Thursday, February 8, 2018

കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കുന്ന രാഷ്ട്രീയം

ലോ അക്കാഡമി വിഷയത്തിൽ ബി.ജെ.പി സമരം കലക്കവെള്ളത്തിൽ മീൻ പിടിക്കുന്ന വെറും നാട്യ രാഷ്ട്രീയമാണ് . കാരണം ജെ.എൻ.യൂ വിലും , ഹൈദരാബാദിലും , പൂനാ ഫിലിം ഇന്സ്ടിട്യൂട്ടിലും , അലഹബാദിലും അവർ എടുത്ത രാഷ്ട്രീയം കടുത്ത യാഥാസ്ഥിക -വിദ്യാർത്ഥി വിരുദ്ധ രാഷ്ട്രീയം തന്നെയായിരുന്നു . അതു കൊണ്ട് തന്നേ കേരളത്തിൽ പാരിസ്ഥിക -ഭൂമി -വിദ്യാർത്ഥി സമരങ്ങളിൽ അവർ കാണിക്കുന്ന പുരോഗമന രാഷ്ട്രീയ നാട്യങ്ങൾ പൊതു സമൂഹത്തിൽ സ്വീകാര്യത പിടിച്ചു പറ്റാനുള്ള കപട രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമാണ് .
പക്ഷെ ഇതിന് ഇവിടെ അവസരം ഉണ്ടാക്കുന്നതിൽ ഇവിടുത്ത രണ്ടു മുന്നണികൾക്കും പങ്കുണ്ട് . കാരണം ഉദ്ദേശ ലക്ഷ്യങ്ങളിൽ നിന്നു അകന്നു ഒരു അഴകൊഴമ്പൻ ഒത്തു തീർപ്പു രാഷ്ട്രീയം രണ്ടു മുന്നണികളിലും കടന്നു കൂടീ. ഇതിനോടൊപ്പം ശിങ്കിടി രാഷ്ട്രീയവും സജീവമായി.
നേതാവിന്റെ സ്തുതി പാടുന്നവർക്കും ശിങ്കിടി വാല്യക്കാർക്കും ഭരണത്തിൽ പിടി കൂടീ .സ്ഥാനം ആഗ്രഹിക്കുന്നവരും കിട്ടിയവരും കമാന്നു ഒരു അക്ഷരം മിണ്ടാതെ ന്യായീകരണ തൊഴിലാളികൾ ആകുകയോ അല്ലെങ്കിൽ സ്വന്തം കാര്യം സിന്ദാബാദ് എന്ന നിലപാടുമായി നിശബ്ദത പാലിക്കുകയോ ചെയ്യും . ഇത് രണ്ടു മുന്നണികളും കണ്ടു വരുന്ന അഴകോഴമ്പൻ രാഷ്ട്രീയത്തിന്റ ലക്ഷണങ്ങൾ ആണ്.
മുദ്രാവാക്യവും പ്രവർത്തിയും തമ്മിൽ കടലും കടലാടിയും തമ്മിലുള്ള ബന്ധമേയുള്ളിവെങ്കിൽ നാട്ടുകാർക്ക് 'സദുദ്ദേശ രാഷ്ട്രീയത്തിൽ ' ഉള്ള വിശ്വാസം പോകും. പിന്നിവിടെ ആരു ഭരിച്ചാലും 'പ്രമുഖ' സ്വദേശ -വിദേശ മുതലാളി മാർക്കും അവരുടെ പദ്ധതികൾക്കും ഒരു കുഴപ്പവുമില്ല. പിന്നെ സംഘടിത ജാതി -മത വരേണ്യ സിണ്ടിക്കേറ്റുകളെയോ അവരുടെ സില്ബന്ധികളെയോ ഒരു ഭരണപക്ഷ പാർട്ടിക്കോ തൊട്ടു കളിക്കാൻ ഉള്ള ആംപിയർ ഇല്ല. കാരണം ഒളിഞ്ഞും തെളിഞ്ഞും അവരുടെ ഓശാരത്തിൽ വോട്ട് കൂട്ടാൻ നോക്കുന്നവരാണ് നമ്മുടെ നല്ലവരായ നേതാക്കൾ
ഇന്ന് കേരളത്തിലെ ബഹു ഭൂരിപക്ഷം വരുന്ന ജനങ്ങളും രാഷ്ട്രീയ കക്ഷികൾക്ക് വെളിയിൽ നിൽക്കുന്നവരാണ് .വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികളിൽ അംഗമാകുന്നവരുടെ എണ്ണം കുറയുകയാണ് .ചെറുപ്പക്കാരെ യഥാർത്ഥത്തിൽ ആവേശം കൊള്ളിക്കാൻ വ്യവസ്ഥാപിത രാഷ്ട്രീയ പാർട്ടികൾക്ക് കഴിയുന്നില്ല. മിക്ക വിദ്യാർത്ഥി സംഘടനായിലെയും പല (എല്ലാവരും അല്ല )നേതാക്കളും രാഷ്ട്രീയ ശിങ്കിടി തൊഴിലാക്കി ഗോഡ് ഫാദർമാരായ നേതാക്കളെ സുഖിപ്പിച്ചു സീറ്റു സ്വപ്നം കണ്ടു അവനവനി സത്തിൽ വ്ശ്വസിക്കുന്നവരാണ് . രാഷ്ട്രീയം ഒരു പൂർണ സമയ തൊഴിലാലാക്കി നേതാക്കളെ ശിങ്കിടി അടിച്ചു നേതാവാകാൻ മിക്ക ചെറുപ്പക്കാരും ഇന്ന് തയ്യാറല്ല .അതുകൊണ്ട് തന്നെ എല്ലാ വ്യവസ്ഥാപിത പാർട്ടികളുടെയും 'ഫീഡർ മെക്കാനിസം ' അതീവ ഗുരുതര നിലയിൽ തകരാറിൽ ആണ് .
കേരളത്തിലെ രാഷ്ട്രീയം ഒരു ക്യഴാമറിച്ചിലൂടെ കടന്നു പോകുകയാണ്. അങ്ങനെയുള്ള കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ വരുന്ന ബിജെപി യുടെ അജണ്ട മഹാരാഷ്ട്രയിലെയും വടക്കു പടിഞ്ഞാറേ ഇൻഡയിലെയും മേലാള കടും യാഥാസ്ഥിക പ്രതിലോമ മൂരാച്ചി രാഷ്ട്രീമാണെന്നും തിരിച്ചറിയണം .
ഇവിടുത്ത വ്യവസ്ഥാപിത കക്ഷികൾ സ്വയം വിമർശനാത്മകമായി സ്വയം നവീകരിച്ചില്ലെങ്കിൽ അവരെ കാറ്റും കടലും എടുത്തു കൊണ്ട് പോകുന്ന നാളുകൾ വിദൂരമല്ല.
ഭരണവും അധികാരവും എവിടുണ്ടോ അവിടെ സ്തുതി പാട്ടുകാരും, പൃഷ്ടം താങ്ങികളും ചെരുപ്പ് നക്കികളും കാര്യം കാണാൻ കഴുതകാലു പിടിക്കുന്നവരും ഒരുപാട് കാണും. പക്ഷെ രാജധാനിയിലെ കൊട്ടാരം വിദൂഷകരോ , കാര്യസ്ഥന്മാരോ, ബുദ്ധി ജീവി പായലുകളോ ഇത്തിക്കണ്ണികളോ അല്ല രാഷ്ട്രീയത്തിന്റ അടിഒഴുക്കുകൾ നിർണ്ണയിക്കുന്നത് എന്നു ഭരണത്തിൽ ഉള്ളവർ തിരിച്ചറിഞ്ഞാൽ അവർക്കു കൊള്ളാം .

Facebook post  2 February , 2017

No comments: