Tuesday, April 10, 2018

ചില ഹർത്താൽ വിചാരങ്ങൾ


ഇന്നത്തെ ഹർത്താലിന് ഐക്യദാർഢ്യം നൽകി കേരളത്തിൽ ഞാൻ നേതൃത്വം കൊടുക്കുന്ന രണ്ടു സ്ഥാപനങ്ങളിലും ഉള്ളവർ സ്വമേധയാൽ ജോലിയിൽ നിന്ന് വിട്ടു നിന്നു. ദളിത്‌ -ആദിവാസി അവകാശ സമരങ്ങൾക്ക് പൂർണ്ണ പിന്തുണയും ഉണ്ട്. ഇന്നത്തെ ഹർത്താൽ സാധാരണ ഹർത്താലിൽ നിന്ന് വിഭിന്നമായിരുന്നു. കാരണം കേരളത്തിൽ മിക്ക ഹർത്താലും നടത്തുത് സംഘടിത രാഷ്ട്രീയ പാർട്ടികളാണ്. എന്നാൽ ഇന്നത്തെ ഹർത്താൽ രാഷ്ട്രീയ പാർട്ടികൾ ക്കപ്പുറമായിരുന്നു. ഈ ഹർത്താലിന് പലരും സ്വമേധയ പിന്തുണ നൽകി. നല്ല കാര്യം.
ഇന്നലെ അടൂരിൽ ഞാൻ തലമുടി വെട്ടാൻ പോയപ്പോൾ ഇന്നത്തെ ഹർത്താൽ ആയിരുന്നു ബാർബർ ഷോപ്പിലെ ചർച്ച വിഷയം. അവിടെ ഏകദേശം പത്തു പേർ ചർച്ചയിൽ പങ്കെടുത്തു. എല്ലാവരുടെയും വിഷയം എന്ത്‌ കൊണ്ടു ബസ് അസോസിയേഷൻ, വ്യാപാരി അസോസിയേഷൻ, സർക്കാർ സ്ഥാപനങ്ങൾ ഹർത്താലിനെ പതിവിനു വിപരീതമായി എതിർക്കുന്നത് എന്നതായിരുന്നു. അത് കൊണ്ടു തന്നെ പലരും ഹർത്താലിന് പിന്തുണച്ചു കടയടക്കാൻ തീരുമാനിച്ചു. എന്തായാലും അടൂരിലെ കടകൾ അടഞ്ഞു കിടന്നു.
പക്ഷെ ഇതൊന്നും സ്ഥിരം ഹർത്താൽ ഏർപ്പാടിനോടുള്ള എന്റെ വിയോജിപ്പിനെ മാറ്റുന്നില്ല. രാഷ്ട്രീയ അടിയന്തിര ഘട്ടങ്ങളിൽ ബഹുജന പങ്കാളിത്തത്തോടെയുള്ള ജനകീയ സമരങ്ങളുടെ ഭാഗമായി പണിമുടക്കും പ്രതിഷേധ സമരങ്ങളും അനിവാര്യമാണ്. എന്നാൽ ഇന്ന് ഏതിനും എന്തിനും എപ്പോഴും ഉടനടി ഹർത്താൽ പ്രഖ്യാപിക്കുന്നത് ഹർത്താൽ എന്ന സമര രൂപത്തിന്റെ രാഷ്ട്രീയ സാധുതയെ തന്നെ ചോദ്യം ചെയ്യും.
ഒരു ഹർത്താൽ ആഹ്വാനം നടത്തുന്ന നേതാക്കൾക്ക്‌ ഒരു ചേതവും ഇല്ല. വലിയ പണി ഇല്ലാത്ത ഒരു മടിയൻ സമര മാർഗം. മിക്കവാറും ഇത് വെള്ളിയാഴ്ചയോ തിങ്കളാഴ്ചയോ ആയതിനാൽ സർക്കാർ ജോലിക്കാർ ഹാപ്പി . ഒരു ലോങ്ങ്‌ വീക്ക്‌ ഏൻഡ് ആരാണ് ഇഷ്ട്ടപ്പെടാത്തതു? പിന്നെ ആകെയുള്ള പണി രാവിലെ ഏഴുമുതൽ പത്തു വരെ കുറെ ഇടത്തു ബസ് തടയുക. അത്യാവശ്യം കല്ലേറ് നടത്തുക. കടകൾ നിർബന്ധിച്ചു അടപ്പിക്കുക. ഈ കലാ പരിപാടി പത്തു മണിവരെ നടക്കും. അത്‌ ലൈവായി ടി വി പ്രക്ഷേപിക്കും. സംഗതി കൂൾ. പിന്നെ ഹർത്താൽ വിജയം. വലിയ ചിലവും പ്രായസവും ഇല്ലാത്ത പണി. ഇന്ന് കേരളത്തിൽ അങ്ങോളം ഇങ്ങോളം ആയിരം പേർ ജാഥ നടത്താനുണ്ടെങ്കിൽ ഒരു ഇരുനൂറ് പേർ ബസ് തടയൽ കട അടപ്പിക്കൽ കലാപരിപാടി വെറും രണ്ടു മണിക്കൂർ കാട്ടിയാൽ ഹർത്താൽ സക്സസ്.
ഹർത്താൽ കൊണ്ടു കേരളത്തിലേ സർക്കാർ ഉദ്യോഗസ്ഥർക്കോ, കാശുള്ളവർക്കോ ഒരു പ്രശ്നവും ഇല്ല. പ്രശ്നം ഉള്ളത് അന്നത്തെ ജോലി ചെയ്തു ജീവ സന്ധാരണം നടത്തുന്ന സെല്ഫ് എംപ്ലോയിഡ് ആളുകളും പാവപെട്ടവർക്കുമാണ്. ബുദ്ധി മുട്ട് അനുഭവിക്കുത് ഹർത്താലിൽ പെടുന്ന ടൂറിസ്റ്റ്കളും യാത്ര ചെയ്യുന്ന സാധാരണക്കാരുമാണ്.
ഇത് പോലെയുള്ള സ്ഥിരം ഹർത്താൽ എന്ന ലേസി രാഷ്ട്രീയ സമര ഏർപ്പാടിനോട് ഞാൻ വിയോജിക്കുന്നു. ഇതിനു പ്രധാന കാരണം സംഘടിതരായ ഒരു ചെറിയ ന്യൂന പക്ഷം ഹർത്താൽ സാധാരണ ജനങ്ങളുടെ മേൽ ഭീഷണികൊണ്ടും കൈയൂക്ക് അക്രമങ്ങൾ കൊണ്ടും അടിച്ചേൽപ്പിക്കുന്ന ഒരു ഏർപ്പാട് ആണ്. ഇത് ബഹു ഭൂരിപക്ഷം വരുന്നു ജനങ്ങളുടെ രണ്ടു അവകാശങ്ങളെ ധ്വംസിക്കുന്നു. ഒന്നാമത്തത്. 'റൈറ്റ് ടു ഫ്രീ മൂവേമെന്റ്' ( സഞ്ചാര സ്വാതന്ത്ര്യ അവകാശം) രണ്ടാമത്തെത്. 'റൈറ്റ് ടു വർക്ക്‌ ' ( ജോലി ചെയ്തു ജീവിക്കുവാനുള്ള അവകാശം ) എന്നതാണ്.
ഒരു പക്ഷെ ഏറ്റവും കൂടുതൽ ഹർത്താൽ ഉള്ള രാജ്യം ബംഗ്ളദേശും ഏറ്റവും കൂടുതൽ ഹർത്താൽ ഉള്ള ഇന്ത്യൻ സംസ്ഥാനം കേരളവുമായിരിക്കും. ഹർത്താൽ പ്രധാനമായും ഒരു തെക്കേ ഏഷ്യൻ ഏർപ്പാടാണ്.
ഞാൻ മറ്റ് ഏഷ്യൻ രാജ്യങ്ങളിലോ യൂറോപ്പിലോ, അമേരിക്കയിലോ ഗൾഫ് രാജ്യങ്ങളിലോ, മറ്റ് രാജ്യങ്ങളിലോ ഹർത്താൽ കണ്ടിട്ടില്ല.
ചില രാഷ്ട്രീയ അടിയന്തര സമയത്തു ഒരു ആഹ്വാനവും ഇല്ലാതെ ജനങ്ങൾ സ്വമേധയ ഹർത്താൽ ആചരിക്കും. ഇന്ദിരാ ഗാന്ധിയുടെ വധത്തിനും ശേഷവും രാജീവ്‌ ഗാന്ധിയുടെ വധത്തിന് ശേഷവും അങ്ങനെയുള്ള ഹർത്താൽ നടന്നത് ഓർമ്മയുണ്ട്. സ്വെമേധയ ഭൂരിപക്ഷം ആളുകൾ ഒരു രാഷ്ട്രീയ ദുരന്തത്തോടോ അടിയന്തരാവസ്തയോടോ പണിമുടക്കിയും ഹർത്താൽ നടത്തിയും പ്രതീകരിക്കും.
എന്നാൽ അതു നാഴികക്ക് നാൽപ്പത് വെട്ടം തൊട്ടതിനും പിടിച്ചതിനും എന്തിനും ഏതിനും നടത്തിയാൽ ഹർത്താൽ എന്ന സമര രൂപത്തെ ഒരു രാഷ്ട്രീയ നാട്യം അല്ലെങ്കിൽ ഫാഴ്സ് ആയി മാറ്റുമ്പോൾ ആണ് അതിന്റെ രാഷ്ട്രീയ പ്രസക്തിയും സാധുതയും ചോദ്യം ചെയ്യപ്പെടുന്നത് . ഇവിടെ നടക്കുന്ന മിക്കവാറും ഹർത്താലുകളും ഈ ഗണത്തിൽ പ്പെടുന്നവയാണ്. അത്‌ കൊണ്ട് എന്തെങ്കിലും മാറ്റം എവിടെങ്കിലും നടന്നതായി ഇത് വരെ അറിയില്ല. ഹർത്താലിന്റെ ഇര ആക്കെപ്പെടുന്ന ബഹു ഭൂരിപക്ഷം ജനങ്ങൾക്കും ഹർത്താൽ എന്തിനു വേണ്ടിയോ ആർക്കു വേണ്ടിയോ ആണെന്നറിയില്ല. വിദേശത്ത് ഇരുന്നു വിവിധ ഹർതാലുകൾക്ക് ഫെസ് ബുക്ക്‌ പിന്തുണ പ്രഖ്യാപിക്കുന്ന സുഹൃത്തുകൾക്ക് അവർ താമസിക്കുന്ന രാജ്യത്തു ഒരു ദിവസം പണിമുടക്കു സമരം ചെയ്യാനോ ആഹ്വാനം ചെയ്യാനോ ഉള്ള ധൈര്യമുണ്ടോ?

No comments: