Thursday, May 18, 2017

മന്ത്രി മണിയുടെ ഭാഷ

എല്ലാ മനുഷ്യരെയും തുല്യമായി കാണുന്നവർ പരസ്പര ബഹുമാനത്തോടെയെ വിയോജിപ്പ് പോലും പ്രകടിപ്പിക്കുകയുള്ളൂ. മറ്റുള്ളവരെ താഴ്ത്തി കെട്ടുന്നതും കാര്യമില്ലാതെ ചീത്ത വിളിക്കുന്നതും മാനവീക സമഭാവനയിൽ വിശ്വസമില്ലാത്തവരാണ്.
പലപ്പോഴും ധാർഷ്ട്യവും അഹങ്കാരവും ഉള്ളിലുള്ള അപകർഷത ബോധത്തെ മറച്ചു വക്കുവാനുള്ള ഒരു ഡിഫൻസീവ് സമീപനമാണ്. മാന്യമായ വാക്കും പ്രവർത്തിയും ചെയ്യന്നവരെ ഏല്ലാവരും ബഹുമാനിക്കും. അങ്ങാടിയിൽ നിന്നു ആരെയും തെറി വിളിക്കുന്നത് സാധാരണ ആരാണെന്ന് ഗ്രാമത്തിൽ വളർന്ന നമുക്കെല്ലാം അറിയാം. തെറി വിളിച്ചു വായടപ്പിക്കുന്നവർ ഗ്രാമത്തിലെയും നഗരങ്ങളിലെയും കവലകളിൽ ഇന്നുമുണ്ട്.
പക്ഷെ മാനവിക തുല്യതയിൽ വിശ്വസിക്കുന്ന ഒരു പാർട്ടിയുടെ നേതാവും മന്ത്രിയും അങ്ങനെയുള്ള ഭാഷ പ്രയോഗിക്കുന്നതിനെ ന്യായീകരിക്കുന്നത് നമ്മുടെ സമൂഹത്തിലും രാഷ്ട്രീയത്തിലും സംഭവിക്കുന്ന ജീർണത കൊണ്ടാണ്. എന്തിനും ഏതിനും പാർട്ടി നോക്കി ന്യായീകരിക്കുന്നത് പുഴുക്കുത്തു വീഴുന്ന രാഷ്ട്രീയ സംസ്കാരം കൊണ്ടാണ്.
പക്ഷെ ഇവിടെ പലരും മന്ത്രി മണിയുടെ ഭാഷായോട് പ്രതീകരിക്കുന്നതിൽ ഒരു സവർണ്ണ വരേണ്യ മുൻവിധിയുണ്ട്. ഒരാൾ ഒരു മെഡിക്കൽ ഡോക്റ്ററാണെന്നതോ അയാൾക്കി ഐ എ എസ്സിന് രണ്ടാം റാങ്കുണ്ടെന്നതോ അയാൾ ഒരു സബ് കലക്റ്റർ ആണെന്നതോ അല്ല അയാളെ ബഹുമാനിക്കുവാൻ ഉള്ള മാനദണ്ഡം. മറിച്ചു അയാൾ തുല്യ അവകാശങ്ങൾ ഉള്ള ഒരു മനുഷ്യനായത് കൊണ്ടാണ്. പരസ്പരം ബഹുമാനത്തോടെ യോജിക്കുവാനും വിയോജിക്കുവാനും മാനവിക സമ ഭാവന ഉള്ളവർക്കേ സാധിക്കുകയുള്ളൂ. ഇവിടെ വിദ്യാഭ്യസ യോഗ്യതയോ പദവിയോ അല്ല പ്രശ്നം ആൾക്കാരോട് ഇടപെടുന്നത് ഏത്‌ സമീപനത്തോടെ എന്നതാണ് പ്രശനം.
ഇവിടെ ബഹുമാനപെട്ട മന്ത്രി എം ഏം മണിയുടെ നിറവും, ജാതിയും വിദ്യാഭ്യസവും ഒക്കെ പറഞ്ഞു ഇകഴ്ത്തുന്നവരും കേരളത്തിലെ മദ്ധ്യവർഗ്ഗത്തിലെ സ്റ്റാറ്റസ്ക്കോ വച്ചു പുലർത്തുന്ന വരേണ്യ മുൻവിധിയുള്ളവരാണ്. . അതെ മനൊഭാവം കൊണ്ടാണ് മൂന്നാറിലെ സബ് കല്കട്ടർക്കു ഒരു വീര ശൂര പരിവേഷം നൽകുന്നത്. അയാൾ അയാളെ ഏൽപ്പിച്ച പണി ചെയ്യുന്നു. അത്ര തന്നേ. ഐ എ സ്സ് വലിയ സംഭവം ഒന്നുമല്ല. ഒരു ഡോക്റ്ററായാലും, എൻജിനിയർ ആയാലും, അധ്യാപകനോ, സർക്കാർ ഉദ്യഗസ്ഥരോ അവരെ ഏൽപ്പിച്ച ജോലി നന്നായി ചെയ്യുന്നത് നല്ലതാണ്. പക്ഷെ അതിൽ ഊതി വീർപ്പിച്ച ബലൂൺ കണക്കെ ഹീറോയിസം ആരോപിച്ചു വിശുദ്ധ നായകരാക്കി കച്ചവടം നടത്തുന്നത് പലപ്പോഴും മാദ്ധ്യമ വിപണിയാണ്. ഒരു പരിധി വരെ ഐ എ സ്സ്, ഐ പി എസ്സ് കാർക്ക് ഈ കപട താര പരിവേഷം നൽകുന്നത് മലയാള സിനിമയിലെ വാർപ്പ് മാതൃകകളാണ്. ദ് കിങ്, കമ്മീഷനർ പോലുള്ള സിനിമയിലെ വാർപ്പ് മാതൃക കണ്ടു ഹീറോ ആകുന്നതും ആക്കുന്നതും രാഷ്ട്രീയക്കാരെ വില്ലൻമാരായി പെയിൻറ്റടിക്കുന്ന തിരകഥകളും പ്രതിലോമപരമായ ഒരു റിയാക്ഷണറി രാഷ്ട്രീയത്തിലേക്കാണ് വിരൽ ചുണ്ടുന്നതെന്നു മറക്കരുത്. അൽഫോൻസ് കണ്ണന്താനത്തിന്റെ ഡൽഹിയിലെ ഡിമോളിഷൻ ഹീറോയിസം എങ്ങനെയുള്ള രാഷ്ട്രീയത്തിൽ പര്യവസാനിച്ചു എന്നത് ഒരു കെയ്സ് സ്റ്റഡിയാണ്.

No comments: