‍ എന്‍റെ ബാത്ത് റൂമിലെ ഹോട്ട് വാട്ടര്‍ പൈപ്പു ലൈന്‍ തകരാറായി. കൊടും തണുപ്പ് കാലത്ത് ഹോറ്റ് വാട്ടര്‍ ഇല്ലെങ്കില്‍ കാര്യം പോക്കാണ്. ഒരു പ്ലംപറിനെ കിട്ടാന്‍ ഒരാഴ്ച മുമ്പ് ബുക്ക്‌ ചെയ്തു അപ്പൊയിന്‍മെന്‍റ് വാങ്ങണം. അതും മിനിമംനൂറു ഡോളര്‍ ഫീസ്‌. അവസാനം നോര്‍വെയിലെ എന്‍റെ സുഹൃത്ത്‌ ഫെദ്രിക്കിനോടു കാര്യം പറഞ്ഞു. അദ്ദേഹം വൈകിട്ട് വന്നു നോക്കാം എന്ന് പറഞ്ഞു. ഒരു ടൂള്‍ ബോക്സും ആയാണ് അദ്ദേഹം വന്നത്. പിന്നെയാണ് അറിഞ്ഞതു മിക്ക വീട്ടിലും അങ്ങനെയുള്ള ഒരു ടൂള്‍ ബോക്സ് ഉണ്ടെന്നു. അഞ്ചു മിനിട്ടിനുള്ളില്‍ കാര്യം ശരിയാക്കി. അപ്പോഴാണ്‌ ഞാന്‍ അദ്ദേഹം ഒരു സകല കലാവല്ലഭന്‍ ആണെന്ന് മനസ്സിലായത്. ചോദിച്ചപ്പോഴാണ് കാര്യം അറിഞ്ഞത്. അദ്ദേശം ഇതൊക്കെ എട്ടാം ക്ലാസിലും ഒമ്പതാം ക്ലാസ്സിലും പഠിച്ചതാണ്. അപ്പോഴാണ്‌ എനിക്ക് ഇതിന്‍റെ എ ബി സീ ഡി പോലും അറിയില്ല എന്ന് മനസ്സിലായത് .
നോര്‍വേയില്‍ വച്ചാണ് ഞാന്‍ സ്വയം പര്യാപ്തമായി ജീവിക്കുവാന്‍ പഠിച്ചത്. കാരണം ഒരു മാതിരി മാന്യമായി വെളിയില്‍ നിന്ന് ഭക്ഷണം കഴിക്കണമെങ്കില്‍ ദിവസം 500 ക്രോനോളം ചിലവാണ്‌. അതായതു ഏകദേശം നൂറു ഡോളര്‍. കേരളത്തിലെ മിഡില്‍ ക്ലാസ്സ്‌ സംസ്കാരത്തില്‍ വളര്‍ന്ന എനിക്ക് അങ്ങനെ 'കാശു ചിലവാക്കാന്‍' മടി. അങ്ങനെയാണ് സ്വയം പാചകം ചെയ്തു പഠിച്ചത്. പക്ഷെ രാവിലെ മിക്കപ്പോഴും പഴംകഞ്ഞി തൈരും പച്ച മുളക് ഉടച്ചതും എല്ലാം കൂടി കുഴച്ചു അല്പം ഇടി ചമ്മന്തിയൊക്കെ ഇട്ടു ശാപ്പിട്ടിരുന്ന എന്നെ നോക്കി ഒരാഴ്ച ഓസ്ലോയില്‍ എന്‍റെ കൂടെ താമസിച്ചിരുന്ന പ്രശസ്തനായ എഴുത്തുകാരന്‍ സഖറിയ കളിയാക്കുമാമായിരുന്നു.
" ഇവിടേം ഒരുത്തന് പഴങ്കഞ്ഞി തന്നെ ശരണം. ഓസ്ലോയില്‍ പഴങ്കഞ്ഞി കുടിച്ചിട്ട് ദിവസേന ഓഫീസില്‍ പോകുന്ന ഒരുത്തന്‍ മാത്രമേ ലോകത്ത് ഉള്ളൂ "!!
പക്ഷെ കാര്യം ശരിയാണ്. ഏല്ലാ ദിവസവും ഓരോ പാചക കലകള്‍ പരീക്ഷിക്കുമായിരുന്നെങ്കിലും രാവിലെ ചെറുപ്പത്തില്‍ ശീലിച്ച പഴങ്കഞ്ഞി തന്നെ ശരണം. ഓഫീസില്‍ പോകുന്നതിനു മുന്‍പ് കട്ടന്‍ ചായയും പിന്നെ പഴംകഞ്ഞിയും ആയിരുന്നു മ്രിഷ്ട്ട്ട ഭോജനം. അത് പോലെ വീട് തൂത്ത് വാരുവാന്‍ പഠിച്ചു . കാരണം വീട് വൃത്തി ആക്കുന്നതിനു വെളിയില്‍ നിന്ന് ആളിനെ വിളിച്ചാല്‍ ആഴ്ചയില്‍ ഒരു ഇരുനൂറ്റമ്പതു ഡോളര്‍ പോയി കിട്ടും. അത് മുതലാകത്തില്ല. അങ്ങനെ എല്ലാ ശനിയാഴ്ച രാവിലെ തൂപ്പിനുള്ള ദിവസമായി. പിന്നെ തുണി നനപ്പു - ഞായറാഴ്ച തുണി തേപ്പു. അങ്ങനെ സ്വയം പര്യാപത്തമായി ജീവിക്കുവന്‍ പഠിച്ചു. വേണേല്‍ ചക്ക വേരേലും കായിക്കും എന്നറിഞ്ഞു.!
അതുവരെ ഉള്ള സ്ഥലങ്ങളില്‍ ഇതെല്ലം ചെയ്തത് വീട്ടില്‍ പണി ചെയ്തിരുന്ന മെയിടുകളും , പാചകക്കാരുമാണ് . ബാംഗ്കൊക്കില്‍ നേരത്തെ താമസിച്ചപ്പോള്‍ മെയ്യനങ്ങി ഒരു പണി ചെയ്തിട്ടില്ല. കാരണം "ഭഗവതി ' എന്ന് പെരായ ബര്‍മീസ് നേപ്പാളി മെയ്ഡ് തുണി എല്ലാം ഭംഗിയായി അലക്കി തേച്ചു എന്‍റെ സ്ഥിരം യാത്ര പെട്ടികളില്‍ ഒന്നില്‍ അടുക്കി വെച്ചിരിക്കും. ആയതിനാല്‍ ഞാന്‍ ഒരിക്കലും ബാഗ്‌ പാക് പോലും ചെയ്യാതെ ഓഫീസില്‍ നിന്ന് വന്നു പെട്ടിയും എടുത്തു ഐര്പോര്‍ട്ടിലേക്ക് ഒറ്റപോക്കാണ്. ആ യാത്ര കഴിഞ്ഞു വരുമ്പോഴേക്കും മറ്റേ പെട്ടി റെഡി . ഭഗവതി നല്ലത് പോലെ പാചകം ചെയ്യുമായിരുന്നു. ബാംഗ്കൊക്കില്‍ സുകുംവിത്തിലെ സോയി 18 ഇല്‍ ഉള്ള എന്‍റെ വീട്ടില്‍ കേരളത്തിലെ പല സുഹൃത്തുക്കളും വന്നു താമസിച്ചിട്ടുണ്ട് . അവര്‍ക്ക് ഭക്ഷണം ഉണ്ടാക്കി വിളമ്പുന്നത് ഭഗവതിയാണ്. അങ്ങനെ അവരില്‍ ചിലരാണ് " ഭഗവതി ശരണം " എന്ന പേര് അവള്‍ക്കിട്ടത് . ബാംഗ്കൊക്കിലെ എന്‍റെ ആദ്യത്തെ ഏഴുകൊല്ലം 'ഭഗവതി ശരണം' ആയതു കൊണ്ട് ഒരിക്കല്‍ പോലും പാചകം ചെയ്യുകയോ തുണി അലക്കുകയോ ചെയ്തിട്ടില്ല. എപ്പോഴും ആരൊക്കെ വന്നാലും ഭക്ഷണം എവെറെഡി!
പക്ഷെ നോര്‍വേയില്‍ ചില വര്‍ഷങ്ങള്‍ ജീവിച്ചു തിരിച്ചു എന്‍റെ രണ്ടാം ബാന്ഗ്കൊക്ക് വാസത്തില്‍ ഞാന്‍ 'ഭഗവതി ശരണം' ഇല്ലാതെ ജീവിക്കുവാന്‍ പഠിച്ചു. സ്വയം പാചകം . സ്വയം വീട് തൂത്ത് വാരല്‍, തുണി നനക്കുന്നതും ഞാന്‍ തന്നെ. അങ്ങനെ സ്വയം പര്യാപ്ത്തമായി ജീവിക്കുവാന്‍ പഠിച്ചത് ഒസ്ലോവിലെ തണുപ്പില്‍ ആണ്. നോര്‍വേയില്‍ നിന്ന് പഠിച്ചത് കൊണ്ട് ഇന്ന് സ്വയം പാചകവും , പഴംകഞ്ഞിയും , തുണി നനപ്പും , വീട് തൂത്ത് വാരലും ശീലമായി. താമസിക്കാന്‍ വലിയ വീട് വേണ്ട എന്ന് വച്ചു . കാരണം വലിയ വീടുകള്‍ തൂത്ത് വാരാന്‍ എത്ര എളുപ്പമല്ല. ഞാന്‍ പലപ്പോഴും ആലോചിക്കാറുണ്ട് രണ്ടോ മൂന്നോ പേര്‍ മാത്രമുള്ള ഒരു വീട്ടില്‍ എന്തിനാണ് ആറു ബെഡ് റൂമും മറ്റു സന്നാഹങ്ങളും വച്ച് ആളുകള്‍ വന്‍ മാളികകള്‍ പണിയുന്നത് എന്ന്.
വലിയ വീടുകള്‍ അനാവശ്യം ആണെന്ന പാഠം നോര്‍വേയില്‍ നിന്ന് പഠിച്ചതാണ് . അവിടെ മിക്ക ആളുകളും വീട് അത്യാവശ്യം ജീവിക്കുവാനുള്ള ഒരു ഇടം ആയാണ് കാണുന്നത്. അത് പത്രാസു കാണിക്കാനല്ല. അവിടെ വലിയ വിലയുള്ള കാറ് ഉള്ളവര്‍ പലപ്പോഴും അത് വീക്ക്‌ ഏന്‍ഡ് ലോങ്ങ്‌ ഡ്രൈവിനു മാത്രം ഉപയോഗിക്കുന്നവര്‍ ആണ്. മന്ത്രിമാരടക്കം പബ്ലിക് ട്രാന്‍സ്പോര്‍ട്ട് ഉപയോഗിക്കും. അതുകൊണ്ട് തന്നെ ഞങ്ങള്‍ വലിയ വീട് വച്ചില്ല..ഒരു മൂന്ന് മുറി ഫ്ലാറ്റിന്‍റെ ആവശ്യമേയുള്ളൂ. അത് വൃത്തി ആക്കാന്‍ വലിയ പ്രയാസം ഇല്ല .
ഇത് പറയാന്‍ കാരണം. കേരളത്തില്‍ കുട്ടികളെ നീന്തല്‍ , പ്ലംബിംഗ്, ഇലക്രിക്ക് റിപയര്‍ , കാര്‍ , ബൈക്ക് റിപ്പയര്‍, കാര്‍പെണ്ടറി എല്ലാം പഠിക്കുവാന്‍ അവസരം കൊടുക്കണം . ഇതെല്ലം ആണ്‍ കുട്ടികള്‍ക്കും പെണ് കുട്ടികള്‍ക്കും ഒരു പോലെ പഠിക്കാന്‍ അവസരം നല്‍കണം . സ്വയം പര്യാപ്തമായി ജീവിക്കുവാന്‍ ഉള്ള കഴിവ്കള്‍ വരും കാലങ്ങളില്‍ ആവശ്യമാണ്‌. സ്കില്‍ ബില്ടിംഗ് തുടങ്ങണ്ടത് ചെറുപ്പത്തില്‍ ആണ് . ഇതിനു സ്കൂളില്‍ പുതിയ അധ്യാപകരെ നിയമിക്കണ്ട കാര്യമേ ഇല്ല. ഈ ട്രെയിനിംഗ് ഔട്ട്‌ സോഴ്സ് ചെയ്യാന്‍ ഒരു പ്രയാസവും ഇല്ല.
നമ്മുടെ കുട്ടികളെ വെറും 'പഠിപ്പിസ്റ്റുകള്‍ ' ആക്കി ഉള്ള കോച്ചിങ്ങ് എന്ന പാതകത്തിനും എല്ലാം വിട്ടു ഡോക്റ്ററും , ഐ ഏ സ്സ് കാരും എന്ജീനിയര്‍മാരും എം ബി എ ക്കാരും ഒക്കെ ആക്കുന്ന തിരക്കില്‍ അവരെ ബേസിക് ലൈഫ് സ്കില്ല്സ് പഠിപ്പിക്കുവാന്‍ വീട്ടുകാര്‍ പോലും മറന്നു പോകും. സ്കൂളുകള്‍ എങ്ങെനെ കൂടുതല്‍ കാര്യങ്ങള്‍ കാണാതെ പഠിച്ചു ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടാം എന്ന ഒരു 'ഫാക്റ്ററി ' കളായി മാറുന്ന ദുരവസ്ഥ. സ്കൂളുകളില്‍ പോലും ഇപ്പോള്‍ എന്ട്രന്‍സ് കോച്ചിംഗ് സെന്ടരുകള്‍ ആണ്. അങ്ങനെ രാവിലെ അഞ്ചു മണി മുതല്‍ രാത്രി പത്തുമണി വരെ മെയ്യനങ്ങാതെ പാഠ പുസ്തകം മാത്രം പഠിച്ചു 'മിടുക്കരായി' ജോലി വാങ്ങുന്ന പലരും ജീവിതത്തില്‍ പരാജയപെടുന്നതിന്‍റെ ഒരു കാരണം ബേസിക് ലൈഫ് സ്കില്ലിന്‍റെ അഭാവമാണ്. അവര്‍ക്ക് പലര്‍ക്കും ഡിഗ്രികള്‍ ഉണ്ടെങ്കിലും ഒരു ചെറിയ കാര്യം പോലും സ്വയം ചെയ്യിവാനുള്ള സ്കില്‍ കാണണമെന്നില്ല. ചിലര്‍ക്കൊക്കെ വീട്ടിലെ പരിശീലനം കാരണം ചില സ്കില്ലുകള്‍ ഒക്കെ പഠിച്ചിരിക്കും . പക്ഷെ പഠിത്തത്തില്‍ മാത്രം ശ്രദ്ദയുള്ള പലര്‍ക്കും , പ്രത്യേകിച്ചു ആണ്‍ പിള്ളേര്‍ക്ക്, സ്വന്തമായി ഒരു ചായ പോലും ഇടുവാന്‍ അറിയില്ലായിരിക്കും. മെക്കാനിക്കല്‍ , ഇലെക്ട്രിക്കല്‍ എന്ജീനിയരിംഗ് കഴിഞ്ഞ പലര്‍ക്കും ഒരു ഫ്യുസു കെട്ടാനോ ഒരു ടാപ്പ് മറാനോ അറിയാന്‍ ഉള്ള സാധ്യത വളരെ കുറവാണ്. ഇഷ്ട്ടം പോലെ വെള്ളവും പുഴകളും കടലും ഒക്കെയുള്ള കേരളത്തില്‍ നീന്തു അറിയുന്നവര്‍ വിരളം!!
കേരളത്തിലും ഇപ്പോള്‍ പ്ലംബറെ കിട്ടണമെങ്കില്‍ ബുക്ക്‌ ചെയ്ത് അപ്പോയിന്മേന്റ്റ് എടുക്കണ്ടതാണ്. സ്വന്തം അനുഭവത്തില്‍ നിന്നും പറയുകയാണ്‌ .അതുകൊണ്ട് പിള്ളേര്‍ അത്യവശ്യം പണി ഒക്കെ പഠിച്ചാല്‍ ഭാവിയില്‍ ജീവിച്ചു പോകാം.

No comments: