Thursday, February 8, 2018

എ കെ ജി സ്മാരകം ആര്‍ക്കു വേണ്ടി ?

കേരളത്തിൽ ഉള്ളപ്പോൾ ഞാൻ സഖാവ് എ കെ ജി യെ കുറിച്ച് ആഴ്ചയിൽ രണ്ടു പ്രാവശ്യം എങ്കിലും ഓർക്കും. അത് അദ്ദേഹത്തിന്റെ പേരിൽ തിരുവനന്തപുരത്തോ ഡല്ഹിയിലോ ഉള്ള അധികാരത്തിന്റെ അടയാള പെടുത്തലുകൾ ആയ ബഹുനില മന്ദിരങ്ങൾ കൊണ്ടല്ല. അതിനു കാരണം നല്ല മസാല ദോശയും കാപ്പിയും ആണ്. വെഞ്ഞാറമൂടും കൊട്ടാരക്കരയും ഉള്ള ഇന്ത്യൻ കോഫി ഹൌസിൽ അദ്ദേഹത്തിന്റെ ഫോട്ടോയെ ഒരു നിമിഷം സ്നേഹ ആദരങ്ങളോടെ മനസ്സിൽ വണങ്ങും. കാരണം എ കെ ജി യുടെ ജീവിക്കുന്ന ജനകീയ സഹകരണ സ്മാരകങ്ങൾ ആണ് എല്ലായിടത്തും ഉള്ള ഇന്ത്യൻ കോഫി ഹൌസ്. ആ ഒറ്റകാര്യം മതി അദ്ദേഹത്തിന്റെ നേതൃത്വ ഗുണവും മാനവിക കാഴ്ച്ചപ്പാടും മനസ്സിൽ ആകാൻ. എ കെ ജി ഒരിക്കലും അധികാര അഹങ്കാരങ്ങൾ ഉള്ള ആളായിരുന്നില്ല. അദ്ദേഹത്തിനു പത്തു കോടി ചിലവിൽ ഉണ്ടാക്കുവാൻ കഴിയുന്ന ഏറ്റവും നല്ല സ്മാരകം അദ്ദേഹം ജനിച്ച സ്ഥലത്തിന് ചുറ്റും വീടും ഭൂമിയും ഇല്ലാത്തവർക്കും ജീവിക്കുവാൻ ഒരു 250 എ കെ ജി ഭവൻ പണിതു കൊടുക്കുക്ക എന്നതാണ്. അതിനു സഖാവ് എ കെ ജി ലാൽ സലാം പറയും. 'നിങ്ങൾ കൊയ്യും വയലേലകൾ എല്ലാം നിങ്ങളുടെതാകും പൈങ്കിളിയെ ' എന്ന സ്വപ്ന വാഗ്ദാനത്തിൽ വിശ്വസിച്ചു മരിച്ചവരുടെ മക്കൾക്കും കൊച്ചു മക്കൾക്കും ഇന്നും ഭൂമിയോ, വീടോ, അധികാരമോ ഇല്ല. അവരിൽ 250 പേർക്കു പത്തോ പതിനഞ്ചോ കോടി മുടക്കി എ കെ ജി ഭവൻ അന്തിയുറങ്ങാൻ കൊടുത്താൽ അതായിരിക്കും യഥാർത്ഥ എ കെ ജി ഭവൻ.

ഇത് വരെ ജനങ്ങളുടെ നികുതി എടുത്ത് പണിത സ്മാരകങ്ങളുടെ ഗതി എന്താണ് ? കേരളത്തിൽ സ്മാരകങ്ങൾക്ക് ഒരു കുറവും ഇല്ല. കേരളത്തിൽ ആരും കേറാത്ത മ്യുസിയങ്ങൾ അനവധി. ഇങ്ങനെയുള്ള പ്രഹസങ്ങൾക്ക് കാശില്ലാത്ത കാലത്തു നികുതി പണം ചിലവാക്കുന്നതു ശരിയോ ?


( കേരള ബജറ്റില്‍ ഏ കെ ജി സമരകത്തിനു വേണ്ടി 10 കോടി രൂപ അല്ലോകെട്ടു ചെയ്തതി നോട് പ്രതികരിച്ചു 2 ഫെബ്രുവരി, 2018 ഫേസ് ബുക്ക്‌ കുറിപ്പ് )

No comments: