Tuesday, April 10, 2018

സ്വാശ്രയ വിദ്യാഭ്യാസ വിചാരങ്ങൾ.

പ്രശ്നം സ്വകാര്യ മെഡിക്കൽ കോളേജുകൾ, അല്ല. ആര്, എങ്ങനെ എന്തിനു വേണ്ടി നടത്തുന്നു എന്നതാണ് . ഞാൻ സ്വകാര്യ മെഡിക്കൽ കോളേജുകൾക്കോ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കോ എതിരല്ല. കാരണം എല്ലാം സർക്കാർ നടത്തണം എന്ന് വിചാരിക്കുന്ന ഒരാൾ അല്ല ഞാൻ. ഒരു കാലത്തു സർക്കാരിന് മാത്രമേ നടത്തുവാൻ സാമ്പത്തിക ശ്രോതസ്സും അവസരവുമുണ്ടായിരുന്നുള്ളൂ.
കേരളത്തിൽ തന്നെ ഇപ്പോഴത്തെ വിദ്യാഭ്യാസ ഉന്നമനത്തിനു കഴിഞ്ഞ നൂറ്റി മുപ്പതു കോല്ലങ്ങളിൽ ഉയർന്നു വന്ന സ്വകാര്യ വിദ്യാഭ്യാസം വലിയ പങ്ക്‌ വഹിച്ചിട്ടുണ്ട്. കഴിഞ്ഞ അറുപതു കൊല്ലങ്ങൾക്കുള്ളിൽ മാത്രമാണ് കേരളത്തിൽ സർക്കാർ കോളേജുകൾ പ്രസക്തമായി വരുവാൻ തുടങ്ങിയത്. അതു കൊണ്ടു തന്നെ സ്വകാര്യ വിദ്യാഭ്യാസ സംരഭങ്ങൾ അല്ല പ്രശ്നം. അതു എന്തിനു വേണ്ടി എങ്ങനെ ആര് ഏത് രീതിയിൽ ആർക്കു വേണ്ടി നടത്തുന്നതാണ് പ്രശ്നം.
ഇന്ന് ഇന്ത്യയിലേ ഏറ്റവും നല്ല മെഡിക്കൽ കോളേജിൽപ്പെടുന്ന വെല്ലൂർ സി എം സി, ബാംഗ്ലൂർ സൈന്റ്റ്‌ ജോൺസ്, ലുധിയാന മെഡിക്കൽ കോളേജ് എല്ലാം പേര് കേട്ടാ കോളേജുകളാണ്. മണിപ്പാൽ സ്വകാര്യ സ്വാശ്രയ മേഖലയിൽ തുടങ്ങി പിന്നെ പേര് കേട്ടതാണ്. അത്‌പോലെ ഇന്ന് കേരളത്തിൽ അറിയപ്പെടുന്ന ചില എൻജിനീറിങ് മെഡിക്കൽ കോളേജുകൾ സ്വകാര്യ മേഖലയിലുണ്ട്. പണ്ട് തന്നെ കൊല്ലത്തെ ടി കേ എം എൻജിനിയറിങ് കോളേജ്, കോതമംഗലം എൻജിനീറിങ് കോളേജ് എന്നിവയെല്ലാം സ്വകാര്യ മേഖലയിലാണ്. ഇന്ന് ഇന്ത്യയിലെ അറിയപ്പെടുന്ന യൂണിവേഴ്സിറ്റികളായി വളരുന്ന പലതും സ്വകാര്യ മേഖലയിലാണ്.
പിന്നെ എന്താണ് പ്രശ്നം? ആദ്യം മഹാരാഷ്ട്രയിലും പിന്നീട് കർണ്ണാടകയ്യിലും പിന്നെ തമിഴു നാട്ടിലും പ്രൊഫഷണൽ വിദ്യാഭ്യാസത്തിനു ഡിമാൻഡ് കൂടി. ഇതിനു ഒരു കാരണം എണ്പതുകളിലാണ് ഒരു അസ്പയറിങ് മിഡിൽ ക്ലാസ്സ്‌ ഇന്ത്യയിൽ ആകമാനം ഉയർന്നു വരുവാൻ തുടങ്ങിയത്. സ്വാതന്ത്ര ഇന്ത്യയിൽ ജനിച്ചു, പുതിയ പൊതു വിദ്യാഭ്യാസത്തിന്റെ ഗുണഭോക്തക്കളായി ഉദ്യോഗം സിദ്ദിച്ചു ഒരു നവ മധ്യവർഗ്ഗം ഇന്ത്യയിൽ പലസംസ്ഥാനത്തും ഉയർന്നു വന്നു. അവരുടെ മക്കൾക്ക്‌ പ്രൊഫെഷൽ വിദ്യാഭ്യാസത്തിലൂടെ കുടുംബത്തിനു കൂടുതൽ സോഷ്യൽ സ്റ്റാറ്റസും സാമ്പത്തിക വളർച്ചയും ഉണ്ടാകും എന്ന ഒരു കോമ്മൺ സെൻസിൽ നിന്നാണ് ഏറ്റവും കൂടുതൽ പ്രൊഫെഷണൽ ജോലി സാധ്യതയുള്ള ഡോക്ടർ, എൻജിനീയറിങ് മേഖലയിൽ വലിയ ഡിമാൻഡു കൂടിയത്. ഡിമാന്ഡിന് അനുസരിച്ചുള്ള സപ്ലൈ കൊടുക്കുവാൻ സർക്കാർ സ്ഥാപങ്ങൾക്കു കപ്പാസിറ്റി ഇല്ലായിരുന്നു.
അങ്ങനെയാണ് പ്രൊഫെഷണൽ വിദ്യാഭ്യാസത്തിനു 1980കൾ മുതൽ പുതിയ ഒരു മാർക്കറ്റ് ഉണ്ടാകുകയും. അങ്ങനെയുള്ള മാർകെറ്റിൽ ഇൻവെസ്റ്റ്‌ ചെയ്യുവാൻ പുതിയ വിദ്യാഭ്യാസ സംരംഭകർ ഉണ്ടാകുകയും ചെയ്തത്. 1990 കൾ തൊട്ടു വൻ തോതിൽ ഐ ടി ഇൻഡസ്ടറി വളർന്നത് കൊണ്ടു ഒരുപാട് തൊഴിലവസരങ്ങൾ എൻജിനീയർമാർക്കും. ആരോഗ്യ മേഖലയിൽ വൻ സ്വകാര്യ സംരഭങ്ങൾ ലോകത്ത്‌ വളരാൻ തുടങ്ങിയതോടു കൂടി പഠിച്ചവർക്കെല്ലാം ജോലി കിട്ടി. അങ്ങനെയാണ് കഴിഞ്ഞ കുറെ വർഷങ്ങളായി ബെല്ലും ബ്രെക്കും ഇല്ലാത്ത കൂണു പോലെ സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസ ബിസിനസ് വളർന്നു തുടങ്ങിയത്.

സ്വാശ്രയ വിദ്യഭ്യാസ മനസ്ഥിതികൾ
ഇന്ത്യയിൽ സാമ്പത്തിക വളർച്ച തുടങ്ങിയത് 1980 കൾ മുതലാണ്. ഇവിടെ ഒരു പുതിയ അസ്പയറിങ് മധ്യ വർഗ്ഗം ഇതിനോടൊപ്പമാണ് വളർന്നത്. ഇവരിൽ പലരും അടിസ്ഥാന പൊതു വിദ്യാഭ്യാസവും മറ്റ് സെമി സ്‌കിൽഡോ, സ്‌കിൽഡ് സാങ്കേതിക ട്രെയിനിങ്ങിൽ ജോലികിട്ടി സാമ്പത്തിക ഭദ്രതയിലേക്ക് എത്തിയവരാണ്. സാമാന്യം സാമ്പത്തിക ഭദ്രതയുള്ള കർഷകരും പ്രൊഫെഷനൽ വിദ്യാഭ്യാസത്തിന്റെ സാമ്പത്തിക മിച്ചങ്ങൾ തിരിച്ചറിഞ്ഞു. ഉന്നത വിദ്യാഭ്യാസത്തിനും പ്രൊഫെഷണൽ വിദ്യാഭ്യാസത്തിനും വലിയ ആവശ്യം എൺപതുകൾ മുതൽ കൂടി. ആവശ്യക്കാർ കൂടി പക്ഷെ സീറ്റുകൾ കൂടിയില്ല.
ബഹുഭൂരിപക്ഷവും പാവപെട്ടവരും സാധാരണക്കാരും കർഷകകരും വിദ്യഭാസത്തിനു അവസരങ്ങൾ ഇല്ലാതിരുന്ന കാലത്തു ഏറ്റവും വലിയ സ്റ്റാറ്റസ് സിംബലായിരുന്നു ഉന്നത വിദ്യാഭ്യാസവും സർക്കാർ ജോലിയും. അന്നൊക്കെ പോസ്റ്റ്‌ഗ്രാഡുവേഷനൊ പ്രൊഫഷണൽ ഡിഗ്രിയോ ഉള്ളവർക്ക് ഉടനെ ജോലി കിട്ടുമായിരുന്നു. അങ്ങനെ 1970 കളിൽ പോലും ഉന്നത വിദ്യാഭ്യാസത്തിനും പ്രൊഫഷണൽ വിദ്യാഭ്യാസത്തിനും അവസരങ്ങൾ കുറവായിരുന്നു. അവിടെയൊക്കെ പോയി പഠിക്കുവാൻ സാമ്പത്തിക സ്ഥിതി മിക്കവർക്കും ഇല്ലായിരുന്നു എന്നതാണ് സത്യം. സാധാരണ കർഷകർക്ക്‌ ഭൂമി വിറ്റ് ഉന്നത വിദ്യാഭാസം നടത്തുവാൻ ബുദ്ധിമുട്ടായിരുന്നു.അതു കൊണ്ടു തന്നെ പഠിത്തത്തിൽ മിടുക്കനായിരുന്ന എന്റെ അച്ഛൻ ആഗ്രഹമുണ്ടായിട്ടും 1940 കളിൽ വസ്തു വിറ്റ് അതിനു പോകാൻ തയ്യാറായില്ല. അത്‌പോലെ 1960 കളിൽ എന്റെ അച്ഛന്റെ അനുജനായിരുന്നു നാട്ടിലെ ആദ്യത്തെ എം എസ് സി ക്കാരൻ എന്നത് ഒരു ഫാമിലി സ്റ്റാറ്റസ് സിമ്പലായിരുന്നു. പ്രൊഫഷണൽ വിദ്യാഭ്യാസം എങ്ങനെ ഫാമിലി സ്റ്റാറ്റസും സാമ്പത്തിക സ്ഥിതിയും മാറ്റുമെന്ന് നേരിട്ട് കണ്ടറിഞ്ഞതാണ് ഞാൻ.
എന്റെ ഏറ്റവും അടുത്ത കസിൻസ് എൻട്രെൻസ് കടമ്പക്ക് മുന്നേ വൻ മാർക്ക് വാങ്ങി ഒരാൾ ഡോക്ടറും വേറെ രണ്ടു പേർ എൻജിനീയർമാരുമായി. ഫുഡ് ഇൻസ്‌പെക്ടർ ആയിരുന്ന എന്റെ അമ്മാച്ചന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മകനെ ഡോക്ടറാക്കുക എന്നത്. അങ്ങനെ എഴുപതുകളിൽ ആണ് എന്റെ കസിന് മെഡിസിന് മെറിറ്റിൽ ആലപ്പുഴ മെഡിക്കൽ കോളേജിൽ സീറ്റ് കിട്ടിയത്. അതു ഞങ്ങളുടെ നാട്ടിൽ ഒരു സംഭവമായിരുന്നു. അങ്ങനെ ഞങ്ങളുടെ വീട് (ഞാൻ അന്ന് അമ്മ വീട്ടിലാണ് വളർന്നത് )ഡോക്ടറുടെ വീട് എന്നറിയപ്പെട്ടു തുടങ്ങി. വീട്ടിൽ തന്നെ വലിയ മാർക്ക് വാങ്ങി രണ്ടു പേർ എഞ്ചിനിയർമാരായെങ്കിലും രണ്ടുപേരും ആ പണിയല്ല ചെയ്തത് എന്ന് ഞാൻ ശ്രദ്ധിച്ചു.
പക്ഷെ എൺപത്കളിൽ വിദ്യാഭ്യാസത്തിന് അവസരങ്ങൾ കൂടുതലുണ്ടായി. അതിനു പണം ചിലവാക്കാൻ ഉദ്യോഗസ്ഥരായവർക്കും നാണ്യ വിള കർഷകകർക്കും മടിയില്ലാതെയായി. അതിൽ തന്നെ പ്രൊഫഷണൽ വിദ്യാഭ്യാസം പുതിയ സാമൂഹിക -സാമ്പത്തിക സ്റ്റാറ്റസ് സിംബലായി. അങ്ങനെ ആ പത്തുകൊല്ലത്തിൽ എന്റെ വീട്ടിൽ തന്നെ ഡോക്ടർമാരും എൻജിനീയർമാരു കൂടി. പ്രീ ഡിഗ്രി കഴിഞ്ഞപ്പോൾ പ്രൊഫഷണൽ കോളേജിൽ ചേരുവാൻ എനിക്കും വീട്ടുകാരിൽ നിന്നും വിശാല വീട്ടുകാരിൽ നിന്നും നിർബന്ധമുണ്ടായി. ഞാൻ എഞ്ചിനീയറോ ഡോക്ടറോ ആകാൻ വിസമ്മതിച്ച ഒരാളാണ്. അത്‌ കൊണ്ടു കോച്ചിങ് ക്ലാസിനു പോകുകയോ ടെസ്റ്റ്‌ എഴുതുകയോ ഉണ്ടായില്ല. ഫുൾ താന്തോന്നിയായ ബെല്ലും ബ്രേക്കും ഒന്നുമില്ലാത്ത പോക്കിൽ ഉത്ഘണ്ട മൂത്ത പലരും ക്യാപിറ്റേഷൻ ഫീസ് കൊടുത്തു ബാഗ്ലൂരിൽ വിടാൻ നിർബന്ധിച്ചങ്കിലും ഞാൻ വഴങ്ങിയില്ല. കാരണം അന്നൊക്കെ എക്സ്ട്രാ കരിക്കുലർ കൂടുതലും കരിക്കുലർ സൈഡ് ബിസിനസും മാത്രമായിരുന്നു. അന്നും ഇന്നും താന്തോന്നി ആയതിനാൽ അടിച്ചേലെ പോയില്ലെങ്കിൽ പോയേലേ അടിക്കുക എന്ന നയമായിരുന്നു അച്ഛന്റേത് എന്ന് ഇപ്പോൾ നന്ദി പൂർവ്വമോർക്കുന്നു.
ചുരുക്കത്തിൽ പ്രൊഫഷണൽ വിദ്യാഭാസം ഒരു ഫാമിലി സ്റ്റാറ്റസ് സിംബലായതോട് കൂടി അത്രയും വിദ്യാഭ്യാസത്തിന് അവസരങ്ങൾ കിട്ടാതിരുന്ന മാതാപിതാക്കളുടെ പ്രധാന സ്വപ്നങ്ങളിൽ ഒന്ന് അവരുടെ മക്കൾക്ക്‌ ഡോക്ടറോ എൻജിനീയറോ ആക്കുക എന്നതായി. കേരളത്തിൽ 1980 കളുടെ അവസാനത്തോടെ ഗൾഫ് ബൂം ഉണ്ടായി. അതോടു കൂടി ഒരുപാട് പേരുടെ കൈയ്യിൽ പൈസ ഇഷ്ട്ടംപോലെ വന്നു തുടങ്ങി. അതെ സമയം തന്നെ ഐടി മേഖലയിലും സ്വകാര്യ ആരോഗ്യമേഖലയിലും ഇന്ത്യയിലും ലോകത്തും വൻ കുതിച്ചു ചാട്ടമുണ്ടായി. 1990 കളിൽ എൻജിനീയർമാർക്ക് ഐടി മേഖലയിലും, ഡോക്ടർ, നേഴ്‌സ്, തുടങ്ങിയ ഹെൽത്ത് പ്രൊഫഷണൽസിനും ലേബർ മാർകെറ്റിൽ വലിയ ഡിമാൻഡ് ഉണ്ടായിരുന്നു. അങ്ങനെയാണ് 1990 കളിൽ പ്രൊഫഷണൽ വിദ്യാഭ്യാസം ഒരു ഇൻവെസ്റ്റ്‌മെന്റ് ഓപ്പർച്യൂണിറ്റി ആയി പുതിയ അസ്പയറിങ് മധ്യവർഗ്ഗം കണ്ടു തുടങ്ങിയത്. ഇരുപതോ മുപ്പതോ ലക്ഷം മുടക്കിയാലും ഒരു നല്ല ഫോറിൻ ജോലി തരപെട്ടാൽ രണ്ടു മൂന്നു കൊല്ലം കൊണ്ടു മുടക്കു മുതൽ പിടിക്കാം എന്ന അവസ്ഥ വന്നു.
അങ്ങനെ 1990കളിലെ നിയോ ലിബറൽ മാർക്കറ്റ് ലോജിക്ക് ഉണ്ടാക്കിയ റിട്ടേൺ ഓൺ ഇൻവെസ്റ്റ്‌മെന്റ് ഒരു കോമൺസെൻസായി മാറി. അങ്ങനെ വിദ്യാഭ്യാസവും കല്യാണവും കുട്ടികളും എല്ലാം റിട്ടേൺ ഓൺ ഇൻവെസ്റ്റ്‌മെൻറ്റ് എന്ന ഒരു കോമൺസെൻസിലേക്ക് മാറി. പ്രൊഫഷണൽ വിദ്യാഭ്യാസത്തിനു അഭൂതപൂർവമായ ഡിമാൻഡ് കഴിഞ്ഞ ഇരുപത് കൊല്ലങ്ങളിൽ കൂടിയതോട് കൂടിയാണ് എഡ്യൂക്കേഷൻ സെക്റ്റർ ഒരു പുതിയ ഇൻവെസ്റ്റ്മെന്റ് ഒപ്പച്ചയൂണിറ്റിയായി സംരംഭകർ കണ്ടു തുടങ്ങിയതും എഡ്യൂക്കേഷൻ പുതിയ നിയോലിബറൽ സർവീസ് ഇൻഡസ്ട്രിയുടെ ഭാഗമായത് അതു പോലെ തന്നെ ആരോഗ്യ പരിപാലനവും വളരെ അധികം സ്വകാര്യവൽക്കരിക്കപ്പെട്ടു ഹെൽത്ത് ഇൻഷുറൻസ് കമ്പിനികൾ ഉൾപ്പെട്ട ഹെൽത്ത്‌ കെയർ സർവീസ് ഇൻഡസ്ട്രിയായി. ഇതിന്റെ രണ്ടിന്റെയും ബൈ പ്രൊഡറ്റുകളാണ് ഇന്നത്തെ സെല്ഫ് ഫിനാൻസ് വിദ്യാഭ്യാസ സംരംഭങ്ങൾ
ഈ സാഹചര്യത്തിലാണ് സ്വാശ്രയ കോളേജികൾ ഇൻവെസ്റ്റ്‌മെന്റും റിട്ടേണും പ്രതീക്ഷിക്കുന്ന ബിസിനസായി പരണമിച്ചത്. അതു ഇപ്പോഴത്തെ നമ്മുടെ സമൂഹത്തിന്റെ പരിച്ഛേദമാണ്. എന്ത് വിധേനയും എന്ത്‌ വില കൊടുത്തും സ്വന്തം കാര്യം സാധിച്ചെടുക്കുക എന്ന മനസ്ഥിതി നമ്മുടെ സമൂഹത്തിലും രാഷ്ട്രീയത്തിലും സജീവമായി. മുമ്പിൽകൂടിയോ പിന്നിൽ കൂടിയോ നമ്മുടെ കാര്യം സാധിക്കുക എന്ന സ്ഥിതി വന്നപ്പോൾ അല്പ സ്വല്പം ഒക്കെ കറപ്‌ഷനു കൂട്ട്പിടിക്കാൻ പലർക്കും മടിയില്ലാതയായി. കോംപ്രമൈസ് ഒരു കോമ്മൺസെൻസായി മാറുമ്പോഴാണ് കാശു കൈക്കൂലി കൊടുത്തു അഡ്മിഷൻ വാങ്ങുന്ന കുടുംബങ്ങളും അതു വാങ്ങി പെട്ടന്ന് ബ്രേക്ക്‌ ഇവൻ ആകാൻ വെമ്പുന്ന സ്വാശ്രയ വിദ്യാഭ്യാസ ബിസിനസ്കാരും അതിനു ഒത്താശ ചെയ്യുന്ന രാഷ്ട്രീയ നേതാക്കളും നമ്മുടെ സമൂഹത്തിന്റെ തന്നെ പരിച്ഛേദമാകുന്നത്.
ഈ കഴിഞ്ഞ ഇരുപത് കൊല്ലങ്ങൾക്കുള്ളിൽ വളർന്നു പന്തലിച്ച സ്വകാര്യ സ്വാശ്രയ വിദ്യാഭ്യാസ ബിസിനസ് മോഡൽ 1980 കൾക്ക് മുമ്പുള്ള വിദ്യാഭ്യാസ സംസ്കാരത്തിൽ നിന്നും വളരെ വ്യത്യാസതമാണ്. അന്ന് സ്വകാര്യ വിദ്യാഭ്യാസ സംരംഭങ്ങൾ ഉൾപ്പെടെയുള്ളത് ഒരു സാമൂഹിക സാംസകാരിക കമ്മ്യുണിറ്റി സംരംഭങ്ങളും ഒരു സാമൂഹിക പ്രവർത്തനവുമായൊരുന്നു. ലാഭേച്ഛ ആയിരുന്നില്ലേ പ്രധാന മോട്ടിവേഷൻ. ഇന്ന് വിദ്യാഭാസം ഒരു മാർക്കറ്റ് ലോജിക്കിൽ ലാബെശ്ചമാത്രം മോട്ടിവേഷൻ ഉള്ള ബിസിനസ് സംരംഭങ്ങളാണ്.
എന്റെ ഒരു അനുഭവം കൂടി പറഞ്ഞു നിർത്താം. ചില വർഷങ്ങൾക്കു മുമ്പ്‌ കേരളത്തിലേ ഒരു മെഡിക്കൽ കോളേജ് വിൽപ്പനക്കുണ്ടായിരുന്നു. അതു വാങ്ങാൻ താല്പര്യമുള്ളവർ എന്നെയും കൂടെ കൂട്ടി. ആ ചർച്ച വളരെ രസകരമായിരുന്നു. അതിന്റെ മുതൽ മുടക്കിയത് കാഷ്യൂ ബിസിനസ് (ഞങ്ങൾ അണ്ടി ആപ്പീസ് എന്ന് പറയും )മുതലാളിമാരായിരുന്നു. അവർ റിയൽ എസ്റ്റേറ്റ് ആണ് ആദ്യം സംസാരിച്ചത്. പിന്നെ അംഗീകാരം കിട്ടാൻ മുടക്കിയ കൈക്കൂലി കാശ്. ഇപ്പോൾ ബ്രേക്ക്‌ ഇവൻ ആയില്ല. ലോൺ മുപ്പതു കൊടി. ആദ്യം കുറെ ബ്ലാക്ക് ഇറക്കി പിടിച്ചു നിന്നു. കാശിൽ പകുതി വിദേശത്ത് കൊടുക്കണം. അവിടെയുള്ള കോഴ്സുകളെ ക്കുറിച്ചും അതിന്റെ വില നില വാരത്തെകുറിച്ച് സീ ഇ ഒ പറയും എന്ന് പറഞ്ഞു. ചുരുക്കത്തിൽ ഈ രംഗത്ത് പണം മുടക്കുന്ന അബ്‌ഗാരി, റിയൽ എസ്റ്റേറ്റ് മുതലാളിമാർക്കോ കച്ചവടകാർക്കോ ക്വാറി മുതലാളിമാർക്കോ.
വിദ്യാഭ്യാസത്തെക്കുറിച്ചു യാതൊരു ധാരണയും ഇല്ല. വേറെ ഒരു സ്വാശ്രയ ബിസിനെസ്സ് സംരംഭകൻ അവരുടെ ഡയരക്ടർ ബോഡിൽ അംഗം ആകേണമെന്നു ആവശ്യപ്പെട്ടു. അതു എനിക്ക് പറ്റിയ പണിയല്ല എന്ന് പറഞ്ഞു തലയൂരി.


സ്വാശ്രയ വിദ്യാഭ്യാസ വിചാരങ്ങൾ.
നാട് ഓടുമ്പോൾ നടുവേ ഓടുന്നവരാണ് സമൂഹത്തിലെ ബഹു ഭൂരിപക്ഷം മനുഷ്യരും. വിവിധ കാലത്ത്‌ അതാതു സമയത്തു രുപപ്പെടുന്ന ഒരു കോമൺസെൻസ് ഉണ്ട്. അതിൽ നിന്ന് വഴിമാറി നടക്കുവാൻ പലർക്കും കഴിയാറില്ല. അതാതു കാലത്തു ചില പ്രത്യേക തൊഴിലുകൾക്ക് വലിയ മാന്യത സമൂഹം കല്പ്പിച്ചു കൊടുക്കും. അതിനു പിന്നിൽ പ്രവർത്തിക്കുന്ന ഒരു സാമൂഹിക യുക്തിയാണ് അതിനാധാരം. ഉദാഹരണത്തിന് ഒരു മതാഷ്ട്ടിത സമൂഹത്തിൽ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന തൊഴിലാണ് പുരോഹിതരുടേത്. അവർ പറയുന്നത് വേദ വാക്യങ്ങൾ ആയിരുന്നു. രാജാക്കൻമാർക്ക് ബുദ്ധി ഉപദേശിച്ചു കൊടുക്കുന്നതും സമൂഹത്തിലെ വിചാര-ആചാര വ്യവസ്ഥിതിയുടെ നടത്തിപ്പുകാരും പുരോഹിത തൊഴിലായിരുന്നു. രാജഭരണം വ്യാപകമായതോടു കൂടി കൊട്ടാരങ്ങളിലെ തൊഴിലിനും സൈന്യത്തിലെ നേതൃത്വ പദവിക്കുമായി മാന്യത. ജന്മിത്ത വ്യവസ്തിയിൽ മണ്ണിനും പെണ്ണിനും മേളിൽ അധികാരം ഉറപ്പിക്കുന്ന ജന്മി മാടമ്പികൾക്കായി മാന്യത.
അതുപോലെ ഇന്നത്തെ പണാധിപത്യ സമൂഹത്തിൽ ഏറ്റവും പണമുള്ളവർക്കായി മാന്യത. അതു അവർ അടയാളപെടുത്തുന്നത് ഉപഭോഗ സാമൂഹിക ക്രമത്തിലൂടെയാണ്. വീടും, കാറും, തുണിയും, കണ്ണടയ്യും, വിദ്യഭ്യാസ സ്ഥാപനവും, മക്കളുടെ ഡിഗ്രിയും, കല്യാണ ബന്ധങ്ങളും പോകുന്ന ആശുപത്രിയും ഒക്കെ 'നിലയുടെയും ' 'വിലയുടെയും ' ചിഹ്നങ്ങളായി. രാഷ്ട്രീയത്തിലും സാമ്പത്തികത്തിലും സമൂഹത്തിലും എല്ലാം ഇൻവെസ്റ്റ്‌മെന്റ് എന്ന ധാരണയും റിട്ടേൺ ഓൺ ഇൻവെസ്റ്റ്‌മെന്റ് സാധാരണ യുക്തിയുമായി. അതു വിദ്യാഭ്യാസം, ജോലി, വിവാഹം എന്നിവയിൽ സാധാരണ യുക്തിയായി. ഇന്ന് ഒരാൾ ഒരാളെ വിവാഹം ആലോചിക്കുന്നതിനു മുന്നേ 'പേ പാക്കേജ് ' ആണ് മധ്യ വർഗ്ഗത്തിൽ ഉള്ള ഒരാൾ ആദ്യം തിരക്കുന്നത്.
അങ്ങനെ പ്രൊഫഷണൽ വിദ്യാഭ്യാസവും വിദ്യാഭ്യാസം പൊതുവെയും ഒരു സാമൂഹിക ശ്രേണിയെ അടയാളപെടുത്തുന്ന ഉപഭോഗ വസ്തുവായി മാറി. അങ്ങനെയുള്ള മാർകെറ്റിൽ ഒരുപാട് പേര് റിട്ടേൺ ഓൺ ഇൻവെസ്റ്റ്‌മെന്റ് ലക്ഷ്യമാക്കിയിറങ്ങി.
ഏതാണ്ട് പതിനഞ്ചു ഇരുപത് കോല്ലങ്ങളിൽ കൂണു പോലെ വിദ്യാഭ്യാസ ബിസിനസ് എല്ലാംയിടത്തും തഴച്ചു. അതു കാരണം ഭരണ പക്ഷ രാഷ്ട്രീയക്കാർക്ക് ചിലവിനുള്ള പൈസയും കൈവന്നു. എണ്ണവും വണ്ണവും കൂടിയപ്പോൾ ഗുണമേന്മ കുറഞ്ഞു. മാർക്കെറ്റിൽ ആവശ്യം ഉള്ളതിനേക്കാൾ കൂടുതൽ സപ്പ്ളെ കൂടിയപ്പോൾ വില കുറഞ്ഞു. ക്വണ്ടിറ്റി കൂടി ക്വളിറ്റി കുറഞ്ഞു.
ഈ പ്രതിസന്ധി ഏറ്റവും കൂടുതൽ നേരിടുന്നത് എൻജിനീയറിങ് കോളേജുകളാണ്. പഠിപ്പിക്കാൻ അനുഭവ പരിചയവും മികവും ഉള്ള അധ്യാപകരെ കിട്ടാൻ ഉള്ള പ്രയാസം. ഗസ്റ്റ് ലെക്ച്ചർമാരെ വച്ച് ഗുണമേന്മ ഉള്ള കോളേജ് നടത്തികൊണ്ട് പോകാൻ ഉള്ള വിഷമം. ആ വിഷയത്തിൽ ഒരു ആപ്റ്റിട്യുടും ഇല്ലാത്ത കുട്ടികളെ പഠിപ്പിക്കുന്ന പ്രയാസം. പഠനത്തിൽ ത്രെഷോൾഡ് ലെവൽ കപ്പാസിറ്റി ഇല്ലാത്ത കുട്ടുളികളെ കാശു കൊടുത്തു തള്ളി കയറ്റി പരാജയപെടുത്തുന്നത്തിന്റെ പ്രശ്നം. ചേരുന്നതിൽ ഒരു ചെറിയ ശതമാനമാണ് സപ്പ്ളി ഇല്ലാതെ ആദ്യ തവണ പരീക്ഷ എന്ന കടമ്പ കടക്കുന്നത്. ഇപ്പോൾ നാട്ടിൽ ബി ടെക് കാരെ തട്ടിട്ട് നടക്കാൻ വയ്യാതെ ആയതു മുതൽ ബി ടെക് ഇന്ന് ഒരു സാദാ ഡിഗ്രി മാത്രമായി ചുരുങ്ങി.
ചുരുങ്ങിയ ചില ഗുണമേന്മയുള്ള സ്വകാര്യ എൻജീനീയറിംഗ് കോളേജിൽ മാത്രമാണ് ജോബ് പ്ലേസ്മെന്റ് ഉള്ളത്. അങ്ങനെയുള്ള മിക്കവാറും കോളേജ്കൾ നടത്തുന്നത് വിദ്യാഭ്യാസ രംഗത്ത് ഒരുപാട് ദശകങ്ങളായി ഡൊമൈൻ നോളേജ് ഉള്ള മാനേജ്‌മെന്റുകളാണ്. ഉദാഹരണം രാജഗിരി. അത്‌ പോലെ വേറെ ചിലത്.
ഇന്ന് തൊഴിൽ രഹിതരായ ലക്ഷക്കണക്കിന് ബി ടെക് കാർ കൂട്ടിയതോട് കൂടി ക്യാപ്പിറ്റേഷൻ ഫീസ് കൊടുത്തു പഠിക്കാൻ താല്പര്യമുള്ളവർ കുറഞ്ഞു. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും, കേരളത്തിലും അടക്കം നൂറു കണക്കിന് എൻജിനീയറിങ് കോളേജുകൾ പൂട്ടി ആ റിയൽ എസ്റ്റേറ്റ് മറ്റ് ബിസിനസുകൾക്കു ഉപയോഗിക്കുന്ന ഒരു സ്ഥിതിയിലാണ് കാര്യങ്ങൾ.
പല സ്വാശ്രയ മെഡിക്കൽ കോളേജ്കൾക്കും വലിയ ആശുപത്രികൾ ഇല്ലാത്തതിനാൽ ഒരു ഡോക്റ്റർക്ക് അത്യാവശ്യം വേണ്ട ക്ലിനിക്കൽ എക്സ്പീരിയൻസ് കമ്മി. അവിടെയും അനുഭവം പരിചയവും മികവും ഉള്ള അധ്യാപകരെ കിട്ടുവാൻ പ്രയാസം. കാശ് കൊടുത്തു കയറുന്നവരിൽ ആപ്റ്റിട്യൂട് ഉള്ള ചിലർ നന്നായി വന്നേന്നിരിക്കും. പക്ഷെ ഒരു കൊടി മുടക്കി ഇന്ന് വെറും ഒരു എം ബി ബി എസ് ഡോക്ടർക്കു പഴയതു പോലെ മാർകെറ്റില്ല. പോസ്റ്റ്‌ ഗ്രാഡുവേഷനും കിളിനിക്കൽ എക്സ്പീരിയൻസും സൂപ്പർ സ്‌പെഷിലൈസേഷനും എല്ലാംകൂടി കഴിഞ്ഞു ഒരു മികച്ച പ്രാക്ടീസിങ് ഡോക്ടരാകേണമെങ്കിൽ കുറഞ്ഞെത് പത്തു കൊല്ലമെടുക്കും. ഇപ്പോൾ സ്വാശ്രയ മെഡിക്കൽ കോളേജിൽ മെറിറ്റിൽ പഠിച്ചു വരുന്ന ചിലർ മാത്രമായിരിക്കും ഈ കടമ്പകൾ കടക്കുന്നത്. എം ബി ബി എസ് കഴിഞ്ഞിട്ടു ഇന്ന് പ്രാക്റ്റീസ് ചെയ്യാത്തവരുടെ എണ്ണവും കൂടി വരുന്നു. ഒരു പരിധി വരെ പലരും അവരുടെ ആപ്റ്റിട്യൂട് തിരിച്ചറിയുന്നത് വിദ്യാഭ്യാസത്തിനു ശേഷമായിരിക്കും.
ബാംഗ്ലൂർ നാഷണൽ ലോ സ്കൂളിൽ എം പി പി (Masters in Public policy )ക്കു പഠിക്കുന്ന എന്റെ മകന്റെ ക്ലാസ്സിലെ ഭൂരിപക്ഷം പേരും ബി ടെക്, എം ബി ബി എസ് എന്നിവ ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങളിൽ നിന്ന് കഴിഞ്ഞവരാണ്. അവർ പലരും മാതാ പിതാക്കളുടെ നിർബന്ധം കൊണ്ട് കോഴ്‌സുകൾ പൂർത്തിയാക്കി വഴി തിരഞ്ഞെവരാണ്. പലരും എം ബി എ കഴിഞ്ഞു ഹെൽത്ത്‌ ഇൻഷുറൻസ് കമ്പിനികളിൽ ജോലി ചെയ്യുന്നു.
പ്രശ്നം സ്വകാര്യ സെല്ഫ് ഫിനാൻസ് പ്രൊഫഷണൽ കോളെജിന്റ്ത് മാത്രമല്ല. പ്രശ്നം നമ്മുടെ സമൂഹത്തിൽ വിദ്യാഭ്യാസത്തിനോടും തൊഴിലിനോടും ഉള്ള സമീപനങ്ങൾ കൂടിയാണ്. കുട്ടികളുടെ അഭിരുചികൾ മനസ്സിലാക്കാതെ സാമൂഹ്യ ശ്രേണിയിൽ നിലയും വിലയും ഉണ്ടാകും എന്ന മിഥ്യാ ധാരണ കൊണ്ട് കുട്ടികളെ ഏത് വിധേനയും ഡോക്ടർ ആക്കുക എന്ന സമീപനമാണ് പ്രശ്നം. പ്രധാന പ്രശ്നം വിദ്യാഭ്യാസം പണാധിപത്യ സമൂഹത്തിൽ എന്ത് വില കൊടുത്തു വാങ്ങുന്ന ഒരു ഉപഭോഗ വസ്തുവാണ് എന്ന് കൂടുതൽ ആളുകൾ കരുതുമ്പോഴാണ് . അങ്ങനെയുള്ള സമീപനത്തെ അറിഞ്ഞോ അറിയാതെയോ പണാധിപത്യ രാഷ്‌ടീയം പിന്താങ്ങുമ്പോഴാണ്
ജെ എസ് അടൂർ


No comments: